കോണ്‍ഗ്രസ് ബന്ധം: കോടിയേരിയെ കാനം ഭയപ്പെടുന്നെന്ന് ഹസന്‍
തിരുവനന്തപുരം: ബി.ജെ.പി ഉയര്‍ത്തുന്ന വര്‍ഗീയ വെല്ലുവിളികളെ ചെറുത്തുതോല്‍പ്പിക്കാന്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസടക്കമുള്ള മതേതര ജനാധിപത്യകക്ഷികളുടെ വിശാലസഖ്യം ഉണ്ടാവണമെന്ന സി.പി.ഐ ദേശീയ നിര്‍വാഹകസമിതിയുടെ കരടുപ്രമേയത്തെക്കുറിച്ച് പറയുമ്പോള്‍ കോടിയേരി ബാലകൃഷ്ണന്റെ കണ്ണുരുട്ടല്‍ കണ്ട് കാനം രാജേന്ദ്രന്‍ ഭയപ്പെടുന്നതുപോലെ തോന്നുന്നതായി കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍.
പ്രമേയത്തിന് അംഗീകാരം നല്‍കിയത് തലയ്ക്ക് സ്ഥിരതയുള്ള നേതാക്കളാണെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് കേരളത്തില്‍ വന്ന് ഇതേക്കുറിച്ച് പ്രതികരിക്കുമ്പോള്‍ സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന കാനത്തിന്റെ ദയനീയരൂപമാണ് കാണുന്നത്. കേരളത്തില്‍ സി.പി.ഐയുമായി കൂട്ടുകൂടിയ സി.പി.എമ്മുകാര്‍ക്ക് ഇപ്പോള്‍ ഭ്രാന്ത് വന്ന അവസ്ഥയാണ്. ബി.ജെ.പി ഉയര്‍ത്തുന്ന വര്‍ഗീയ ഫാസിസ്റ്റ് ഭീഷണിയെ ചെറുക്കാനാണ് മതേതര ജനാധിപത്യകക്ഷികളുടെ സഹകരണം കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. കേരളത്തില്‍ സഖ്യമുണ്ടാക്കാന്‍ ഒരു പാര്‍ട്ടിയുടെയും പിന്നാലെ കോണ്‍ഗ്രസ് നടക്കുന്നില്ല. ദേശീയതലത്തില്‍ ഉണ്ടാകേണ്ട മതതര മുന്നേറ്റത്തെക്കുറിച്ച് പറയുമ്പോള്‍ തലയ്ക്കു സ്ഥിരതയുള്ള ആരെങ്കിലും ആനക്കാര്യത്തിനിടയ്ക്ക് ചേനക്കാര്യം പറയുംമ്പോലെ കേരളത്തില്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നതിനെക്കുറിച്ച് പറയുമോ എന്നും ഹസന്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."