സഊദിയില്‍ ജ്വല്ലറികളിലെ സ്വദേശിവത്കരണം ഞായറാഴ്ച മുതല്‍; പിടിവീണാല്‍ ഇരുപതിനായിരം റിയാല്‍ വരെ പിഴ
ജിദ്ദ: സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി സഊദിയില്‍ ഞായറാഴ്ച മുതല്‍ സ്വര്‍ണക്കടകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം പ്രബല്യത്തില്‍വരും.
അതേ സമയം വിദേശിയെ ജോലിക്ക് നിര്‍ത്തിയാല്‍ ഇരുപതിനായിരം റിയാല്‍ പിഴ ചുമത്തുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. വിദേശികളുടെ എണ്ണത്തിനനുസരിച്ച് പിഴ സംഖ്യയും ഇരട്ടടിക്കുമെന്നും തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.
ഞായറാഴ്ച മുതല്‍ ജ്വല്ലറികളില്‍ ശക്തമായ പരിശോധന ഉണ്ടായിരിക്കുമെന്നും ഈ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.
നിയമലംഘനം നടത്തിയ ജ്വല്ലറിയുടമയാണ് പിഴ അടയ്‌ക്കേണ്ടത്. ജ്വല്ലറികളിലെ സ്വദേശീവല്‍ക്കരണം ഉറപ്പുവരുത്താന്‍ ഗോള്‍ഡ് മാര്‍ക്കറ്റുകളിലും ഷോപ്പിംഗ് മാളുകളിലും സ്ഥിരം പരിശോധകരെ നിയമിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ജ്വല്ലറികളില്‍ സമ്പൂര്‍ണ സ്വദേശീവല്‍ക്കരണം പ്രാബല്യത്തില്‍ വരുന്നതോടെ നൂറുക്കണക്കിനു ജ്വല്ലറികള്‍ അടച്ചു പൂട്ടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.
മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും. വില്‍പനയ്ക്ക് പുറമേ ജ്വല്ലറിയുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലും സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം കൊണ്ടു വരാനാണ് നീക്കം.
ജ്വല്ലറി സഊദിവല്‍ക്കരണം വര്‍ഷങ്ങള്‍ക്കു മുമ്പ് തീരുമാനിച്ചതാണെങ്കിലും പല കാരണങ്ങളാല്‍ നടപ്പിലായിരുന്നില്ല. രണ്ടു മാസത്തിനുള്ളില്‍ പദ്ധതി പ്രാബല്യത്തില്‍ വരുമെന്നും ഇതിനകം വിദേശികളെ ഒഴിവാക്കണമെന്നും ഇക്കഴിഞ്ഞ ഒക്ടോബര്‍ ആദ്യത്തിലാണ് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചത്. ഈ സമയപരിധി ശനിയാഴ്ച അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."