പ്രതിരോധചികിത്സയെ തള്ളിപ്പറയുന്നത് ഇസ്‌ലാമികമല്ല
അബൂ ഹുറൈറ (റ) റിപ്പോര്‍ട്ട് ചെയ്ത തിരുവചനത്തില്‍നിന്നു പ്രതിരോധചികിത്സയെക്കുറിച്ച് ഇങ്ങനെ പറയുന്നു: 'ഒരാള്‍ മാസത്തില്‍ മൂന്നുദിവസം രാവിലെ ഒരു സ്പൂണ്‍ തേന്‍ കഴിച്ചാല്‍ അയാള്‍ക്കു രോഗം വരില്ല.' രോഗം വരുന്നതിനു മുമ്പ് അതിനെതിരേയുള്ള മരുന്നു പ്രയോഗിക്കണമെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു.
ബഹുമാനപ്പെട്ട ഇമാം ഇബ്‌നുല്‍ ഖയ്യിമിന്റെ 'അത്തിബ്ബുന്നബവി'യിലും സാംക്രമികരോഗങ്ങളെ അന്തരീക്ഷവായു മലിനമാകുമ്പോള്‍ ഉണ്ടാകുന്നവ, ശരീരത്തിലെ ദുര്‍മേദസ്സുകളെ പുറംതള്ളുകയോ ഭക്ഷണം കഴിക്കുന്നതിന്റെ അളവുകുറയ്ക്കാതിരിക്കുകയോ ചെയ്യുമ്പോഴുണ്ടാവുന്നവ എന്നിങ്ങനെ രണ്ടായി തരംതിരിക്കുന്നുണ്ട്.
സാംക്രമികരോഗങ്ങളെക്കുറിച്ചു പരാമര്‍ശിക്കുന്നിടത്തു ബഹു. ഇബ്‌നു സീന(റ) വയറ്റിലെ മാലിന്യങ്ങള്‍ പുറന്തള്ളുക, ഭക്ഷണം ചുരുക്കി വിശപ്പു സഹിക്കുക, കുളിമുറി അതിന്റെ ആവശ്യത്തിനുവേണ്ടി മാത്രം ഉപയോഗിക്കുക, ദേഹക്കൂറുകള്‍ അസന്തുലിതാവസ്ഥയിലാവാതെ സൂക്ഷിക്കുക, ആവശ്യത്തിനുവിശ്രമിക്കുക എന്നിങ്ങനെ അഞ്ചുകാര്യങ്ങള്‍ നിര്‍ദേശിക്കുന്നു.
രോഗാവസ്ഥയിലുള്ള പ്രദേശവുമായി സമ്പര്‍ക്കം ഒഴിവാക്കലാണ് ഏറ്റവും പ്രധാനമായ പ്രതിരോധപ്രവര്‍ത്തനം. ബഹുമാനപ്പെട്ട ഉസാമത്ത് ബിന്‍ സൈദ് (റ)വില്‍ നിന്ന് സഅ്ദ് (റ) റിപ്പോര്‍ട്ട് ചെയ്ത നബിവചനത്തില്‍ ഇങ്ങനെ കാണാം:'നിങ്ങള്‍ കോളറയുള്ള സ്ഥലത്തേയ്ക്കു പോകരുത്.' 'വബാഅ് - ത്വാഊന്‍' എന്നിവ മാരക സാംക്രമികരോഗങ്ങളാണ്. 'ഫാഹിശത്ത്' വ്യാപകമാക്കിയ ഒരു സമൂഹത്തെ 'ത്വാഊന്‍' ഇറക്കിയാണ് അല്ലാഹു പരീക്ഷിച്ചത്. ത്വാഊന്‍ പ്ലേഗാണ്. വബാഅ് എന്നാല്‍ പകര്‍ച്ചവ്യാധി. വഴിവിട്ട ജീവിതരീതിക (ഫാഹിശത്ത്)ളാണു പ്ലേഗിനും മറ്റും കാരണമാകുന്നതെന്നു നബിവചനത്തില്‍ നിന്നു മനസ്സിലാക്കാം. മന്‍ഖൂസ് മൗലിദിന് സയ്യിദുനാ ഇബ്‌നു ഹജറുല്‍ ഹൈതമി (റ) എഴുതിയ പ്രാര്‍ഥനയില്‍ വബാഅ് - ത്വാഊന്‍ എന്നിവയില്‍ നിന്നു രക്ഷനേടാനുതകുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രോഗപ്രതിരോധത്തിനു വൈദ്യശാസ്ത്രം കൊണ്ടുപിടിച്ച ശ്രമം നടത്തുന്നുണ്ട്. രോഗപ്രതിരോധപ്രവര്‍ത്തനങ്ങളും കുത്തിവയ്പുകളും നടക്കുമ്പോള്‍ അതിനെതിരേ വിവാദമുണ്ടാക്കുകയും തടയാന്‍ ശ്രമിക്കുകയും ചെയ്യുന്നതു തെറ്റായ കാര്യമാണ്. ലോകത്തു നൂറിലധികം വൈദ്യശാഖകളുണ്ട്. അവയുടെയെല്ലാം ചികിത്സാരീതി ഒരുപോലാവില്ല. ഓരോ വൈദ്യശാസ്ത്രശാഖയുടെയു അടിസ്ഥാനവും വ്യത്യസ്തമാണ്. ഒരേ വിഷയത്തില്‍ ഏകോപിച്ച അഭിപ്രായം പ്രതീക്ഷിക്കരുത്. ഇന്നു രോഗചികിത്സയ്ക്കുവേണ്ടി ഏറ്റവുമധികം ആശ്രയിക്കപ്പെടുന്ന ആധുനിക വൈദ്യശാസ്ത്രം പ്രതിരോധപ്രവര്‍ത്തനങ്ങളെയും കുത്തിവയ്പ്പുകളെയും നന്നായി പിന്തുണക്കുന്നുവെന്നതു വലിയ കാര്യമാണ്. അലോപ്പതി ഒരു കാര്യത്തെ പിന്തുണയ്ക്കുന്നതു യാദൃശ്ചികമായല്ല. എത്രയോ മനുഷ്യരുടെ അധ്വാനത്തിലൂടെ കണ്ടെത്തുന്ന ചികിത്സാരീതി ലക്ഷക്കണക്കിനാളുകളില്‍ പരീക്ഷിച്ചു ഗുണദോഷവിശകലനം നടത്തി മരുന്നിന്റെ ഫലവും പാര്‍ശ്വഫലവും കണ്ടെത്തി അപകടകരമല്ല എന്നു തെളിഞ്ഞാല്‍ മാത്രമാണ് രോഗചികിത്സയ്ക്കായി വിപണിയിലിറക്കുന്നത്. അതിനാല്‍ അതിന്റെ ഗൗരവം കുറച്ചുകാണാനാവില്ല.
വാക്‌സിനേഷന്‍ കണ്ടുപിടിച്ച ജന്നര്‍ തന്റെ കറവപ്പശുവില്‍ നിന്നെടുത്ത വാക്‌സിന്‍ സ്വന്തം മകനില്‍ പരീക്ഷിച്ചാണു പുറത്തിറക്കിയതെന്നു കാണാം. ഇത്തരം പരീക്ഷണങ്ങളും മരുന്നുപയോഗവും നടത്തുന്ന ഘട്ടത്തില്‍ മനസ്സിലാക്കേണ്ട കാര്യം 99.9 ശതമാനം ആളുകളുടെയും ജനറ്റിക് രീതി ഒന്നുതന്നെയാണെന്നതാണ്. 0.1 ശതമാനം പേര്‍ക്കു വ്യത്യാസമുണ്ട്. ഇതു മരുന്നിലും പ്രതിഫലിച്ചേയ്ക്കാം. ലക്ഷം കുട്ടികള്‍ക്കു വാക്‌സിനേഷന്‍ കൊടുക്കുമ്പോള്‍ ഒരു കുട്ടിക്കു റിയാക്ഷനുണ്ടായേക്കാം. ആ ഒരു കുട്ടി എവിടെയാണെന്നു കണ്ടുപിടിച്ച് ഇന്റര്‍വ്യൂ ചെയ്തു കോലാഹലം സൃഷ്ടിക്കുന്നതില്‍ ദുരുദ്ദേശ്യമുണ്ടെന്നു തോന്നുന്നു.
