നാദാപുരത്ത് വന്‍ സുരക്ഷ; കലക്ടര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി
നാദാപുരം: മേഖലയില്‍ പൊലിസ് സുരക്ഷ ശക്തമാക്കി. പൊലിസ് കാവലിലും മേഖലയില്‍ നാല്‍പ്പതിലേറെ വീടുകള്‍ ആക്രമിക്കപ്പെട്ട സാഹചര്യത്തിലാണു സുരക്ഷ വര്‍ധിപ്പിച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഇന്നലെ കലക്ടര്‍ എന്‍. പ്രശാന്ത് സ്ഥലം സന്ദര്‍ശിച്ചു. കൊല്ലപ്പെട്ട അസ്‌ലമിന്റെ കുടുംബത്തെയും ആക്രമണത്തിനിരയായ വീടുകളും അദ്ദേഹം സന്ദര്‍ശിച്ചു.
നാളെ റവന്യു ഉദ്യോഗസ്ഥരെത്തി നഷ്ടങ്ങളുടെ കണക്കെടുക്കുമെന്ന് കലക്ടര്‍ പറഞ്ഞു. പ്രദേശത്ത് 30ഓളം ചെക്ക്‌പോസ്റ്റുകളും 24 മണിക്കൂറും പട്രോളിങ്ങും ഏര്‍പ്പെടുത്തി. വിവിധ സ്റ്റേഷനുകളില്‍ നിന്നു സ്ഥലംമാറിപ്പോയ മുഴുവന്‍ ഉദ്യോഗസ്ഥരെയും അവധിയില്‍ പോയവരെയും തിരികെവിളിച്ചിട്ടുണ്ട്. രണ്ട് എസ്.പിമാര്‍, മൂന്ന് ഡിവൈ.എസ്.പിമാര്‍, പത്തോളം എസ്.ഐമാര്‍ അടക്കം 600ഓളം പൊലിസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്.
കോഴിക്കോട് ജില്ലയ്ക്കു പുറമേ വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള പൊലിസ് സംഘത്തെയാണു മേഖലയില്‍ നിയോഗിച്ചത്. കഴിഞ്ഞ ദിവസം നിരവധി സി.പി.എം-കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ വ്യാപകമായി അക്രമം നടന്ന പശ്ചാത്തലത്തിലാണു സുരക്ഷ ശക്തമാക്കിയത്.
അതേസമയം, ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നാദാപുരം, വെള്ളൂര്‍, കുമ്മങ്കോട് എന്നിവിടങ്ങളില്‍ വ്യാപകമായ തോതില്‍ പൊലിസിനുനേരെ അക്രമമുണ്ടായി. സംഭവത്തില്‍ പൊലിസ് വാഹനങ്ങള്‍ തകര്‍ന്നു. സംഘര്‍ഷം തുടങ്ങിയതോടെ മേഖലയില്‍ നിന്നു കുടുംബങ്ങള്‍ ഒഴിഞ്ഞുപോകാന്‍ തുടങ്ങിയിട്ടുണ്ട്. അക്രമം കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ പൊലിസ് കരുതലോടെയാണു നീങ്ങുന്നത്. ആക്രമണം നടന്ന വെള്ളൂര്‍, തൂണേരി, നാദാപുരം എന്നിവിടങ്ങളില്‍ എ.എസ്.പി കറുപ്പസ്വാമിയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തി.
ആര്‍.ഡി.ഒ ജനില്‍കുമാര്‍, തഹസില്‍ദാര്‍ പി.കെ സതീഷ്‌കുമാര്‍ എന്നിവരും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ മുന്‍ മന്ത്രി കെ.പി മോഹനന്‍, ഡി.സി.സി പ്രസിഡന്റ് കെ.സി അബു, കെ.പി.സി.സി സെക്രട്ടറി കെ. പ്രവീണ്‍കുമാര്‍, ബി.ജെ.പി മേഖലാ പ്രസിഡന്റ് എം.പി രാജന്‍, മണ്ഡലം പ്രസിഡന്റ് അഡ്വ. കെ. ലതീഷ്‌കുമാര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."