ഓഖി മുന്നറിയിപ്പ്: കണ്ണന്താനത്തിന്റെ വാക്കുകളെ പിടിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേരളത്തിന് നല്‍കാനായിട്ടില്ലെന്ന് ഉച്ചയ്ക്ക് മുമ്പു പറഞ്ഞ മന്ത്രി കണ്ണന്താനം, ഉച്ചയ്ക്ക് ശേഷം അതു മാറ്റിപ്പറഞ്ഞിരുന്നു. കേന്ദ്രം കേരളത്തിന് മുന്നറിയിപ്പു നല്‍കിയെന്നായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ വാദം.
കണ്ണന്താനം വാദം മാറ്റിയെങ്കിലും അദ്ദേഹം യോഗത്തില്‍ എടുത്ത നിലപാട് ഉദ്ധരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് ലഭിച്ചില്ലെന്ന് ഫെയ്‌സ്ബുക്കില്‍ സമര്‍ഥിക്കുന്നുണ്ട്.
”ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നവംബര്‍ 30ന് ഉച്ചയ്ക്ക് 12 മണിക്ക് മാത്രമാണ് ലഭിച്ചതെന്ന് ഇതു സംബന്ധിച്ച രേഖകളും വിശദീകരണങ്ങളും വിലയിരുത്തിയ ശേഷം കേന്ദ്രമന്ത്രി അറിയിച്ചു. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ മിക്കവരും തലേ ദിവസമോ അതിനു മുമ്പോ കടലില്‍ പോയിരുന്നു. ഗതി മാറിയാണ് മണിക്കൂറുകള്‍ക്കകം ചുഴലി കേരള തീരത്ത് അടിച്ചത്. ഇതു പ്രവചിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി വിലയിരുത്തി.”- മുഖ്യമന്ത്രി പറയുന്നു.
”കടുത്ത ന്യൂനമര്‍ദത്തിന് സാധ്യതയുണ്ടെന്ന അറിയിപ്പ് 30ന് രാവിലെ 8.30നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അയച്ചത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അഭ്യര്‍ത്ഥിക്കണമെന്ന് മാത്രമേ ഈ അറിയിപ്പില്‍ പോലും ഉണ്ടായിരുന്നുളളു. അടിയന്തര സാഹചര്യമുണ്ടെന്നോ തൊഴിലാളികള്‍ കടലില്‍ പോകുന്നത് തടയണമെന്നോ ആ അറിയിപ്പില്‍ ഇല്ലായിരുന്നുവെന്ന് കേന്ദ്രമന്ത്രി വിലയിരുത്തിയെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് ലഭിച്ച അറിയിപ്പുകളും അതേ തുടര്‍ന്ന് സ്വീകരിച്ച നടപടികളും ചീഫ് സെക്രട്ടറി കെ.എം. അബ്രഹാം വിശദീകരിച്ചു.”
ഒറ്റ ദിവസം കൊണ്ട് 400ഓളം പേരെയാണ് കടലില്‍നിന്ന് രക്ഷപ്പെടുത്തിയത്. എല്ലാ സൈനിക വിഭാഗങ്ങളും കോസ്റ്റ്ഗാര്‍ഡും സംസ്ഥാന സര്‍ക്കാരും ഏകോപിച്ച് പ്രവര്‍ത്തിച്ചു. കടലിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രധാനമായ രക്ഷാപ്രവര്‍ത്തനമാണ് ഓഖി ചുഴലിയെത്തുടര്‍ന്ന് കേരളത്തിന്റെ തീരക്കടലില്‍ നടത്തിയത്. ഇതേ ജാഗ്രതയില്‍ തെരച്ചില്‍ തുടരണം. തീരത്തെ മത്സ്യത്തൊഴിലാളികളുടെ സഹായവും തെരച്ചിലിന് ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."