അവസാനത്തെ ബസ്സും വിട്ടുകളയരുതേ
സാങ്കേതികരംഗത്തടക്കം ബിരുദവും ബിരുദാനന്തരബിരുദവും നേടി ജോലിയന്വേഷിച്ചു നടന്നു മടുത്ത യുവതീയുവാക്കള്‍, എവിടെനിന്നൊക്കെയോ കിട്ടിയ വിവരങ്ങള്‍ അടിസ്ഥാനമാക്കി വ്യവസായസംരംഭം തുടങ്ങാന്‍ ആറ്റുനോറ്റു കഴിയുന്ന യുവസംരംഭകര്‍, സ്വന്തമായും കൂട്ടുചേര്‍ന്നും എന്തൊക്കെയോ സ്വപ്നങ്ങള്‍ നെയ്ത് എടുത്തുചാടി എല്ലാം കുളമാകുന്നതു കണ്ടു ശാരീരികമായും മാനസികമായും തളര്‍ന്നുപോകുന്ന ചെറുപ്പക്കാര്‍. ഇന്നലെവരെ കേരളത്തിന്റെ മുഖമുദ്ര ഇതായിരുന്നു. എന്നാല്‍ ഇന്നിതാ അവസരങ്ങളുടെ വാതിലുകള്‍ വിശാലമായി തുറന്നിട്ടുകൊണ്ടു പുതിയ വീരഗാഥ രചിക്കപ്പെടുന്ന സ്റ്റാര്‍ട്ട് അപ് മിഷന്‍ രംഗപ്രവേശം ചെയ്തുകഴിഞ്ഞിരുക്കുന്നു.
കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി മാസങ്ങള്‍ക്കുമുമ്പു ചുമതലയെടുത്ത കോഴിക്കോട് ഐ.ഐ.എമ്മിലെ ധിഷണാശാലിയായ അധ്യാപകന്‍ പ്രൊഫ. സജി ഗോപിനാഥ് പറയുന്നതു കേള്‍ക്കൂ: ''സ്റ്റാര്‍ട്ട് അപ്പുകളെന്നാല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം അവസാനത്തെ ബസ്സാണ്. നെല്ലും നാളികേരവും റബ്ബറും കുരുമുളകുമൊക്കെ നമ്മെ സമ്പന്നമാക്കിയ കാലം പോയ്മറഞ്ഞു. വന്‍കിട, ചെറുകിട വ്യവസായങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ഷട്ടറുകള്‍ താഴ്ത്തിക്കൊണ്ടിരിക്കുന്നു. ഗള്‍ഫ് നാടുകളിലെ വാതിലുകള്‍ അടഞ്ഞുകൊണ്ടിരിക്കുകയാണ്. വിവരസാങ്കേതിക വിദ്യകളുടെയും കംപ്യൂട്ടറുകളുടെയും കാലംവന്നപ്പോള്‍ നാം അതിലേയ്ക്കു ചാടിക്കയറിയെങ്കിലും അയല്‍സംസ്ഥാനങ്ങളിലും പുറംനാടുകളിലും പറന്നു കയറിയ തലമുറയും ഏതവസരത്തിലും തൊഴില്‍രാഹിത്യമെന്ന ഡെമോക്ലസിന്റെ വാള്‍മുനയ്ക്കു ചുവട്ടിലാണ്.''
സ്റ്റാര്‍ട്ടപ്പ് എന്ന ഈ ബസ് അവസാനത്തേതാണെന്നു പ്രൊഫ.സജി ഗോപിനാഥ് പറയുന്നു. ഇതില്‍ കയറിയില്ലെങ്കില്‍ ഇനിയൊരവസരം കിട്ടാന്‍ പോകുന്നില്ല. ഈ സംരഭകപ്രസ്ഥാനത്തിനു വാരിക്കോരി നല്‍കാന്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ തയാറാണ്. ഊര്‍ജമേഖലയില്‍ മാത്രം പൊതുമേഖലാ എണ്ണ-വാതകക്കമ്പനികള്‍ 320 കോടി രൂപ സഹായം വാഗ്ദാനം ചെയ്തുകഴിഞ്ഞു. പുതിയ സംരംഭങ്ങള്‍ക്ക് 5000 ഏക്കര്‍ ഭൂമി നല്‍കാന്‍ സന്നദ്ധമായി നില്‍ക്കുന്നു കേരള സര്‍ക്കാര്‍. അധ്യാപകര്‍ക്കു രണ്ടുവര്‍ഷം ശമ്പളത്തോടെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ആശയവുമായി വരുന്നവര്‍ക്കു രണ്ടുമുതല്‍ 12 ലക്ഷം രൂപ വരെ നല്‍കാനും കേരളത്തില്‍ സംവിധാനമൊരുക്കിയിരിക്കുന്നു.