ലോകാരോഗ്യസംഘടന, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരും ചേര്‍ന്നു ലോകത്തെ മനുഷ്യരെയും കുഞ്ഞുങ്ങളെയും വാക്‌സിനേഷനിലൂടെ കൊന്നൊടുക്കുന്നുവെന്നു വിശ്വസിക്കാന്‍ പ്രയാസമുണ്ട്. വാക്‌സിനേഷനുമായി ബന്ധപ്പെട്ടു ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുവെന്നതു ശരിതന്നെ. അമേരിക്കയുടെ 35-ാമത്തെ പ്രസിഡന്റായിരുന്ന ജോണ്‍ എഫ്. കെന്നഡിയുടെ സഹോദരന്‍ റോബര്‍ട്ട് കെന്നഡി ഒരു ലക്ഷം ഡോളര്‍ പ്രഖ്യാപിച്ചുവെന്നു പറഞ്ഞു വലിയ വാര്‍ത്ത വരുന്നു. നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, പോളിയോ രോഗം നിര്‍മാര്‍ജനം ചെയ്യപ്പെട്ടിട്ടു കാലമേറെയായ അമേരിക്കയിലെ സ്ഥിതിവിശേഷം പറയുന്നതില്‍ നാം സന്ദേഹിക്കുകയും ഏറ്റുപിടിക്കുകയും ചെയ്യേണ്ടതില്ല.
മാത്രമല്ല, ഈ മരുന്നിലെ മെര്‍ക്കുറിയെ വിമര്‍ശിക്കുന്ന അദ്ദേഹം അതിന്റെ കുത്തകക്കാരനാണു താനും. നമ്മുടെ രാജ്യം ക്ഷയം, ചിക്കുന്‍ഗുനിയ, ടൈഫോയ്ഡ്, ഡിഫ്തീരിയ, എലിപ്പനി തുടങ്ങി എണ്ണമില്ലാത്ത ബാക്ടീരിയ - വൈറല്‍ രോഗങ്ങള്‍ കാണപ്പെടുന്ന സ്ഥലമാണ്. പ്രതിരോധമാര്‍ഗം സ്വീകരിക്കുകയെന്നതു തിബ്ബുന്നബവിയും ഇസ്‌ലാമിക വൈദ്യവും ദീനുമെല്ലാം അംഗീകരിച്ച കാര്യമാണ്. ഒാരോന്നും ഓരോരീതി സ്വീകരിക്കുന്നുവെന്നു മാത്രം. യൂറോ മെഡിസിന്‍ മുഴുവനായും വേണ്ടെന്നുവയ്ക്കാന്‍ മാത്രം ചില ഘട്ടങ്ങളിലെങ്കിലും മറ്റു വൈദ്യം വളര്‍ന്നിട്ടില്ലെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. ഖുര്‍ആനും ഹദീസും ഓതി വാക്‌സിനേഷന്‍ നടത്തണമെന്നു പറയാനല്ല, മറിച്ച് ഖുര്‍ആനും ഹദീസും ഓതി ഇതിനെ എതിര്‍ക്കേണ്ടതില്ലെന്നു പറയാനാണു ഞാന്‍ ശ്രമിക്കുന്നത്. 2011 നു ശേഷം പോളിയോ രോഗം ഇന്ത്യയില്‍ ഇല്ലെന്നു പറയപ്പെടുന്നു. ഇന്ത്യയില്‍ 70 ശതമാനം പേര്‍ക്കും സ്വാഭാവികപ്രതിരോധശേഷിയുണ്ടെന്നു പഠനം തെളിയിക്കുന്നു. എങ്കില്‍ എന്തിനാണു കോടിക്കണക്കിന് രൂപ ചെലവഴിച്ചു സ്‌കൂളുകളില്‍ പോലും സമ്മര്‍ദ്ദം ചെലുത്തി വാക്‌സിനേഷന്‍ കൊടുക്കുന്നതെന്നാണു ചിലര്‍ ചോദിക്കുന്നത്. അയല്‍രാജ്യത്തുള്ളതിനാല്‍ ഇനിയും ഇവിടെ വന്നേക്കാമെന്നാണു മറുപടി.
