ഹര്‍ത്താല്‍ നഷ്ടപരിഹാരം പ്രത്യേക കോടതി അനിവാര്യം
ഹര്‍ത്താല്‍, ബന്ദ്, പണിമുടക്ക് തുടങ്ങിയ സമരങ്ങളാല്‍ നശിപ്പിക്കപ്പെടുന്ന പൊതുമുതലിനും സ്വകാര്യസ്വത്തിനും നഷ്ടപരിഹാരം ഈടാക്കുവാന്‍ എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക കോടതി രൂപീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം നല്‍കിയത് സ്വാഗതാര്‍ഹമാണ്. അന്നന്നത്തെ ആഹാരത്തിനുവേണ്ടി അധ്വാനിക്കുന്ന സാധാരണക്കാരന്റെ അന്നംമുട്ടിക്കുന്ന അതിനിഷ്ഠൂരവും പ്രാകൃതവുമായ സമരമുറയാണ് ഹര്‍ത്താല്‍. ഒരു പൗരന്റെ സഞ്ചരിക്കുവാനും ജോലി ചെയ്യാനുമുള്ള അവകാശത്തെയാണ് ഏതാനും ചില സംഘടനകള്‍ അവരുടെ സംഘടനാ മുഷ്‌ക് കൊണ്ട് തടഞ്ഞുവയ്ക്കുന്നത്.
അത്യാസന്ന നിലയില്‍ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്ന രോഗികളെപ്പോലും തടഞ്ഞുനിര്‍ത്തി അസഭ്യവര്‍ഷം ചൊരിയുന്ന സമരം ഒരു പരിഷ്‌കൃത സമൂഹത്തിന് ഏല്‍പ്പിക്കുന്ന പരിക്ക് മാരകമാണ്. സമരത്തെ എതിര്‍ക്കുന്നവരുടെ ജീവന്‍ പോലും അപഹരിക്കപ്പെടുന്നു. കോടികളുടെ പൊതുമുതലുകളും സ്വകാര്യ മുതലുകളും നശിപ്പിക്കപ്പെടുന്നു. സമരാഹ്വാനം ചെയ്തവരുടെ ആവശ്യങ്ങള്‍ ഏതെങ്കിലുമൊരു ഹര്‍ത്താല്‍ കൊണ്ട് പരിഹരിക്കപ്പെട്ടിട്ടില്ല. എന്നിട്ടും ഒരനുഷ്ഠാനം പോലെ രാഷ്ട്രീയ പാര്‍ട്ടികളും മറ്റു സംഘടനകളും ഈ ജനദ്രോഹ സമരമുറയെ വെടിയുവാന്‍ തയ്യാറായിട്ടില്ല. സമരാഹ്വാനം ചെയ്യുന്ന സംഘടനാ നേതാക്കള്‍ അവരുടെ സഞ്ചാരവും മറ്റ് ആവശ്യങ്ങളും നിര്‍വിഘനം നിര്‍വഹിക്കുകയും ചെയ്യുന്നു.
ബന്ദിന്റെയും ഹര്‍ത്താലിന്റെയും പേരില്‍ സ്വത്തുക്കള്‍ നശിപ്പിക്കുന്ന സംഘടനകള്‍ക്കെതിരെയും രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്കെതിരെയും ക്രിമിനല്‍ നടപടി വേണമെന്ന സുപ്രിംകോടതി നിര്‍ദേശം പ്രധാനമര്‍ഹിക്കുന്നതാണ്. 1984ല്‍ തന്നെ ഇതുസംബന്ധിച്ച ശുപാര്‍ശകള്‍ ജസ്റ്റീസ് കെ.ടി തോമസ് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ നിയമ ഭേദഗതി നടപ്പിലാക്കിയില്ല. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി എടുത്താല്‍ തന്നെ പരമാവധി കിട്ടാവുന്ന ശിക്ഷ അഞ്ചുവര്‍ഷത്തെ തടവാണ്. ഇതൊരിക്കലും നടപ്പാവുന്നുമില്ല.
ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടി അടുത്ത തവണ അധികാരത്തില്‍ വരുമ്പോള്‍ നേരത്തെ അവര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാറാണ് പതിവ്. അതിനാല്‍ തന്നെ പൊതുമുതല്‍ നശിപ്പിക്കുന്നതിനുള്ള ശിക്ഷക്ക് ഒരു രാഷ്ട്രീയപാര്‍ട്ടി നേതാക്കളും ഇതുവരെ വിധേയമായിട്ടില്ല. ഹര്‍ത്താലിന്റെ പേരില്‍ നശിപ്പിക്കപ്പെടുന്ന പൊതുമുതലിന്റെ സംഖ്യക്ക് തുല്യമായിരിക്കണം അറസ്റ്റ് ചെയ്യപ്പെടുന്നവരില്‍ നിന്ന് ഈടാക്കേണ്ട തുകയെന്നും പത്തു വര്‍ഷത്തെ ജയില്‍ ശിക്ഷയും പിഴയും നശിപ്പിക്കപ്പെടുന്ന മുതലിന്റെ വിപണി വില ഈടാക്കുകയും വേണമെന്ന് നേരത്തെ ഇതുസംബന്ധിച്ച് കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് കെ.ടി ശങ്കരനും കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കിയതാണ്.
കരട് ബില്‍ തയ്യാറാക്കി ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും ധാരാളം നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ലഭിച്ചിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ക്കായി അവ പരിശോധിച്ചുവരികയാണെന്നുമാണ് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാരിന് വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായ അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയെ ബോധിപ്പിച്ചത്. വളരെ നേരത്തെ ശുപാര്‍ശകള്‍ കിട്ടിയിട്ടും കേന്ദ്രസര്‍ക്കാര്‍ ഇത് നിയമമാക്കാന്‍ അമാന്തിച്ചത് ഒരിക്കലും ന്യായീകരിക്കാനാവില്ല. ഇപ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു വിശദീകരണത്തിന് തയ്യാറായത് കോശി ജേക്കബ് നല്‍കിയ പൊതു താല്‍പര്യ ഹരജിയെത്തുടര്‍ന്നാണ്. 2009ല്‍ തന്നെ സുപ്രിംകോടതി ഹര്‍ത്താലും ബന്ദും നിയന്ത്രിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നുവെങ്കിലും കേന്ദ്രസര്‍ക്കാര്‍ തുടര്‍ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. ഹര്‍ത്താല്‍ പോലുള്ള സമരങ്ങള്‍ ആക്രമണങ്ങളായി മാറുമ്പോള്‍ അവ പൗരന്റെ ജീവനും സ്വത്തിനും ഭീഷണിയായി മാറുകയാണ്. ഇത് നിയമം മൂലം നിരോധിക്കുക തന്നെ വേണം.
ഹര്‍ത്താലുകള്‍ പതിവായതിനാല്‍ ഹൈക്കോടതികളിലും സുപ്രിംകോടതികളിലും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുക എളുപ്പമല്ല. പ്രത്യേക കോടതികള്‍ രൂപീകരിക്കുമ്പോള്‍ ജനങ്ങളുടെ പരാതികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ കഴിയും. സമരത്തിന്റെ പേരില്‍ സ്വത്തുക്കള്‍ നശിപ്പിക്കുന്നതും ആളുകള്‍ക്ക് ജീവഹാനി വരുത്തുന്നതും തടയുവാന്‍ കഴിയും. സമരങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്ന നേതാക്കള്‍ക്ക് പെട്ടെന്ന് ശിക്ഷ ഉറപ്പാക്കാനും കഴിയും. ഹര്‍ത്താല്‍ നഷ്ടപരിഹാരം ഈടാക്കുവാന്‍ സുപ്രിംകോടതി നിര്‍ദേശം മാനിച്ച് കേന്ദ്രസര്‍ക്കാര്‍ എത്രയും പെട്ടെന്ന് പ്രത്യേക കോടതികള്‍ സ്ഥാപിക്കേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."