പാവങ്ങളുടെ വിശപ്പറിഞ്ഞ സാത്വികന്‍
കേരളീയര്‍ക്ക് വെറുമൊരു രാഷ്ട്രീയനേതാവായിരുന്നില്ല ഇ. ചന്ദ്രശേഖരന്‍നായര്‍. കേരളം കണ്ടു പരിചയിച്ച മറ്റു നേതാക്കളില്‍നിന്ന് എല്ലാ തരത്തിലും വ്യത്യസ്തനായിരുന്നു അദ്ദേഹം. നിലപാടുകളിലെ കാര്‍ക്കശ്യവും വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തോടുള്ള അടിയുറച്ച കൂറും തുല്യതയില്ലാത്ത സാത്വികതയും സൗമ്യതയും പാണ്ഡിത്യവുമൊക്കെ ഒരേസമയം കാത്തുസൂക്ഷിച്ചു ഇ. ചന്ദ്രശേഖരന്‍നായര്‍. അധാര്‍മികത നടമാടുന്ന പുതിയ രാഷ്ട്രീയകാലത്ത് അതുപോലൊരു നേതാവിനെ ഇനി കണ്ടെത്താനാകണമെന്നില്ല.
രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക്, പ്രത്യേകിച്ച് ഇടതുപക്ഷ രാഷ്ട്രീയ പശ്ചത്താലമുള്ളവര്‍ക്ക് മര്‍ദനവും ജയില്‍വാസവും വെടിയുണ്ടകളും തൂക്കുമരവുമൊക്കെയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ലാത്ത സ്വാതന്ത്ര്യസമരകാലത്താണ് ചന്ദ്രശേഖരന്‍നായര്‍ രാഷ്ട്രീയത്തിലെത്തുന്നത്. അണ്ണാമല സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കെ വിദ്യാര്‍ഥി ഫെഡറേഷനിലൂടെയായിരുന്നു തുടക്കം.
തുടര്‍ന്ന്, കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും അതിന്റെ തുടര്‍ച്ചയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുമെത്തി. ഒളിവുജീവിതവും ജയില്‍വാസവുമൊക്കെ ആ രാഷ്ട്രീയജീവിതത്തിന്റെ ഭാഗമായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായപ്പോള്‍ മാതൃസംഘടനയായ സി.പി.ഐയില്‍ ഉറച്ചുനിന്നു.
ത്യാഗപൂര്‍ണമായ രാഷ്ട്രീയജീവിതത്തില്‍ അടുത്തറിഞ്ഞ ദരിദ്രജനവിഭാഗങ്ങളുടെ വിശപ്പും ജീവിതദുരിതങ്ങളും പില്‍ക്കാലത്ത് ശ്രീമൂലം അസംബ്ലി മുതല്‍ തുടങ്ങിയ നിയമസഭാംഗത്വകാലത്തും മന്ത്രിപദവിയുടെ കാലത്തുമെല്ലാം ചന്ദ്രശേഖരന്‍നായരുടെ പ്രവര്‍ത്തനങ്ങളില്‍ അഗാധമായ സ്വാധീനം ചെലുത്തി. സംസ്ഥാനത്തെ നിസ്വജനതയുടെ ക്ഷേമത്തിനായി സര്‍ക്കാര്‍തലത്തില്‍ സ്വീകരിച്ച സുപ്രധാന നടപടികളില്‍ അദ്ദേഹം വഹിച്ച വലിയ പങ്ക് അതു സാക്ഷ്യപ്പെടുത്തുന്നുണ്ട്.
1957 ലെ ഒന്നാം നിയമസഭയിലും 1967ലെ മൂന്നാംനിയമസഭയിലും ഭൂപരിഷ്‌കരണ ബില്ലിന്റെ സെലക്ട് കമ്മിറ്റി അംഗമെന്ന നിലയില്‍ ഭൂപരിഷ്‌കരണ നടപടികളില്‍ അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു. സംസ്ഥാനത്തു ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ വലിയ കുതിച്ചുചാട്ടമുണ്ടാക്കിയതും രാജ്യത്തിനു മാതൃകയായതുമായ പൊതുവിതരണസംവിധാനത്തിന്റെ ശില്‍പ്പികളില്‍ പ്രമുഖനാണദ്ദേഹം.
1980ല്‍ അധികാരമേറ്റ ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ ചന്ദ്രശേഖരന്‍നായര്‍ ഭക്ഷ്യ- പൊതുവിതരണ മന്ത്രിയായിരിക്കെയാണു മാവേലിസ്റ്റോറിനും ഓണച്ചന്തകള്‍ക്കും തുടക്കംകുറിച്ചത്. ചന്ദ്രശേഖരന്‍നായരുടെ കഠിനപ്രയത്‌നം അതിനു പിന്നിലുണ്ടായിരുന്നു. ദരിദ്രജനതയ്ക്ക് ഏറെ ആശ്വാസംപകര്‍ന്ന ഈ സ്ഥാപനങ്ങള്‍ വ്യാപാരമേഖലയിലെ കൊള്ളലാഭക്കാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും കനത്ത ആഘാതമാണ് ഏല്‍പിച്ചത്.