കേരളത്തിലുള്ളവര്‍ക്കു വിദേശവിപണികളില്‍ ഉണര്‍വു നല്‍കാനുതകുംവിധം വിദേശസംരംഭകരെ ആകര്‍ഷിക്കാനും പരിപാടിയുണ്ട്. സംരംഭങ്ങള്‍ തുടങ്ങാന്‍ ഇന്‍ക്യുബേറ്ററുകളും കൊണ്ടുനടക്കാന്‍ ആക്‌സിലറേറ്ററുകളും സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതിയായിട്ടുണ്ട്. സ്റ്റാര്‍ട്ടപ് നിക്ഷേപങ്ങള്‍ക്കു പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയെ കേരളത്തിലേയ്ക്കു കൊണ്ടുവരാന്‍ അദ്ദേഹത്തിന്റെ ചീഫ് ഓപ്പറേറ്റിംഗ് അഡൈ്വസറായ ആര്‍.നടരാജന്‍ രംഗത്തുവന്നിട്ടുണ്ട്.
പുതുസംരംഭങ്ങള്‍ പരാജയപ്പെടുന്നിടത്തും കൈതാങ്ങായി സ്റ്റാര്‍ട്ട്അപ്പുണ്ട്. വിജയകഥകള്‍ മാത്രമേ നാം അറിയുന്നുള്ളൂ. പരാജയത്തിന്റെ കയ്പുനീരു കുടിച്ച അനുഭവങ്ങള്‍കൂടി പങ്കുവച്ചാല്‍ മാത്രമേ, പോരായ്മ കണ്ടെത്തി പരിഹാരം കാണാനാവൂ. ഗൂഗിളിനെപ്പോലെ ഒരു വമ്പന്‍ കമ്പനിക്കുപോലും ഓര്‍ക്കുട്ട് പൂട്ടേണ്ടിവന്നിരുന്നുവെന്നോര്‍ക്കണം.
പുതിയ സംരംഭകര്‍ക്കായി സ്റ്റാര്‍ട്ടപ്പ് പിച്ചിങ്ങ് ഉണ്ട്. ബയോ സയന്‍സ് മേഖലയും ബയോഫാബ് അക്കാദമിയും ഒപ്പം ചേരുന്നു. അത്യന്താധുനിക മേഖലകളിലും ഉന്നത സാങ്കേതികസംരംഭങ്ങളിലും മാത്രമായി ഒതുങ്ങുന്നതല്ല സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍. സമൂഹത്തിനു മൊത്തം ഗുണംചെയ്യുന്ന ഏതു മേഖലയിലേയ്ക്കും അതിനു കടന്നുവരാം. പ്രതിരോധമേഖലയിലെ യന്ത്രങ്ങള്‍ക്ക് ഇരുട്ടത്തു വെളിച്ചം കാണിക്കന്‍ കഴിയുന്ന സംവിധാനം അമേരിക്കന്‍ കമ്പനിയായ ഡബ്ല്യൂ.ആര്‍.വി ക്യാപ്പിറ്റല്‍ ആവിഷ്‌കരിക്കുകയുണ്ടായി.
ചെറിയവരുമാനം കിട്ടിത്തുടങ്ങുന്നതോടെ മുന്‍പിന്‍ നോക്കാതെ എടുത്തുചാടാന്‍ നില്‍ക്കാതിരുന്നാല്‍ ഏതു സംരംഭവും വിജയിപ്പിക്കാമെന്ന് തൈറോ കെയര്‍ ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ ആരോഗ്യസ്വാമി വേലുമണി പറയുന്നു. വലിയ പ്രതീക്ഷയുമായി പഠനകാലത്തുതന്നെ പുതിയ സംരംഭങ്ങള്‍ തുടങ്ങി. തീര്‍ത്തും പരാജയപ്പെട്ടു ജീവനൊടുക്കുന്നതില്‍വരെ ചെന്നുവീഴുന്ന യുവപ്രതിഭകള്‍ക്കു മാര്‍ഗദര്‍ശനം നല്‍കാന്‍ വഴികളേറെയാണ്.
