ഓഖി ദേശീയദുരന്തമായി പ്രഖ്യാപിക്കണം: ചെന്നിത്തല
തിരുവനന്തപുരം: തമിഴ്നാട്ടിലെ കന്യാകുമാരി, കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടാക്കിയ ഓഖി ചുഴലിക്കൊടുങ്കാറ്റിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഈ മൂന്നിടങ്ങളിലേയും സ്ഥിതിഗതികള്‍ നേരിടാന്‍ അടിയന്തിര സഹായം അനുവദിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്ത് നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ ഏകോപനമില്ലായ്മ ആ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കിയിരിക്കുകയാണെന്ന് തിരുവനന്തപുരത്തെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷം അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു. മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും തമ്മിലെ അഭിപ്രായഭിന്നത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തെ ബാധിക്കുന്നുണ്ട്.
ഉറ്റവരെ കാണാതായതിനെത്തുടര്‍ന്ന് ആശങ്കയില്‍ കഴിയുന്ന ജനങ്ങളെ വിവരങ്ങള്‍ അറിയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്.
യഥാര്‍ഥ വിവരങ്ങള്‍ അറിയാതെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. രൂക്ഷമായ കടലാക്രമണമാണ് സംസ്ഥാനത്തുടനീളം. തിരുവനന്തപുരത്തിന് പുറമെ ആലപ്പുഴ ജില്ലയിലെ കാട്ടൂര്‍, ഹരിപ്പാട്, ആറാട്ടുപുഴ, നല്ലാണിക്കല്‍, കള്ളിക്കാട്, എറണാകുളത്തെ ചെല്ലാനം, മലബാറിലെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കടലാക്രമണം കാരണം കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഇവിടെയൊക്കെ കടല്‍ഭിത്തിയോ, പുലിമൂട്ടോ നിര്‍മിക്കണം.
കടല്‍ത്തീരത്ത് മാത്രമല്ല സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഇടുക്കി, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം തുടങ്ങിയ ജില്ലകളില്‍ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ഇവയുടെ കണക്കെടുത്ത് നഷ്ടപരിഹാരം നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."