നോട്ട് നിരോധനം പാതിവെന്ത നടപടി: മന്‍മോഹന്‍ സിങ്
സൂറത്ത്: കള്ളപ്പണം തടയാനെന്ന പേരില്‍ നടപ്പാക്കിയ നോട്ട് നിരോധനത്തിനെതിരേ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വിമര്‍ശനവുമായി വീണ്ടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധന നടപടി രാജ്യത്തോട് ചെയ്ത കടുത്ത വഞ്ചനയായിരുന്നുവെന്ന് സൂറത്തില്‍ നടന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം തുറന്നടിച്ചു.
ആരോടും പറയാതെ നടപ്പാക്കിയ നോട്ടുനിരോധനം, കള്ളപ്പണത്തിനെതിരായി നടത്തിയ പാതിവെന്ത നടപടിയെന്നാണ് അദ്ദേഹം പരിഹസിച്ചത്. രാജ്യത്തെ ജനങ്ങളെയെല്ലാം മോദി കള്ളന്മാരാക്കുകയാണ് ചെയ്തത്.
എന്നാല്‍ യഥാര്‍ഥ പ്രതികള്‍ വലക്ക് പുറത്തുപോയെന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ തിരിച്ചറിഞ്ഞില്ല. തെറ്റായി രൂപകല്‍പന ചെയ്തതും തിരക്കുപിടിച്ച് നടപ്പാക്കുകയും ചെയ്തതാണ് ജി.എസ്.ടിയെന്നും അദ്ദേഹം ആരോപിച്ചു.
നോട്ട് നിരോധനവും ജി.എസ്.ടിയും നടപ്പാക്കിയതുവഴി വ്യാപാര-വ്യവസായ മേഖലയില്‍ നികുതി ഭീകരതയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്. രാജ്യത്തെ ജനങ്ങളെ ദേശവിരുദ്ധരും കള്ളന്മാരുമാക്കി മാറ്റുകയാണ് കേന്ദ്രം ചെയ്തത്. ജനാധിപത്യ സംവിധാനത്തില്‍ കടുത്ത തകര്‍ച്ചയാണ് ഉണ്ടാക്കിയത്.
ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ പിന്നോട്ട് നയിക്കാന്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്‌കരണം വഴി സാധ്യമായത്.
ഗുജറാത്തില്‍ നിന്നുള്ള വ്യക്തിയാണ് പ്രധാനമന്ത്രി. എന്നാല്‍ ഗുജറാത്തിലെ വ്യാപാര മേഖലയുടെ അവസ്ഥവരെ മനസിലാക്കാന്‍ അദ്ദേഹത്തിന് കഴിയാതെ പോയെന്നും മന്‍മോഹന്‍ സിങ് ആരോപിച്ചു.
നല്ലദിനമുണ്ടാകുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ രാജ്യത്തെ ജനങ്ങള്‍ വിശ്വസിച്ചു. എന്നാല്‍ ഇപ്പോഴും ആ പ്രഖ്യാപനം സ്വപ്‌നത്തില്‍ മാത്രമായി ഒതുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."