ജിഗ്നേഷ് മേവാനിയ്ക്കെതിരായ അറസ്റ്റ് വാറണ്ട് പിന്‍വലിച്ചു
അഹമ്മദാബാദ്: ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്കെതിരെ ഗുജറാത്തിലെ മെട്രോപോളിറ്റന്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് പിന്‍വലിച്ചു.
ഈ വര്‍ഷം ജനുവരിയില്‍ രാജധാനി എക്സ്പ്രസ് തടഞ്ഞതുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാകാത്തതിനെത്തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നത്. എന്നാല്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നോമിനേഷന് നല്‍കുന്നതിന്റെ തിരക്ക് മൂലമാണ് കോടതിയില്‍ ഹാജരാകാന്‍ കഴിയാഞ്ഞത് എന്ന് ജിഗ്നേഷിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പിന്‍വലിച്ചത്. വാഡ്ഗന്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് ജിഗ്നേഷ് മത്സരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു മേവാനിയോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ബുധനാഴ്ച്ച മേവാനി കോടതിയില്‍ ഹാജരായിരുന്നു. അതേസമയം, ഡിസംബര്‍ 9 ന് നടക്കുന്ന വാദം കേള്‍ക്കലില്‍ നിന്നും മേവാനിയെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ജനുവരി 11നാണ് റെയില്‍ റുക്കോ ആന്തോളന്‍ സമരപരിപാടിയുടെ ഭാഗമായി രാജധാനി എക്സ്പ്രസ് തടഞ്ഞതിന് ജിഗ്നേഷ് മേവാനിയെയും അനുയായികളേയും പൊലിസ് അറസ്റ്റ് ചെയ്തത്. വൈബ്രന്റ് ഗുജറാത്ത് എന്ന സംസ്ഥാന സര്‍ക്കാരിന്റെ നയത്തിനെതിരെയായിരുന്നു സമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."