ഹാദിയയുടെ വെളിപ്പെടുത്തല്‍: സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് സുന്നി നേതാക്കള്‍
കോഴിക്കോട്: പൊലിസ് സംരക്ഷണത്തില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച തന്നെ ആരും അറിയാതെ നിര്‍ബന്ധിച്ചും പീഡിപ്പിച്ചും ഘര്‍വാപ്പസി നടത്താന്‍ ശിവശക്തി യോഗ കേന്ദ്രത്തിന് അനുമതി നല്‍കിയതായി ഹാദിയ തന്നെ വെളിപ്പെടുത്തിയതിനെ കുറിച്ച് കേരള സര്‍ക്കാര്‍ മറുപടി പറയണമെന്ന് സുന്നി നേതാക്കള്‍. എസ്.വൈ.എസ് ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജന. സെക്രട്ടറി ഉമര്‍ ഫൈസി മുക്കം,ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജന. സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ജംഇയ്യത്തുല്‍ ഖുത്വബാ ജന. സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, എസ്.കെ.എസ്.എസ്.എഫ് ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍ എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. വനിതാ കമ്മിഷന് പോലും വീട്ടിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു.
കൗണ്‍സലിങ്ങിനെന്ന പേരില്‍ ശിവശക്തി യോഗ സെന്ററില്‍നിന്ന് നിരന്തരം വീട്ടിലെത്തിയവരാണ് സനാതന ധര്‍മസംഘത്തിലേക്ക് മടങ്ങാന്‍ പീഡിപ്പിച്ചത് എന്നാണ് ഹാദിയ വെളിപ്പെടുത്തിയത്. 24 മണിക്കൂറും പൊലിസ് കാവലുള്ള വീട്ടിലേക്ക് ഘര്‍വാപ്പസി സംഘം എത്തിയതെങ്ങനെ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കേരള പൊലിസിലെ സംഘ് സ്വാധീനം പുറത്ത് കൊണ്ട് വരണം. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മൃദുഹിന്ദുത്വ സമീപനമാണ് ഉണ്ടാവുന്നതെന്ന സ്വാമി അഗ്‌നിവേശിന്റെ പ്രസ്താവന മുഖവിലക്കെടുക്കണം.ഹാദിയയെ കേള്‍ക്കാന്‍ സുപ്രിം കോടതി അവരെ വിളിച്ചു വരുത്തിയപ്പോള്‍, അതിന് മുന്‍പ് എന്‍.ഐ.എ റിപ്പോര്‍ട്ടാണ് പരിഗണിക്കേണ്ടതെന്ന സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാടും ദുരൂഹതയുണ്ടാക്കുന്നതാണെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."