കാണാതായ പതിനൊന്ന് മത്സ്യത്തൊഴിലാളികള്‍ മുനമ്പത്തെത്തി
പറവൂര്‍: പതിനാലുദിവസം മുന്‍പ് വിഴിഞ്ഞത്തുനിന്നു കടലില്‍ മത്സ്യബന്ധനത്തിന് പോയി കാണാതായ പതിനൊന്നുപേര്‍ മുനമ്പത്തെത്തി. അവശനിലയിലായ ഇവരെ പറവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
തിരുവനന്തപുരം ജില്ലയിലെ പൂന്തുറ സ്വദേശികളായ സൂസൈ അരുള്‍(55) മക്കളായ സൗജിന്‍(32) ശ്യാംജിന്‍(26) തൂത്തുക്കുടി സ്വദേശി എല്‍സിന്‍(22) ലോക്‌സി(37) ചാര്‍ളി(50) നിമല്‍(25) ജഗന്‍(48) അസം സ്വദേശികളായ കിരണ്‍(26) ജൂബിന്‍(23) പലഹ്(24) എന്നിവരാണ് പറവൂര്‍ ആശുപത്രിയിലുള്ളത്.
സൗജിന്റെ ഉടമസ്ഥതയിലുള്ള 55 അടി ഫൈബര്‍ ബോട്ടിലാണ് ഇവര്‍ മത്സ്യ ബന്ധനത്തിന് പോയത്. നാലു ദിവസം മുമ്പ് രാത്രിയിലാണ് ബോട്ട് ചുഴലിക്കാറ്റില്‍ പെട്ടത്. കാറ്റില്‍ ബോട്ട് മറിഞ്ഞു. എല്ലാവരും ബോട്ടില്‍ പിടിച്ചു കിടന്നു. മറ്റൊരു തിരയില്‍ ബോട്ട് നിവരുകയും ചെയ്‌തെന്ന് സുസൈ അരുള്‍ പറയുന്നു.
പതിമൂന്ന് വയസ് മുതല്‍ കടലില്‍ ബോട്ടില്‍ പോകുന്ന തനിക്ക് ആദ്യമായിട്ടാണ് ഇത്തരം അപകടം ഉണ്ടാകുന്നതും ബോട്ട് തിരമാലയില്‍പെട്ട് തനിയെ നിവരുന്നതെന്നും അരുള്‍ പറഞ്ഞു. ആശുപത്രിയിലെത്തിച്ച് ഇവര്‍ക്ക് അടിയന്തര ചികിത്സയും ആഹാരങ്ങളും നല്‍കി. എം.എല്‍.എമാരായ വി.ഡി സതീശനും എസ്. ശര്‍മ്മയും ആശുപത്രിയിലെത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയും ഇവരെ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."