പരീക്ഷയെഴുതാന്‍ പഠിക്കാം
അമിത ഉത്കണ്‍ഠയ്ക്ക് ട്രെയിനിങ്
എന്റെ മകന്‍ എല്‍.കെ.ജിയില്‍ പഠിക്കുന്നു. അവന് നല്ല ഓര്‍മശക്തിയുണ്ട്. ആക്ടീവുമാണ്. പാഠഭാഗങ്ങള്‍ എല്ലാം അറിയാം. എങ്കിലും അധ്യാപകര്‍ ചോദ്യം ചോദിച്ചാലോ മറ്റോ പറഞ്ഞുകൊടുക്കില്ല. പരീക്ഷാ സമയത്ത് ഓറല്‍ ടെസ്റ്റിന്റെ സമയത്തും ഇങ്ങനെതന്നെയായിരുന്നു സംഭവിച്ചത്. ഇതിനെന്തങ്കിലും പ്രതിവിധിയുണ്ടോ
സലീം മലപ്പുറം
ഇത് പലകുട്ടികള്‍ക്കും സംഭവിക്കുന്ന ഒരു പ്രശ്‌നമാണ്. കുട്ടിക്ക് നല്ല ബുദ്ധിശക്തിയുണ്ടാകും. മിടുക്കനാകും. പഠിക്കുന്നുണ്ടാകും. പക്ഷേ കുട്ടികള്‍ പാഠഭാഗങ്ങള്‍ എത്ര പഠിച്ചു. എത്രകണ്ട് ഗ്രഹിച്ചു എന്നെല്ലാം മനസിലാക്കുന്നതിനുള്ള അളവുകോല്‍ എല്ലായ്‌പ്പോഴും പരീക്ഷതന്നെയാണ്.
പരീക്ഷ പലതരത്തിലുണ്ട്. എഴുത്ത് പരീക്ഷ, ഓറല്‍ ടെസ്റ്റ്, പ്രാക്ടിക്കല്‍ പരീക്ഷ ഇവയെല്ലാം ചിലതുമാത്രം. ഈ ഘട്ടത്തില്‍ പഠിച്ചകാര്യങ്ങള്‍ ഉത്തരക്കടലാസില്‍ പകര്‍ത്തപ്പെടുമ്പോള്‍മാത്രമെ കുട്ടി എത്രകണ്ടു പഠിച്ചു എന്നു മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് പഠനം മാത്രം പോര. കുട്ടികള്‍ക്ക് നമുക്കെങ്ങനെ പരീക്ഷ എഴുതണം? ഓറല്‍ ടെസ്റ്റില്‍ എങ്ങനെ മികച്ച പ്രകടനം കാഴ്ചവക്കണം? പ്രായോഗിക പരീക്ഷയില്‍ ചോദ്യ കര്‍ത്താവിനെ തൃപ്തിപ്പെടുത്തി എങ്ങനെ ഉത്തരം നല്‍കണം. തുടങ്ങിയ കാര്യങ്ങള്‍ക്കു കൂടി ട്രെയിനിംഗ് ആവശ്യമാണ്.
പലപ്പോഴും കുട്ടികള്‍ക്ക് മികച്ച പ്രകടനം കാഴ്ചവക്കാന്‍ സാധിക്കാത്തതിന്റെ പ്രധാനകാരണം അമിത ഉത്കണ്‍ഠയാണ്. ഇതില്ലാതാക്കാന്‍ ഈ കുട്ടിക്ക് ആദ്യമായി ആംഗ്‌സൈറ്റി മാനേജ്‌മെന്റിംഗ് ട്രെയിനിംഗ് കൊടുക്കുകയാണ് വേണ്ടത്. ബയോഫീഡ്ബാക്ക്, റിലാക്‌സേഷന്‍ ട്രെയിനിംഗ് തുടങ്ങിയവ നല്‍കിയാലേ കുട്ടിക്ക് ഇത്തരത്തിലുള്ള സാഹചര്യങ്ങളെ നേരിടാന്‍ സാധിക്കുകയുള്ളൂ.
പരീക്ഷ എഴുതാന്‍ വീട്ടില്‍ നിന്ന് പരീശീലിപ്പിക്കുകയാണ് മറ്റൊന്നു ചെയ്യാനുള്ളത്. ഒരു പ്രത്യേക സമയത്ത് ചോദ്യങ്ങള്‍ കൊടുക്കുക. ഒറിജിനല്‍ പരീക്ഷപോലെ ക്രിയേറ്റ് ചെയ്യുക.
