ഇഖാമ കയ്യില്‍ കരുതാതിരുന്നാല്‍ മുവ്വായിരം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് സഊദി ജവാസാത്ത് വിഭാഗം
ജിദ്ദ: താമസരേഖ അഥവാ ഇഖാമ കയ്യില്‍ കരുതാതിരുന്നാല്‍ മുവ്വായിരം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം. ഇത്തരത്തില്‍ പിടിക്കപ്പെടുന്നവരെ തടവില്‍ പാര്‍പ്പിക്കേണ്ടതില്ല. പിഴയടച്ചാല്‍ വിട്ടയക്കും. രാജ്യത്ത് വാ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് ജവാസാത്തിന്റെ വിശദീകരണം.
സഊദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ ഇഖാമ കയ്യില്‍ കരുതാതിരുന്നാല്‍ ആയിരം മുതല്‍ മുവ്വായിരം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ജവാസാത്ത് വ്യക്തമാക്കി. ഇഖാമ കൈവശമില്ലാത്തത് നിയമലംഘനമായാണ് പരിഗണിക്കുക. എങ്കിലും തടവുശിക്ഷ അനുഭവിക്കേണ്ട കുറ്റമായി പരിഗണിക്കുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
കാലാവധിയുള്ള ഇഖാമയുള്ളവര്‍ ഇഖാമ കയ്യില്‍ കരുതിയില്ലെങ്കിലും അവരെ ഇഖാമ, തൊഴില്‍ നിയമലംഘരായല്ല പരിഗണിക്കുന്നത്. ഇതിനാലാണ് തടവുശിക്ഷ നല്‍കാന്‍ വകുപ്പില്ലാത്തതെന്ന് മക്ക മേഖല ജവാസാത്തിലെ ഉസാമ അബൂമില്‍ഹ പറഞ്ഞു.
നിയമലംഘരില്ലാത്ത രാജ്യം എന്ന കാമ്പയിന്റെ ഭാഗമായി രാജ്യത്ത് നടന്നുവരുന്ന വ്യാപകമായ പരിശോധനയുടെ ഭാഗമായാണ് ഇഖാമ സദാ കയ്യില്‍ കരുതണമെന്ന് വിദേശികളെ അധികൃതര്‍ ഓര്‍മിപ്പിച്ചത്. നിയമാനുസൃതം രാജ്യത്ത് കഴിയുന്നവര്‍ പിടിക്കപ്പെടാതിരിക്കാനും പിഴ ചുമത്തപ്പെടാതിരിക്കാനും ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
അതേ സമയം സുരക്ഷാവകുപ്പുകള്‍ സംയുക്തമായി നടത്തിയ റെയ്ഡില്‍ 99,135 അനധികൃത വിദേശതാമസക്കാര്‍ പിടിയില്‍. രാജ്യവ്യാപക പരിശോധനയില്‍ നവംബര്‍ 15നും 27നും ഇടയിലാണ് ഇത്രയധികം വിദേശികള്‍ പിടിയിലായത്. അനധികൃത താമസക്കാര്‍ക്ക് സഹായം നല്‍കിയവരും അറസ്റ്റിലായതായി ആഭ്യന്തരമന്ത്രാലയ അധികൃതര്‍ അറിയിച്ചു.
അറസ്റ്റിലായവരില്‍ 67,546 പേര്‍ താമസരേഖ (ഇഖാമ) നിയമലംഘകരും 24,286 പേര്‍ തൊഴില്‍നിയമ ലംഘകരുമാണ്. 17,303 പേര്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറിയവരാണ്. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ 1325 വിദേശികള്‍ പിടിയിലായി. ഇവരില്‍ 564 പേരെ നാടുകടത്തി. അതിര്‍ത്തിവഴി അനധികൃത രീതിയില്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച 29 പേരെയും സുരക്ഷാ സൈനികര്‍ പിടികൂടി. നിയമലംഘകര്‍ക്ക് സഹായസൗകര്യങ്ങള്‍ നല്‍കിയ 376 വിദേശികളും 48 സഊദികളും അറസ്റ്റിലായിട്ടുണ്ട്. 12,075 നിയമലംഘകര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ചുവരികയാണെന്ന് മന്ത്രാലയം അറിയിച്ചു.
പിടിയിലായ അനധികൃത വിദേശതൊഴിലാളികളില്‍ 14,997 പേരെ നാടുകടത്തി. 9590 പേര്‍ക്കെതിരെ തത്സമയ ശിക്ഷാനടപടി സ്വീകരിച്ചൂ. യാത്രാരേഖകള്‍ക്ക് 12,395 പേരെ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും കൈമാറി. 12,808 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."