ലക്ഷദ്വീപ് ഒറ്റപ്പെട്ടു
കൊച്ചി: കനത്ത കാറ്റില്‍ ലക്ഷദ്വീപ് ഒറ്റപ്പെട്ടു. ടെലിഫോണ്‍, ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ തകരാറിലായതോടെ പുറം ലോകവുമായുണ്ടായിരുന്ന ബന്ധം ഏതാണ്ട് പൂര്‍ണമായി നഷ്ടപ്പെട്ട അവസ്ഥയിലാണ്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കപ്പല്‍ സര്‍വിസുകളും വിമാന സര്‍വിസുകളും നിര്‍ത്തിവച്ചു. കല്‍പ്പേനി, മിനിക്കോയി ദ്വീപുകളിലാണ് ഓഖി ചുഴലിക്കാറ്റ് കൂടുതല്‍ ദുരിതം വിതച്ചത്. മിനിക്കോയ് ദ്വീപില്‍ തീരപ്രദേശത്തുനിന്ന് 80 കിലോമീറ്റര്‍ മാറി മണിക്കൂറില്‍ 110മുതല്‍ 120 വരെ കിലോമീറ്റര്‍ വേഗത്തിലായിരുന്നു കാറ്റ് വീശിയത്. ശക്തമായ കാറ്റില്‍ തെങ്ങുകള്‍ കടപുഴകി വീണു. ഇതേത്തുടര്‍ന്ന് നിരവധി വീടുകള്‍ തകര്‍ന്നു. കാറ്റ് ശക്തമായതിനെ തുടര്‍ന്ന് സുരക്ഷയുടെ ഭാഗമായി വൈദ്യുതി വിച്ഛേദിച്ചതുമൂലം ദ്വീപ് ഇരുട്ടിലായി. 130 വര്‍ഷം പഴക്കമുള്ള മിനിക്കോയ് ലൈറ്റ് ഹൗസിന്റെ ജനാലകളും വാതിലുകളും തകര്‍ന്നു. കല്‍പ്പേനിയിലെ ഹെലിപ്പാഡും ബ്രേക്ക് വാട്ടര്‍ വാര്‍ഫും ഭാഗികമായി തകര്‍ന്നു. നിരവധി മത്സ്യബന്ധന ബോട്ടുകള്‍ പൂര്‍ണമായും ചിലത് ഭാഗികമായും തകര്‍ന്നു.
കവരത്തി കടലില്‍ അല്‍നൂര്‍ എന്ന നാടന്‍ ഉരു കടല്‍ക്ഷോഭത്തില്‍പെട്ടു. നാവികസേന ഹെലികോപ്ടര്‍ ഉരുവിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. ചെന്നൈ രജിസ്‌ട്രേഷനിലുള്ള മത്സ്യബന്ധന ബോട്ട് എട്ട് തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികളുമായി അന്ദ്രോത്ത് ദ്വീപില്‍ അഭയം തേടി. ദ്വീപിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കോസ്റ്റ്ഗാര്‍ഡും നേവിയും നാട്ടുകാരും നേതൃത്വം നല്‍കി. എന്നാല്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ നേവിയും കോസ്റ്റ്ഗാര്‍ഡും വിഴ്ച വരുത്തിയെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."