ബാങ്ക് ദേശസാല്കരണം ഇന്ദിരാഗാന്ധിയുടെ നാടകമായിരുന്നുവെന്ന് മോദി
സൂറത്ത്: രാജ്യത്ത് ബാങ്ക് ദേശസാല്കരണം ഇന്ദിരാ ഗാന്ധിയുടെ നാടകമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ സൂറത്തില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിയായ മൊറാര്‍ജി ദേശായിയെ ധനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടുന്നതിനുവേണ്ടിയുള്ള നാടകമായിരുന്നു ബാങ്ക് ദേശസാല്ക്കരണമെന്നും അദ്ദേഹം ആരോപിച്ചു.
സര്‍ക്കാരിന്റെ മുഖം രക്ഷിക്കുകയെന്നതുമാത്രമായിരുന്നു ഇന്ദിരാഗാന്ധിയുടെ ലക്ഷ്യം. അതിനുവേണ്ടി പാവപ്പെട്ടവര്ക്കുവേണ്ടിയെന്ന് വ്യക്തമാക്കിയാണ് ദേശസാല്കരണം നടത്തിയത്. എന്നാല്‍ ബാങ്കുകളൊന്നും പാവങ്ങള്‍ക്ക് മുന്നില്‍ തുറന്നില്ല. 2014ല്‍ തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് ബാങ്കുകള്‍ പാവങ്ങള്‍ക്ക് മുന്പില് തുറന്നത്. ജന്‍ധന്‍ യോജന പദ്ധതിയിലൂടെ എല്ലാവര്‍ക്ക് മുന്‍പിലും ബാങ്കുകള്‍ തുറന്നുവെന്നത് ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമാണെന്നും മോദി പറഞ്ഞു.
സമൂഹത്തില്‍ ജാതി അടിസ്ഥാനത്തില്‍ വേര്‍തിരിവുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അല്‍പേഷ് താക്കൂര്‍, ഹാര്‍ദിക് പട്ടേല്‍, ജിഗ്്നേഷ് മേവാനി തുടങ്ങിയവരെ കൂട്ടുപിടിച്ചാണ് കോണ്‍ഗ്രസ് സമൂഹത്തില്‍ ധ്രുവീകരണമുണ്ടാക്കുന്നത്.
കഴിഞ്ഞ 25 വര്‍ഷമായി ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാനുള്ള നീക്കമാണ് ജാതിക്കൂട്ടുകെട്ടിലൂടെ കോണ്‍ഗ്രസ് നടത്തുന്നത്. ജാതീയതയെ കൂട്ടുപിടിച്ച് അധികാരത്തിലേറിയാല്‍ ഗുജറാത്തില്‍ നിങ്ങളുണ്ടാക്കുന്ന പാപത്തിന് വലിയ വിലനല്‍കേണ്ടിവരുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."