കൃത്യസമയത്ത് എഴുതാനായി സാധിക്കുന്നുണ്ടോ എഴുതുന്ന വേളയില്‍ എവിടെയൊക്കെയാണ് പ്രശ്‌നങ്ങള്‍ നേരിടുന്നത് എന്നു മനസിലാക്കുക. അതുപ്രകാരം ആ തെറ്റുകള്‍ തിരുത്താന്‍ പറഞ്ഞു കൊടുക്കാം. അപകര്‍ഷതാബോധവും ധൈര്യക്കുറവും ആത്മവിശ്വാസമില്ലായ്മയുമാണ് കുട്ടി പ്രകടിപ്പിക്കുന്നതെങ്കില്‍ അതിനെ മറികടക്കാനായി വിവിധ ട്രെയിനിംഗുകളും ആവശ്യമായിവരും. എന്നാല്‍ ചോദ്യത്തില്‍ നിന്ന് കുട്ടിയുടെ യഥാര്‍ഥപ്രശ്‌നമെന്താണെന്ന് വ്യക്തമല്ല. അതുകൊണ്ടുതന്നെ ഒരു സൈക്കോളജിസ്റ്റിന്റെ സഹായം തേടാവുന്നതാണ്.
മടിയില്ലാതാക്കാന്‍ ഒറ്റമൂലി?
ഞാന്‍ പ്ലസ്ടുവിന് പഠിക്കുന്നു. എനിക്ക് നന്നായി പഠിക്കാന്‍ ആഗ്രഹമുണ്ട്. പഠിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവുമുണ്ട്. പക്ഷേ, ഈയിടെ ഭയങ്കരമടി പിടികൂടിയിരിക്കുന്നു. മടി മാറ്റിയെടുക്കാനും ഓര്‍മശക്തി വര്‍ധിപ്പിക്കാനും എന്തെങ്കിലും കുറുക്കുവഴിയുണ്ടോ?
മിദ്‌ലാജ് വേങ്ങര
ബുദ്ധിശക്തിയുള്ള പല കുട്ടികളും പഠനത്തില്‍ പിന്നാക്കം പോകുന്നതിന്റെ പ്രധാന കാരണം മടിയാണ്. ഏറ്റവും വലിയ പ്രശ്‌നവും ജീവിതവിജയത്തിനു വിലങ്ങുതടി തീര്‍ക്കുന്നതും മടി തന്നെ. മടിയില്ലാതാക്കാന്‍ ലോകത്ത് ഇന്നുവരെ ഒരുചികിത്സയും കണ്ടെത്തിയിട്ടില്ല. മടിക്ക് ചികിത്സ അടിയാണെന്നു പറയാറില്ലേ. നമ്മള്‍ സ്വയം മാറ്റി എടുക്കുക മാത്രമേ പോംവഴിയുള്ളൂ.
എന്നാല്‍ ഒരു ഒറ്റമൂലി പറഞ്ഞുതരാം. മറ്റൊന്നുമല്ല. പഠനത്തിന് നമ്മള്‍തന്നെ ഒരു ടാര്‍ജറ്റ് നിശ്ചയിക്കുക. എനിക്കു ഒന്നാം റാങ്കുകിട്ടണമെന്നതാകണം ആദ്യത്തെ ടാര്‍ജറ്റ്. എങ്കിലേ ആയിരം റാങ്കുകാരനില്‍ ഒരാളാവാനെങ്കിലും സാധിക്കുകയുള്ളൂ. ആയിരം റാങ്കുകാരനാകണമെന്നതാണ് പ്ലാനെങ്കില്‍ ഫസ്റ്റ് ക്ലാസെങ്കിലും കിട്ടുന്ന രീതിയില്‍ പഠിക്കാന്‍ സാധിക്കും. ഫസ്റ്റ് ക്ലാസ് കിട്ടണമെന്നാണ് നിശ്ചയിക്കുന്നതെങ്കില്‍ പാസ് മാര്‍ക്ക് കിട്ടാന്‍ സാധ്യതയുണ്ട്. പാസ് മാര്‍ക്കാണ് ടാര്‍ജറ്റെങ്കില്‍ അവര്‍ ഒരിക്കലും ജയിച്ചെന്നുവരില്ല.
