ഇ.പി.എഫ് ഓര്‍ഗനൈസേഷന്റെ വിവാദ ഉത്തരവ്: ഹരജികള്‍ സുപ്രിംകോടതിയിലേക്ക് മാറ്റണമെന്ന്
കൊല്ലം: ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന പെന്ഷന് തിരഞ്ഞെടുക്കാന്‍ തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്നുള്ള ഉത്തരവിനെതിരേ ഇ.പി.എഫ് ഓര്ഗനൈസേഷന് സുപ്രിംകോടതിയില്‍ ട്രാന്‍സ്ഫര്‍ പെറ്റീഷന് ഫയല്‍ ചെയ്തതായി എന്‍.കെ പ്രേമചന്ദ്രന് എം.പി അറിയിച്ചു. ഇ.പി.എഫ് ഓര്ഗനൈസേഷന് പുറപ്പെടുവിച്ച വിവാദ ഉത്തരവിനെതിരേ വിവിധ ഹൈക്കോടതികളില്‍ നല്‍കിയിട്ടുള്ള ഹരജികള്‍ സുപ്രിംകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് ട്രാന്‍സ്ഫര്‍ പെറ്റീഷന് ഫയല്‍ ചെയ്തിരിക്കുന്നത്.
വിവിധ ഹൈക്കോടതികളിലെ ഹരജികളില്‍ സുപ്രിംകോടതി ട്രാന്‍സ്ഫര്‍ പെറ്റീഷന് നല്‍കിയതിന്റെ അടിസ്ഥാനത്തിലുള്ള വാദമുഖം ഉയര്‍ത്തി പ്രതിരോധിക്കണമെന്ന ഉത്തരവാണ് മേഖലാ ഇ.പി.എഫ് കമ്മിഷണര്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്. യഥാര്‍ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന പെന്ഷന് അനുവദിക്കുന്നതിനുള്ള സുപ്രിംകോടതി ഉത്തരവ് നടപ്പാക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി പാര്‍ലമെന്റില്‍ നല്കിയ ഉറപ്പ് നീട്ടിക്കൊണ്ട് പോകുന്നതിന് ന്യായീകരണമില്ലെന്ന് എന്‍.കെ പ്രേമചന്ദ്രന് പറഞ്ഞു.
പാര്‍ലമെന്റില്‍ നല്കിയ ഉറപ്പിനും സുപ്രിംകോടതി വിധിക്കും വിരുദ്ധമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് പുറപ്പെടുവിച്ച വിവാദ ഉത്തരവിനെതിരേ രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ നിരവധി ഹരജികള്‍ നിലനില്‍ക്കുകയാണ്. മെയ് 31ലെ ഉത്തരവനുസരിച്ച് രാജ്യത്ത് 90 ശതമാനത്തോളം വരുന്ന സ്ഥാപനങ്ങളെ സുപ്രിംകോടതി ഉത്തരവിന്റെ ആനുകൂല്യത്തില്‍നിന്നു ഒഴിവാക്കിയ നടപടിയാണ് വിവിധ കോടതികളില്‍ ചോദ്യം ചെയ്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."