ഗൊരഖ്പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ വൈകിട്ട് ഏഴിന് ഒരു മണിക്കൂര്‍ കറന്റ് കട്ടാണ്. 'വൈഫൈ' പോലും കിട്ടാത്ത ടോട്ടല്‍ ബ്ലാക്കൗട്ട്. പുസ്തകങ്ങളിലും കംപ്യൂട്ടറുകളിലുമായി ഒതുങ്ങിക്കഴിയുന്ന വിദ്യാര്‍ഥികളെ പുറത്തിറക്കി ക്യാംപസ് ഗോസിപ്പുകളിലേക്കെത്തിക്കുകയാണതിന്റെ ലക്ഷ്യം. അതിലൂടെ മാനസികസമ്മര്‍ദങ്ങളില്‍നിന്ന് അവര്‍ വിമുക്തി നേടുന്നുവെന്നാണു കണ്ടത്. ഒരുവര്‍ഷം ഒമ്പതിനായിരത്തോളം വിദ്യാര്‍ഥികളുടെ ആത്മഹത്യപോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇന്ത്യക്ക് അതു നല്‍കുന്നതു വലിയൊരു ഗുണപാഠമാണ്.
കോഴിക്കോട്ടുതന്നെ ഐ.ഐ.എം, എന്‍.ഐ.ടി, യു.എല്‍ സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലൊക്കെയായി നാല്‍പതോളം സ്റ്റാര്‍ട്ട് അപ്പുകളുണ്ട്. ഇതിനകം സംസ്ഥാനപദ്ധതിയായി അംഗീകരിച്ച സ്റ്റാര്‍ട്ട്അപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ് പ്രോഗ്രാം പൊന്നാനിയില്‍ ആരംഭിച്ചുകഴിഞ്ഞു. സ്റ്റാര്‍ട്ടപ്പ് ആനുകൂല്യങ്ങള്‍ക്ക് ഏഴുവര്‍ഷത്തെ കാലാവധിയും സംസ്ഥാന ഗവണ്‍മെന്റ് അനുവദിച്ചിട്ടുണ്ട്. ട്രാഫിക് സിഗ്നലുകളിലെ ചുവപ്പുവെളിച്ചം ഒരു ജീവന്‍ രക്ഷിക്കനായി കുതിച്ചുപായുന്ന ആംബുലന്‍സ് വരുന്നതു കാണുമ്പോള്‍ പച്ചയായി മാറുന്ന വിദ്യ കൊച്ചിയിലെ ഒരാശുപത്രി സാധിതമാക്കിയതു നാം കണ്ടതാണല്ലോ.
മൈക്രോസോഫ്റ്റിലെ ഉയര്‍ന്ന ഉദ്യോഗം കളഞ്ഞു നാട്ടില്‍ തിരിച്ചെത്തിയ പ്രസാദ് പിള്ള റോഡപകടമുണ്ടാവുമ്പോള്‍ സുസജ്ജരായ ആംബുലന്‍സ് അപകടസ്ഥലത്ത് എത്തിക്കുന്ന 'സെയിഫ് ഡ്രൈവ്' എന്ന സംരംഭം വികസിപ്പിച്ചെടുത്തു. അന്തരീക്ഷത്തിലെ താപം മണത്തറിഞ്ഞു കാട്ടുതീ സാധ്യത അറിയിക്കുന്ന സംവിധാനവുമായി കോഴിക്കോട് കുന്ദമംഗലത്തെ മുഹമ്മദ് സൈന്‍ രംഗത്തുവന്നിരിക്കുന്നു.