ആകാശത്തോളം ആഗ്രഹിച്ചാല്‍ കുന്നോളം കിട്ടും. ആഗ്രഹത്തിനനുസരിച്ച് എത്രകണ്ട് പ്രവര്‍ത്തിക്കുന്നുവോ അതിന്റെ ഏകദേശം പകുതിയോളമേ നമുക്ക് സ്വന്തമാക്കാന്‍ കഴിയൂ. ലക്ഷ്യം നമ്മള്‍ ഉറപ്പിച്ചു കഴിഞ്ഞാല്‍ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗം ആരായണം. റാങ്കാണ് ലക്ഷ്യമെങ്കില്‍ നന്നായി പഠിക്കണമല്ലോ. ദിവസേന പഠിക്കുക. അന്നു പഠിച്ച വിഷയങ്ങള്‍ അന്നുതന്നെ ഹൃദിസ്ഥമാക്കുക. ഒന്നും മറ്റൊരവസരത്തിലേക്ക് മാറ്റിവെയ്ക്കാതിരിക്കുക. ഹോം വര്‍ക്കുകള്‍ കൃത്യമായി ചെയ്യുക. പഠിച്ച കാര്യങ്ങള്‍ ആഴ്ചയുടെ അവസാനത്തില്‍ ആവര്‍ത്തിച്ചു പഠിക്കുക. മാസത്തില്‍ ഒരിക്കല്‍ കൂടി പഠിച്ച പാഠങ്ങള്‍ വായിച്ച് മനസില്‍ ഊട്ടിയുറപ്പിക്കുക. അങ്ങനെയെങ്കില്‍ തീര്‍ച്ചയായും പഠിച്ചതു മറക്കില്ല. ഒരേവിഷയം തന്നെ മാസത്തില്‍ മൂന്നുതവണ എങ്കിലും വായിച്ചാല്‍ ഓര്‍മയില്‍ അതുപാറപോലെ ഉറച്ചുനില്‍ക്കുമെന്നാണ് പറയുന്നത്.
മടിയുള്ളവര്‍ക്കാണ് കുറുക്കുവഴികള്‍ ആവശ്യമുള്ളത്. ഓര്‍മശക്തി വര്‍ധിപ്പിക്കാനും പ്രത്യേകിച്ച് കുറുക്കുവഴികളില്ല. മുകളില്‍ പറഞ്ഞതുപോലെ ആവര്‍ത്തിച്ച് പഠിക്കുക. പരീക്ഷയെക്കുറിച്ച് ഒരു മാസം മുന്‍പെങ്കിലും അറിയിപ്പ് ലഭിച്ചിരിക്കും. അപ്പോള്‍ പരീക്ഷയ്ക്ക് മാത്രമായി ഒരു ടൈംടേബിള്‍ തയാറാക്കുക. പിന്നെ രണ്ടു തവണകൂടി പഠിച്ച ഭാഗങ്ങള്‍ വായിക്കുക. അപ്പോള്‍ അഞ്ചുതവണ വായിക്കുകയായി. മൂന്നു മാസത്തിനുള്ളില്‍ അഞ്ചുതവണ വായിക്കുകയാണെങ്കില്‍ ഓരോ തവണ വായിക്കുമ്പോഴും ആദ്യം വായിച്ച സമയമെടുക്കില്ല. രണ്ടാമത് വായിച്ച ഭാഗം പിന്നീട് വായിക്കുമ്പോള്‍ അത്രയും സമയവും വേണ്ട. അഞ്ചുതവണ വായിക്കുക എന്നു പറഞ്ഞാല്‍ കൂടുതല്‍ സമയമെടുക്കുന്ന പ്രക്രിയയല്ല. ഇതിനെയാണ് സ്പീഡ് റീഡിങ് എന്നു പറയുന്നത്.
സ്പീഡ് റീഡിങ്ങില്‍ വായിച്ച കാര്യങ്ങള്‍ മനസില്‍ ഉറച്ചു നില്‍ക്കും. എത്ര വര്‍ഷം കഴിഞ്ഞാലും മറക്കില്ല. ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ കൂടുതല്‍ വായിക്കുക. എത്രകണ്ട് ആ വിഷയം താത്പര്യപൂര്‍വം വായിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഓര്‍മയില്‍ തങ്ങിനില്‍ക്കുക. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെ ഒരു സിനിമയിലെന്നപോലെ മനസില്‍ സൂക്ഷിച്ചുവെക്കുക. പലതിനും ചില ചിത്രങ്ങളും സൂത്രവാക്യങ്ങളും നല്‍കുക. എങ്കില്‍ പിന്നീടത് ഓര്‍ത്തെടുക്കാന്‍ കഴിയുന്ന ചില സൂത്രങ്ങളെക്കുറിച്ച് മുന്‍പ് ഈ പംക്തിയില്‍ സൂചിപ്പിരുന്നു. അതൊക്കെ പ്രയോഗത്തില്‍ കൊണ്ടുവരിക. പഠിക്കുന്ന വിഷയത്തോടുള്ള താത്പര്യം പ്രധാനഘടകമാണ്. ഭാവി ജീവിതം ആസ്വാദ്യകരമാകണമെങ്കില്‍, ഉന്നത വിജയം കൈപ്പിടിയിലെത്തണമെങ്കില്‍ ഇപ്പോള്‍ കുറച്ച് കഷ്ടപ്പെടുക. അധ്വാനത്തിന്റെ ഫലം മധുരിക്കുക തന്നെ ചെയ്യും.
