ജി.ഡി.പി വളര്‍ച്ചാ നിരക്ക്; കേന്ദ്രത്തിന് ഇന്ന് നിര്‍ണായകം
ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ അടിത്തറയിളകുമെന്ന ആശങ്ക നിലനില്‍ക്കെ രാജ്യത്തിന്റെ രണ്ടാംപാദ സാമ്പത്തിക വളര്‍ച്ച നിരക്ക് സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് പുറത്തുവരുമെന്ന് സൂചന.
നോട്ട് നിരോധനവും തുടര്‍ന്ന് നടപ്പാക്കിയ ജി.എസ്.ടിയും ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വളര്‍ച്ചാ നിരക്ക് കുറച്ചിരുന്നു. രണ്ടാം പാദത്തിലും വളര്‍ച്ച കുറഞ്ഞാല്‍ അത് കേന്ദ്ര സര്‍ക്കാരിന് വന്‍തിരിച്ചടിയാകും. ഗുജറാത്തിലും വരാനിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പില്‍ സാമ്പത്തിക വളര്‍ച്ചാ രംഗത്തുണ്ടായ ഇടര്‍ച്ച പ്രതിപക്ഷം ശക്തമായ ആയുധമാക്കുമെന്ന ആശങ്കയിലാണ് കേന്ദ്ര സര്‍ക്കാര്‍.
സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ 5.7 ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ച. എന്നാല്‍ നിലവില്‍ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും 6.2 ശതമാനം വരെ വളര്‍ച്ചാ നിരക്ക് സമ്പദവ്യവസ്ഥ കൈവരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും പ്രതീക്ഷിക്കുന്നത്. നോട്ട് നിരോധനത്തിന്റെ ആഘാതം സമ്പദവ്യവസ്ഥയില്‍ നിന്ന് മാറിയെന്നാണ് ചില സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ആദ്യം ചില പ്രശ്‌നങ്ങളുണ്ടായെങ്കിലും ജി.എസ്.ടി നേര്‍ദിശയില്‍ മുന്നോട്ടുനീങ്ങുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ആശാവഹമായിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.
അതേസമയം ചെറുകിട വ്യവസായ മേഖലകളില്‍ ജി.എസ്.ടി സൃഷ്ടിച്ച പ്രതിസന്ധിക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന സൂറത്തിലെ തുണി വ്യാപാരികളും മോര്‍ബിയിലെ സിറാമിക് ടൈല്‍സ് ഫാക്ടറികളുമെല്ലാം കടുത്ത പ്രതിസന്ധിയിലാണ്.
ലോകത്തെ 52 സാമ്പത്തിക വിദഗ്ധരുമായി നടത്തിയ അഭിപ്രായ സര്‍വെയില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.4 ശതമാനത്തിലേക്ക് ഉയരുമെന്നായിരുന്നു അവര്‍ അഭിപ്രായപ്പെട്ടിരുന്നത്. ജി.ഡി.പി ഉയരുകയാണെങ്കില്‍ അത് സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണം നേരായ വഴിയിലൂടെയാണെന്ന് വ്യക്തമാക്കുന്നതായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."