വ്യക്തിനിയമങ്ങള്‍ പരിശോധിക്കാന്‍ നിയമ കമ്മിഷന്‍ തീരുമാനം
ന്യൂഡല്‍ഹി: മുത്വലാഖ് നിരോധിച്ചുള്ള ബില്ല് പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതിനിടെ എല്ലാ മതങ്ങളിലേയും വ്യക്തിനിയമങ്ങള്‍ പരിശോധിക്കാന്‍ ദേശീയ നിയമ കമ്മിഷന്‍ തീരുമാനം. ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നത് എത്രമാത്രം പ്രായോഗികമാണെന്ന് പഠിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്. ഇതിനു ശേഷം വിവിധമതങ്ങളിലെ വ്യക്തിനിയമം ഭേദഗതിചെയ്യുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കുമെന്ന് കമ്മിഷന്‍ അറിയിച്ചു. ഓഗസ്റ്റില്‍ സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് മുത്വലാഖ് അസാധുവായി പ്രഖ്യാപിച്ചതിനു ശേഷം ഏകസിവില്‍കോഡ് നടപ്പാക്കുന്നതു സംബന്ധിച്ച നടപടികളും വിഷയങ്ങളും കമ്മിഷന്‍ പഠിച്ചുവരികയാണ്.
നിലവില്‍ ഇന്ത്യയിലെ ക്രിമിനല്‍ നിയമം ഏറെക്കുറേ ഏകീകൃതമാണെങ്കിലും വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ സിവില്‍ നിയമങ്ങള്‍ ഓരോ മതത്തിനും വ്യത്യസ്തമാണ്. ഇവയെല്ലാം ഒന്നാക്കുന്നതിന്റെ പ്രായോഗികതയാണ് കമ്മിഷന്‍ പരിശോധിക്കുന്നത്. വിവിധ മത, ജാതി വിഭാഗങ്ങളില്‍ അവരുടെ സംസ്‌കാരത്തിന്റെ ഭാഗമായുള്ള വ്യത്യസ്ത ആചാരങ്ങളും രീതികളുമാണ് നിലനില്‍ക്കുന്നതെന്നിരിക്കെ ഇവയെല്ലാം ഒന്നിച്ച് ഒറ്റസിവില്‍നിയമമാക്കുന്നത് വലിയവെല്ലുവിളിയാണെന്ന് കമ്മിഷന്‍ പറയുന്നു.
ഇന്ത്യയിലെ മറ്റുഭാഗങ്ങളില്‍ നിന്നു വ്യത്യസ്തമായി വിവിധ ആചാരങ്ങളും പരമ്പരാഗത രീതികളും നിലനില്‍ക്കുന്ന വടക്കുകിഴക്കന്‍ മേഖലകളില്‍ ഏകസിവില്‍ കോഡും ലിംഗ നീതിയും നടപ്പാക്കുക പ്രയാസമുള്ള കാര്യമാണ്. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഏകസിവില്‍കോഡിനെതിരേ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കൊപ്പം വടക്കുകിഴക്കന്‍ മേഖലയിലെ ആദിവാസി സംഘടനകളും എതിര്‍ക്കുന്നുണ്ട്.
നേരത്തെ, ഏകസിവില്‍കോഡ് സംബന്ധിച്ച ഒരുകൂട്ടം ഹരജികള്‍ സുപ്രിം കോടതി പരിഗണിക്കവെ ആദിവാസി സംഘടനകളും കേസില്‍ കക്ഷിചേര്‍ന്നിരുന്നു. ഹിന്ദുനിയമത്തിനു കീഴില്‍പ്പെടുത്താതെ ആദിവാസികള്‍ക്ക് സ്വന്തമായി അവരുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും അനുസരിച്ചുള്ള നിയമമുണ്ടെന്ന് ആദിവാസി ഏക്താ പരിഷത്ത് കോടതിയെ അറിയിച്ചിരുന്നു. ഹിമാലയന്‍ മേഖലയില്‍ ജീവിക്കുന്ന നാഗ, ഗോണ്‍ഡ്‌സ്, ബൈഗ, ലുഷായി തുടങ്ങിയ വിവിധ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ബഹുഭാര്യത്വം നിലനില്‍ക്കുന്നുണ്ട്. ചില വിഭാഗങ്ങള്‍ക്കിടയില്‍ ബഹുഭര്‍തൃത്വവും നിലനില്‍ക്കുന്നു. ആദിവാസികള്‍ക്കിടയിലെ വിവാച മോചനം ലളിതമായ മറ്റൊരുചടങ്ങാണ്. ഇത്തരം ആചാരങ്ങളും ശീലങ്ങളും ഇല്ലാതാക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് ആദിവാസികളുടെ നിലപാട്.
ഏകസിവില്‍കോഡ് നടപ്പാക്കുമെന്ന് പറഞ്ഞ മോദി സര്‍ക്കാര്‍ അത് നടപ്പാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ കമ്മിഷനു നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിയോഗിച്ച കമ്മിഷന്റെ ആവശ്യപ്രകാരം അവരുടെ വെബ്‌സൈറ്റിലൂടെ 60,000 ഓളം പേര്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."