ഗര്‍ഭിണികളില്‍ ചെറിയ ശതമാനത്തിനു ഗര്‍ഭാവസ്ഥയില്‍ റൂബെല്ലാ ബാധിച്ചാല്‍ ഗര്‍ഭസ്ഥശിശു വലിയ രോഗത്തിന് അടിമപ്പെടുമെന്നാണു വൈദ്യശാസ്ത്രം പറയുന്നത്. പരിശോധന നടത്തി ആന്റിബോഡി സജീവമാണോ എന്നു നോക്കി സ്വാഭാവിക പ്രതിരോധശേഷിയില്ലെങ്കില്‍ വാക്‌സിന്‍ നല്‍കിയാല്‍ മതിയെന്നു തീരുമാനിക്കാം. അതിനു പകരം ഒറ്റയടിക്കു വിമര്‍ശനം നടത്തുന്നത് പരിഹാരമാവില്ല. മുസ്‌ലിം ഭൂരിപക്ഷപ്രദേശങ്ങളിലാണ് റൂബെല്ലാ വാക്‌സിനേഷനെതിരേ പ്രചാരണം നടക്കുന്നതും വാക്‌സിനേഷന്‍ എടുക്കാതെ പോകുന്നതും. മുസ്‌ലിംസമൂഹം ഇത്തരം മുന്‍കരുതലുകളെടുക്കരുത് എന്നു വിചാരിക്കുന്നവരാണോ ഈ എതിര്‍ പ്രചരണം നടത്തുന്നതെന്നു സംശയിക്കേണ്ടതല്ലേ.
വാക്‌സിനേഷനെതിരേ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരാളുമായി മുന്‍ ആരോഗ്യമന്ത്രി ശ്രീമതി ടീച്ചറും മാതൃഭൂമി ലേഖികയും നടത്തിയ ചര്‍ച്ച ശ്രദ്ധയില്‍പ്പെട്ടു. 'നിങ്ങള്‍ സ്വന്തം നാട്ടില്‍ ഇതൊന്നും പറയാതെ ഇവിടെ മാത്രമെത്തി ഇങ്ങനെ പറയുന്നതിലെ യുക്തിയെന്താണ് ' എന്ന ശ്രീമതി ടീച്ചറുടെയും മാതൃഭൂമി ലേഖികയുടെയും ചോദ്യത്തിനു യുക്തിഭദ്രമായ ഉത്തരം നല്‍കാതെ പ്രഭാഷകന്‍ ഉരുളുകയാണു ചെയ്യുന്നത്. ലോകാരോഗ്യസംഘടനയെയും ലക്ഷക്കണക്കിനു ഡോക്ടര്‍മാരെയും സംശയിക്കുന്നവര്‍ക്ക് ഇയാളെയും സംശയിക്കാമല്ലോ.