ജലനഷ്ടം ഒഴിവാക്കി ആവിയിലൂടെ കാര്‍ കഴുകാന്‍ കഴിയുന്ന സ്റ്റീം വാഷിങ് സംവിധാനം കണ്ടുപിടിച്ചു കോഴിക്കോട് തൊണ്ടയാട്ടെ എന്‍ജിനീയറിങ് സ്ഥാപനമായ ഒറോഗ രംഗത്തുണ്ട്. ഉപയോഗശൂന്യമാകുന്ന സാനിറ്ററി നാപ്കിനുകള്‍ പ്രകൃതിസൗഹൃദമായ മറ്റാവശ്യങ്ങള്‍ക്കുപകരിക്കാവുന്ന തരത്തിലാക്കുന്ന സംവിധാനം കണ്ടുപിടിച്ച കഥ തൃശൂര്‍ക്കാരി പി.ജി ഐശ്വര്യ പറയുന്നു. ഇരുന്നുകൊണ്ടു തെങ്ങില്‍ക്കയറി നാളികേരമിടാന്‍ സഹായിക്കുന്ന യന്ത്രവുമായി കോഴിക്കോട് ചാത്തമംഗലത്തെ സഹോദരന്മാരായ ഷാമിനും ശബീലും. വീടിന്റെ പ്ലാന്‍ തയാറാവുന്നതോടെ ആവശ്യമായ സാധനങ്ങളുടെയും മൊത്തം ചെലവിന്റെയും കൃത്യമായ കണക്കു തയാറാക്കുന്ന പാലക്കാട്ടെ ഗോപികൃഷ്ണനും മലപ്പുറത്തെ ഫിനാസ നഹയും നമുക്കു മാതൃകയാവേണ്ടതാണ്.
പൊള്ളലേല്‍ക്കുന്നവരുടെ മുറിവുകള്‍ പെട്ടെന്നു കരിക്കാന്‍ കഴിയുന്ന സംവിധാവുമായി രംഗത്തുവരുന്ന ആലപ്പുഴക്കാരായ ഡോ.രാജ്‌മോഹന്റെ ടീമും ആരോഗ്യരംഗത്തു മികച്ച സംഭാവനയാണ് അര്‍പ്പിച്ചത്. ആരോഗ്യപരിചരണമേഖലയില്‍ പുതുസംരംഭങ്ങള്‍ക്കായി 12 ലക്ഷം രൂപവരെ ഗ്രാന്റ് നല്‍കുന്ന ഐഡിയാ ഡേയ് പരിപാടി കേരളത്തില്‍ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. മസ്തിഷ്‌കസംബന്ധമായ മാറാരോഗത്തിനു മറുമരുന്നുമായി രംഗത്തുവരുന്ന സമയം ഗോദിക എന്ന ബംഗളൂരുകാരന്‍ മറ്റൊരു കഥ പറയുന്നു. മൊബൈല്‍ സിഗ്നല്‍പോലും കിട്ടാത്ത ഉയരങ്ങളില്‍ നാടിനു കാവല്‍നില്‍ക്കുന്ന സൈനികര്‍ക്കു സഹായകമാംവിധം യൂനിഫോമില്‍ തുന്നിപ്പിടിപ്പിക്കാവുന്ന കൊച്ചു ആന്റിനക്കു രൂപകല്‍പ്പന നിര്‍വഹിച്ചെന്നു കോഴിക്കോട്ടെ ഡോ. കെ.പി സുരേന്ദ്രന്‍.
സംരംഭങ്ങള്‍ പരാജയപ്പെടുമ്പോള്‍ മനസ്സു മടുക്കുന്നവരെ ഉത്തേജിപ്പിക്കാന്‍ മലയാളികളടക്കമുള്ള യുവഗവേഷകര്‍ രൂപം നല്‍കിയ ഓപ്പണ്‍ അക്കാദമിക് റിസര്‍ച്ച് എന്ന സംവിധാനമുണ്ട്. പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് 23 ജോലിക്കാരും നാലു വാഹനങ്ങളുമായി എവിടെയും ചെന്നു ശുചീകരണം നടത്താന്‍ സന്നദ്ധതയുള്ള ജയ്‌സണ്‍.പി.ജേക്കബ്ബ് എന്ന പ്രവാസിയെ കൊച്ചിക്കറിയാം. ഓണ്‍ലൈനായി പച്ചക്കറി വ്യാപാരം നടത്തുന്ന നാലു യുവ എന്‍ജിനീയര്‍മാരും ബംഗളുരുവില്‍ 50 കോടി രൂപയുടെ വിറ്റുവരവിലെത്തിനില്‍ക്കുന്ന ഓണ്‍ലൈന്‍ മത്സ്യവ്യാപാരവും നാം പരിചയപ്പെടേണ്ടവരാണ്.
