ഓഖി:കോഴിക്കോട് 630 പേരെ ജില്ലാഭരണകൂടം മാറ്റി പാര്‍പ്പിച്ചു
കോഴിക്കോട്: ജില്ലയുടെ തീരപ്രദേശങ്ങളില്‍ ശനിയാഴ്ച അര്‍ധരാത്രിയോടെയുണ്ടായ ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്നു 630 പേരെ ജില്ലാഭരണകൂടം മാറ്റി പാര്‍പ്പിച്ചു.
വടകര വില്ലേജില്‍ പത്ത് കുടുംബങ്ങളില്‍പെട്ട 40 പേരെ താഴേ അങ്ങാടി സൈക്ലോണ്‍ ഷെല്‍ട്ടറിലും 35 കുടുംബങ്ങളിലെ 150 പേരെ ബന്ധുവീടുകളിലും മാറ്റിപ്പാര്‍പ്പിച്ചു.
ചോറോട് വില്ലേജിലെ 12 കുടുംബങ്ങളില്‍പ്പെട്ട 41 പേരെ റിഫാനിയ മദ്റസയിലേക്കു മാറ്റി. 45 കുടുംബങ്ങളിലെ 160 പേരെ ബന്ധുവീടുകളിലേക്കു മാറ്റി. അഴിയൂര്‍ വില്ലേജിലെ കുടുംബത്തിലെ നാലുപേരെ ബന്ധുവീടുകളില്‍ താമസിപ്പിച്ചു.
പുതിയങ്ങാടി ശാന്തിനഗര്‍ കോളനിയിലെ കണ്വന്ഷന് സെന്ററില്‍ 65 പേര്‍ക്കു താമസ സൗകര്യമൊരുക്കി. കടലുണ്ടി വില്ലേജില്‍ അഞ്ചു ക്യാംപുകള്‍ തുടങ്ങി. രണ്ട് അങ്കണവാടികളിലും രണ്ടു സ്കൂളുകളിലും ഒരു മദ്റസയിലുമായി ഒരുക്കിയ ക്യാംപില്‍ 170 പേരെ താമസിപ്പിച്ചു.
കലക്ടര്‍ യു.വി ജോസിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം ക്യാംപുകള്‍ സന്ദര്‍ശിച്ചു. കടല്‍ക്ഷോഭത്തെ തുടര്‍ന്നു കപ്പല്‍ ഗതാഗതം മുടങ്ങിയ സാഹചര്യത്തില്‍ കോഴിക്കോട് വിവിധ ലോഡ്ജുകളിലായി കഴിയുന്ന ലക്ഷദ്വീപ് സ്വദേശികളായ 110 പേര്‍ക്കു മൂന്നുനേരവും ഭക്ഷണം ഒരുക്കി.
കീര്‍ത്തി മഹല്‍ ലോഡ്ജില്‍ കഴിയുന്ന ലക്ഷദ്വീപ് നിവാസികളെ കലക്ടര്‍ സന്ദര്‍ശിച്ചു. ചികിത്സയ്ക്കും വ്യാപാര ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസത്തിനുമായി എത്തിയവരാണ് ഇവര്‍. നാളെ നാട്ടിലേക്കു മടങ്ങാനാകുമെന്ന പ്രതീക്ഷയിലാണിവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."