റുബെല്ലാ വാക്‌സിന്‍ നേരത്തേ സ്വകാര്യ ആശുപത്രികളില്‍ പണം നല്‍കി ചെയ്തിരുന്നതാണ്. സര്‍ക്കാര്‍ സൗജന്യമായി നല്‍കുമ്പോഴാണ് എതിര്‍പ്പെന്നതും സംശയം ജനിപ്പിക്കുന്നതാണ്. ഒരു കാര്യം ഉറപ്പാണ്. കുട്ടികള്‍ക്കു വാക്‌സിന്‍ എടുക്കണമെന്നു നമ്മോടു പറയുന്ന ഡോക്ടര്‍മാരും മന്ത്രിമാരും എം.എല്‍.എമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അവരുടെ കുട്ടികള്‍ക്ക് ഇതു നല്‍കുന്നുണ്ട്. എങ്കില്‍, നമുക്കും അതു സ്വീകാര്യമാവണം.
മറ്റു കാര്യങ്ങള്‍ക്കു യൂറോ മെഡിസിന്‍ ആശ്രയിക്കാമെങ്കില്‍ ഇക്കാര്യത്തിലും മുന്‍കരുതല്‍ എന്ന നിലയ്ക്കു സ്വീകരിക്കാം. യൂറോ വൈദ്യം 99.9 ശതമാനം ഫലവും 0.1 ശതമാനം ഫലമില്ലായ്മയും പറയുന്നുണ്ടെങ്കില്‍ അതു ഗുണനിലവാരത്തെയാണു കാണിക്കുന്നത്. എതിര്‍പ്രചാരണങ്ങളുടെ ഇരകളാവാതിരിക്കാന്‍ ശ്രദ്ധിക്കുക. തെറ്റിദ്ധാരണകളും ശരിയല്ലാത്ത വിശ്വാസവും പുലര്‍ത്തി അതിനെതിരേ തിരിയേണ്ടതില്ല.
ആരോഗ്യവകുപ്പ് ഇത്തരം സംഭവങ്ങളില്‍ ജനങ്ങളുടെ സംശയങ്ങള്‍ക്കു ശരിയായ മറുപടി നല്‍കേണ്ടതുണ്ട്. അതിനു കഴിയുന്ന വിദ്യാസമ്പന്നരും പരിചയസമ്പന്നരുമായ ഫീല്‍ഡ് വര്‍ക്കര്‍മാരെ നിയോഗിക്കണം. സാധാരണജനങ്ങളെ സംശയാലുക്കളാക്കുന്ന കേട്ടുകേള്‍വികളും നാട്ടിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചറിയണം. വാക്‌സിനേഷന്‍ വഴി ജനസംഖ്യാനിയന്ത്രണം അടിച്ചേല്‍പിക്കുന്നുവെന്നതാണ് അതിലൊന്ന്.
ജനസംഖ്യാ നിയന്ത്രണവും ജനപ്പെരുപ്പവും രണ്ടാണ്. ആരോഗ്യമില്ലാത്ത കുറേ ആളുകളുണ്ടാവുകയെന്നതാണു ജനപ്പെരുപ്പം. ആരോഗ്യമുള്ള ആളുകളെ സൃഷ്ടിച്ചെടുക്കുകയെന്നതാണു വാക്‌സിനേഷന്‍ വഴി നടക്കാന്‍ പോകുന്നത്. അതാണു ജനപ്പെരുപ്പ നിയന്ത്രണം. ആരോഗ്യമുള്ള ജനതയല്ലേ രാഷ്ട്രത്തിന്റെ ആരോഗ്യകരമായ പുരോഗതിക്ക് അനിവാര്യം.
നമുക്കു സംശയിക്കാന്‍ അവകാശമുണ്ട്. അപ്പോള്‍ എല്ലാവരെയും സംശയിക്കണം. ലക്ഷക്കണക്കിനു ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും സംശയിക്കണോ, കേവലം അഞ്ചംഗസംഘത്തെ സംശയിക്കണോ. അതാണ് പ്രശ്‌നം. സത്യത്തിനു കൂടുതല്‍ പേരുണ്ടാകണമെന്നില്ല എന്നതു ശരിയായിരിക്കാം. പക്ഷേ, കൂടുതല്‍ പേരില്ലാത്തതൊക്കെ സത്യമാവണമെന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."