കേന്ദ്രമുന്നറിയിപ്പുകള്‍ സംസ്ഥാനം അവഗണിച്ചു; 'ഓഖി'യില്‍ ഇതുവരെ പൊലിഞ്ഞത് ഏഴു ജീവനുകള്‍
തിരുവനന്തപുരം: ശക്തമായ കാറ്റും കടലാക്രമണവും ഉണ്ടാകുമെന്ന കേന്ദ്ര സമുദ്രവിവര കേന്ദ്രത്തിന്റെ മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചു. അറിയിപ്പ് സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചതാണ് 'ഓഖി' ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിക്കാന്‍ കാരണമായത്.
കേരളത്തിലും ലക്ഷദ്വീപിലും കനത്ത മഴയും കാറ്റുമുണ്ടാകുമെന്നായിരുന്നു കഴിഞ്ഞ ബുധനാഴ്ച കേന്ദ്രം നല്‍കിയ മുന്നറിയിപ്പില്‍ അറിയിച്ചിരുന്നത്. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് ഈ അറിയിപ്പ് അയച്ചുനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ജില്ലാ കലക്ടര്‍മാര്‍ക്കോ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കോ ഈ വിവരം കൈമാറിയിരുന്നില്ല. നവംബര്‍ 29ന് ഉച്ചയ്ക്ക് 2.30ന് മുന്നറിയിപ്പ് സന്ദേശം ഫാക്‌സ് വഴി അയച്ചിരുന്നു. ഈ സന്ദേശം ദുരന്ത നിവാരണ അതോറിറ്റി ഫിഷറീസിനോ പൊലിസിനോ കൈമാറിയിരുന്നില്ല. സര്‍ക്കാരിനോ സേനാവിഭാഗങ്ങള്‍ക്കോ മുന്നറിയിപ്പ് നല്‍കുന്നതില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പരാജയപ്പെട്ടെന്നാണ് ദുരന്തനിവാരണ സംഘത്തിന്റെ ആരോപണം.
അതേസമയം, സംസ്ഥാനത്ത് ഓഖിയുടെ ശക്തി കൂടിയിരിക്കുകയാണ്. ചുഴലിക്കാറ്റ് വീശുന്നത് മണിക്കൂറില്‍ 145 കി.മീറ്റര്‍ വേഗതയില്‍. അതേസമയം മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഓഖിയുടെ താണ്ഡവത്തില്‍ ഇന്ന് പൂന്തുറ സ്വദേശികളായ മണല്‍പ്പുറത്ത് സേവിയര്‍ ലൂയിസ് (57), ക്രിസ്റ്റി സില്‍വദാസന്‍ (51) എന്നിവരാണ് മരിച്ചത്. ഇവരെ അപകടത്തില്‍പ്പെട്ട് രക്ഷപ്പെടുത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ഇതുവരെ ഏഴായി. തിരുവനന്തപുരത്ത് അഞ്ചും കൊല്ലത്തും കാസര്‍കോടും ഓരോരുത്തരുമാണ് മരിച്ചത്. സംസ്ഥാനത്താകെ 56 വീടുകള്‍ പൂര്‍ണമായും 799 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 29 ദുരിതാശ്വാസ ക്യാംപുകള്‍ വിവിധയിടങ്ങളിലായി ആരംഭിച്ചിട്ടുണ്ട്. 491 കുടുംബങ്ങളിലെ 2755 പേരെയാണ് ക്യാംപുകളില്‍ താമസിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം 18, കൊല്ലം അഞ്ച്, ആലപ്പുഴ രണ്ട്, എറണാകുളം മൂന്ന്, തൃശൂര്‍ ഒന്ന് എന്നിങ്ങനെയാണ് ക്യാംപുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."