ഇതിനെതിരേ വ്യാപാരിസമൂഹത്തില്‍ ഒരു വിഭാഗം വലിയ പ്രതിഷേധവും കടുത്ത സമ്മര്‍ദവുമായി രംഗത്തുവന്നെങ്കിലും കുലുങ്ങിയില്ല. എല്ലാ എതിര്‍പ്പുകളെയും സാത്വികമായ പുഞ്ചിരിയോടെ നേരിട്ടു. ദരിദ്രരുടെ വിശപ്പകറ്റാന്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടു സ്വീകരിച്ച അദ്ദേഹത്തെ അന്നു കേരളജനത വിളിച്ചിരുന്നതു 'മാവേലി മന്ത്രി' എന്നായിരുന്നു.
1987ല്‍ മാവേലി റേഷന്‍ കടകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പെട്രോള്‍ ബങ്കുകള്‍, മൊബൈല്‍ മാവേലി സ്റ്റോറുകള്‍, പാചകവാതക വിതരണകേന്ദ്രങ്ങള്‍, റേഷന്‍ മൊത്തവിതരണ കേന്ദ്രങ്ങള്‍, മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ തുടങ്ങിയവയിലൂടെ സിവില്‍സപ്ലൈസ് കോര്‍പറേഷന്റെ പ്രവര്‍ത്തനം അദ്ദേഹം വ്യാപിപ്പിച്ചു. സ്വന്തം ഉല്‍പന്നങ്ങള്‍ പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ സപ്ലൈകോ ശബരി തേയില വിപണിയിലിറക്കുന്നതിനു മുന്‍കൈയെടുത്തു.
അവിടെയും അവസാനിക്കുന്നില്ല മന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മികവ്. 1996ല്‍ ക്ഷീരകര്‍ഷകര്‍ക്കു ക്ഷേമനിധി ആരംഭിച്ചു. വിനോദസഞ്ചാര വികസനമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തില്‍ കേരളം ഏറെ മുന്നിലെത്തിയതു ചന്ദ്രശേഖരന്‍നായര്‍ ടൂറിസം വകുപ്പു കൈകാര്യം ചെയ്ത കാലത്താണ്. കേരള ടൂറിസം മാര്‍ട്ടിനു തുടക്കം കുറിച്ചു. കേരളത്തെ ഇക്കോടൂറിസം കേന്ദ്രമാക്കിയതും ഇക്കോടൂറിസത്തിനു പ്രത്യേക ഡയറക്ടറേറ്റ് രൂപീകരിച്ചതും അക്കാലത്താണ്.
കാലിക്കറ്റ് സര്‍വകലാശാലാ ബില്ലിന്റെ സെലക്ട് കമ്മിറ്റി അംഗമെന്ന നിലയില്‍ സര്‍വകലാശാലയുടെ രൂപീകരണത്തിലും പ്രധാന പങ്കു വഹിച്ചു. അന്നത്തെ വിദ്യാഭ്യാസമന്ത്രി സി.എച്ച് മുഹമ്മദ് കോയ പ്രത്യേകതാല്‍പ്പര്യമെടുത്താണ് ഈ ചുമതല അദ്ദേഹത്തെ ഏല്‍പ്പിച്ചത്.
സി.എച്ചിന്റെ അഭാവത്തില്‍ കമ്മിറ്റിയോഗങ്ങളില്‍ അധ്യക്ഷത വഹിക്കാനുള്ള ചുമതല അദ്ദേഹത്തിനായിരുന്നു. 1980ല്‍ നിയമസഭയുടെ വിഷയനിര്‍ണയ സമിതികള്‍ രൂപീകരിക്കുന്നതു സംബന്ധിച്ച അഡ്‌ഹോക് കമ്മിറ്റിയുടെ ചെയര്‍മാനുമായിരുന്നു. നാലു പതിറ്റാണ്ടുകാലത്തോളം സഹകരണ മേഖലയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം സഹകരണ ബാങ്കിങ് രംഗത്തു ശ്രദ്ധേയമായ പല നേട്ടങ്ങള്‍ക്കും നേതൃത്വം നല്‍കി.
നിയമസഭാംഗവും മന്ത്രിയുമെന്ന നിലയിലുള്ള ദീര്‍ഘകാലത്തെ തിരക്കിനിടയിലും വായനയ്ക്കും എഴുത്തിനും ഏറെ പ്രാധാന്യം നല്‍കി. അദ്ദേഹം രചിച്ച 'കേരള വികസന മാതൃക: പ്രതിസന്ധിയും പരിഹാരമാര്‍ഗങ്ങളും', 'ഹിന്ദുമതം ഹിന്ദുത്വം', 'ചിതറിയ ഓര്‍മകള്‍', 'മറക്കാത്ത ഓര്‍മകള്‍' എന്നീ പുസ്തകങ്ങളില്‍ പാണ്ഡിത്യവും ദാര്‍ശനിക മികവും പ്രതിഫലിച്ചു കാണാം. ഇതില്‍ 'ഹിന്ദുമതം ഹിന്ദുത്വം' എന്ന ഗ്രന്ഥത്തിനു കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ജനാധിപത്യവ്യവസ്ഥ പൊതുപ്രവര്‍ത്തകരില്‍നിന്ന് ആവശ്യപ്പെടുന്ന കറകളഞ്ഞ വിനയമടക്കം അനിതരസാധാരണമായ ഒട്ടേറെ ഗുണങ്ങള്‍ ഒത്തുചേര്‍ന്ന രാഷ്ട്രീയനേതാവാണു വിടപറഞ്ഞത്, നന്മയുടെ രാഷ്ട്രീയം ആഗ്രഹിക്കുന്നവരെയെല്ലാം ദുഃഖത്തിലാഴ്ത്തിക്കൊണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."