ബട്ടണ്‍ തുന്നിപ്പിടിപ്പിച്ചും പശയും വാസനത്തൈലവും ചേര്‍ത്ത് വസ്ത്രങ്ങള്‍ അലക്കുന്ന കമ്പനികള്‍ മധ്യകേരളത്തില്‍ ധാരാളം. തൃശൂരില്‍നിന്ന് എം.എയും ബി.എഡും പാസ്സായശേഷവും കുടുംബം പോറ്റാന്‍ അങ്കമാലിയില്‍ ലോട്ടറി വിറ്റ് നടക്കുന്ന കെ.സി വേലായുധന്‍ എന്ന നാല്‍പതുകാരനായ അന്ധനെ നാം മറന്നാലും ഓണ്‍ലൈനില്‍ ഉപ്പേരിക്കച്ചവടം നടത്തി മാസംതോറും പത്തുലക്ഷം രൂപ സമാഹരിക്കുന്ന തിരുവനന്തപുരത്തെ ക്രിസ്റ്റി ട്രീസ ജോര്‍ജ്ജ് എന്ന വനിതയെ കണ്ടില്ലെന്നു നടിക്കാനാവില്ല. അമേരിക്കയില്‍ കമ്യൂണിറ്റി കോളജ് ഇനിപ്രൂറ്റിവ് എന്ന പരിപാടിയിലേയ്ക്ക് അപ്ലൈഡ് എന്‍ജിനീയറിംഗിനു തെരഞ്ഞെടുക്കപ്പെട്ട 22 ഇന്ത്യക്കാരില്‍ മലപ്പുറം മമ്പാട് എം.ഇ.എസ് കോളേജില്‍നിന്നുള്ള മൂന്നു വിദ്യാര്‍ഥികള്‍ ഇടംനേടി. എടവണ്ണത്തെ പുത്തലയന്‍ ഹെന്ന അബ്ദുല്ല, തിരുവാലി പുതുശ്ശേരി ദിയാന നാസര്‍, എടക്കര പാലമാട് അഞ്ജിത സുരേഷ് എന്നിവര്‍.
കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനു മുമ്പുതന്നെ വെബ് ഡിസൈനിങ് കമ്പനി തുടങ്ങി 20 രാജ്യങ്ങളില്‍ ഇടപാടുകാരെ കണ്ടെത്തിയ കണ്ണൂര്‍വാരം സ്വദേശിയായ മുഹമ്മദ് ജവാദ് ഖാദര്‍ മുതല്‍ ആറു ലിറ്റര്‍ വെള്ളംകൊണ്ട് ഒരു വീട്ടിലേക്കാവശ്യമായ വൈദ്യുതി മുഴുവന്‍ ഉല്‍പ്പാദിപ്പിക്കുന്ന അക്വാ ജനറേറ്റര്‍ നിര്‍മിച്ച മുക്കം കോളജ് വിദ്യാര്‍ത്ഥികള്‍വരെ നമുക്കു പ്രചോദനമാകേണ്ടവരത്രേ.
മലയാളത്തില്‍ മാത്രമല്ല, രാജ്യാന്തരഭാഷയായ ഇംഗ്ലീഷിലും കുറച്ചു പരിജ്ഞാനം നേടണമെന്നു മാത്രമേയുള്ളൂ. അതിനായുള്ള ഇംഗ്ലീഷ് ഭാഷാ പഠനത്തിനുപോലും ചുരുങ്ങിയ കാലംകൊണ്ട് ഉന്നതല പരിശീലനം നല്‍കുന്ന കൗശല്‍ കേന്ദ്രയെപ്പോലുള്ള സ്ഥാപനങ്ങള്‍ നാട്ടില്‍ എമ്പാടുമുള്ളപ്പോള്‍ നമ്മുടെ യുവതലമുറ അവസാനത്തെ ബസ്സില്‍ കയറാന്‍ മടിക്കരുതെന്നു മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."