കേരളത്തില്‍ വീടില്ലാത്ത 1,748 അവിവാഹിതരായ അമ്മമാര്‍
കൊണ്ടോട്ടി: സംസ്ഥാനത്ത് വീടില്ലാത്ത 1748 അവിവാഹിതരായ അമ്മമാരും 47,800 വിധവകളുമുണ്ടെന്ന് കുടുംബശ്രീയുടെ പഠന റിപ്പോര്‍ട്ട്. ലൈഫ് മിഷന്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന്റെ ഭാഗമായി നടത്തിയ സര്‍വേയിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്.
മാനസിക വളര്‍ച്ച കുറഞ്ഞവര്‍, അഗതികള്‍, അംഗപരിമിതര്‍, ഭിന്നലിംഗക്കാര്‍, അപകടങ്ങളില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍, വിധവകള്‍, അവിവാഹിതരായ അമ്മമാര്‍ എന്നീ വിഭാഗങ്ങളിലായി 1,03,495 പേര്‍ക്ക് സ്വന്തമായി വീടില്ല.
വീടില്ലാത്ത അവിവാഹിതരായ അമ്മമാര്‍ കൂടുതലുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 323 പേരാണ് ഇവിടെയുള്ളത്. വയനാട് ജില്ലയിലാണ് വീടില്ലാത്ത അവിവാഹിതരായ അമ്മമാര്‍ ഏറ്റവും കുറവുള്ളത് (27). മറ്റു ജില്ലകളിലെ കണക്ക്: പാലക്കാട് (197), തൃശൂര്‍ (195), കൊല്ലം (174), എറണാകുളം (136), മലപ്പുറം (142), ആലപ്പുഴ (119), കോഴിക്കോട് (123), ഇടുക്കി (81), കോട്ടയം (83), കാസര്‍കോട് (64), കണ്ണൂര്‍ (55).
വീടില്ലാത്ത വിധവകള്‍ കൂടുതലുള്ളതും തിരുവനന്തപുരത്താണ് (10,297). പത്തനംതിട്ടയില്‍ 790 പേര്‍ മാത്രമാണുള്ളത്. മറ്റു ജില്ലകളിലെ കണക്ക്: കൊല്ലം (5977), തൃശൂര്‍ (4504), പാലക്കാട് (4465), എറണാകുളം(4198), മലപ്പുറം (3200), ആലപ്പുഴ (2753), കോഴിക്കോട് (3069), ഇടുക്കി (2269), കോട്ടയം(1895), കാസര്‍കോട് (1725), കണ്ണൂര്‍ (1666), വയനാട് (992).
ഭിന്നലിംഗക്കാരായ എട്ടുപേരാണ് ഗുണഭോക്താക്കളുടെ പട്ടികയിലുള്ളത്. ഇവരില്‍ രണ്ടുപേര്‍ വീതം തിരുവനന്തപുരം, തൃശൂര്‍ ജില്ലക്കാരാണ്. മറ്റുള്ളവര്‍ എറണാകുളം, കോട്ടയം, കാസര്‍കോട്, കണ്ണൂര്‍ ജില്ലക്കാരാണ്. അന്ധരും മാനസിക വളര്‍ച്ച കുറഞ്ഞവരുമായ 15,974 പേരാണ് പട്ടികയിലുള്ളത്. അഗതികളായ 5427 പേരും അംഗവൈകല്യമുള്ള 11,116 പേരും ഗുണഭോക്താക്കളുടെ പട്ടികയിലുണ്ട്. ഗുരുതര രോഗമുള്ളവരും അപകടത്തിലുംപ്പെട്ട് ചികിത്സയില്‍ കഴിയുന്നവരുമായി 9364 പേരും വീടിന് അര്‍ഹത നേടിയവരുടെ പട്ടികയിലുണ്ടെന്ന് കുടുംബശ്രീയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."