ദേഷ്യം കുറയ്ക്കാന്‍ ടെക്‌നിക്കുകള്‍
ആറാം ക്ലാസില്‍ പഠിക്കുന്ന എന്റെയൊരു വിദ്യാര്‍ഥി ബുദ്ധിമാനാണ്. ചില വിഷയങ്ങള്‍ പഠിക്കാന്‍ വലിയ താത്പര്യമാണ്. മറ്റു വിഷയങ്ങളോട് തികഞ്ഞ അനാസ്ഥയും. ഇടത്തരം കുടുംബമാണ്. മാതാപിതാക്കള്‍ തമ്മില്‍ നേരത്തെ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ല. മൂത്തമകനാണ്. താഴെ രണ്ടു പെണ്‍കുട്ടികളാണുള്ളത്. പെട്ടെന്നുദേഷ്യം വരുന്ന പ്രകൃതക്കാരനാണ്. എന്തെങ്കിലും സംസാരിക്കുന്നതിനിടക്ക് പെട്ടെന്ന് ദേഷ്യത്തോടെ പ്രതികരിക്കും. അധ്യാപകരോടും വീട്ടുകാരോടും എല്ലാം ഇങ്ങനെയാണ്. ഇന്റര്‍വെല്‍ സമയത്ത് കളിക്കാനോ മറ്റോ പുറത്തിറങ്ങില്ല. കൂടുതല്‍ കുട്ടികളുമായി ഇടപഴകാറുമില്ല. ഈ കുട്ടിയെ ഈ അവസ്്ഥയില്‍ നിന്ന് മാറ്റിയെടുക്കാന്‍ എന്തു ചെയ്യാനാകും?
സരിത മക്കരപ്പറമ്പ്
കുട്ടിക്ക് കാര്യമായ പ്രശ്‌നങ്ങളൊന്നും ഉള്ളതായി തോന്നുന്നില്ല. എന്നാല്‍ ഇത് ചില കുട്ടികളില്‍ കണ്ടുവരുന്ന പ്രത്യേക സ്വഭാവവിശേഷമാണ്. കുട്ടികളുടെ സ്വഭാവ രൂപീകരണം പൂര്‍ത്തിയാകുന്നത് പതിനെട്ട് വയസ് പൂര്‍ത്തിയാകുന്നതോടെയാണ്. അപ്പോള്‍ നമുക്ക് അതിനുള്ളില്‍ തന്നെ കുട്ടികളുടെ പല മോശം സ്വഭാവങ്ങളും ഒരു പരിധിവരെ ശരിയാക്കിയെടുക്കാന്‍ സാധിക്കും. കുട്ടികളുമായി ഇടപഴകാത്ത കുട്ടി, പെട്ടെന്നു ശോഭിക്കുന്ന കുട്ടി, ഇങ്ങനെയൊക്കെയുള്ള കുട്ടിയുടെ ദേശ്യം കുറയ്ക്കാന്‍ ചില ടെക്‌നിക്കുകളൊക്കെയുണ്ട്. യോഗ, മെഡിറ്റേഷന്‍, പ്രാണായാമം, പ്രാര്‍ഥന, ഇതെല്ലാം ദേഷ്യം കുറയ്ക്കാന്‍ സഹായിക്കും. സ്‌പോര്‍ട്‌സ് ആക്ടിവിറ്റീസിലൂടെ ദേഷ്യം കുറയ്ക്കാന്‍ സാധിക്കും.
ഉപദേശിച്ചാല്‍ ചെവികൊള്ളുന്ന കുട്ടികളാണെങ്കില്‍ സ്‌നേഹത്തിന്റെ ഭാഷയില്‍ അങ്ങനെ മനസിലാക്കികൊടുക്കാം. സാമൂഹികബന്ധം കുറവുള്ള കുട്ടികളാണെങ്കില്‍ കൂടുതല്‍ ആളുകളുമായി ഇടപഴകാനും മറ്റും മാതാപിതാക്കള്‍ തന്നെ മുന്നിട്ടിറങ്ങണം. നീപോയി കളിക്ക് എന്നു പറഞ്ഞാല്‍ ഇങ്ങനെയുള്ള കുട്ടികള്‍ കളിച്ചുകൊള്ളണമെന്നില്ല. അതുകൊണ്ട് മറ്റു കുട്ടികള്‍ക്കൊപ്പം നമ്മളും കളിക്കുക. അപ്പോള്‍ കൂടെ കുട്ടിയും കളിക്കാന്‍ തയാറായി വരും. കുറച്ചു സമയം മെനക്കെടാന്‍ തയാറാവുക. ബന്ധുക്കളുടെയും അയല്‍പക്കത്തെയും കുട്ടികളുടെ കൂടെ കളിക്കാനുള്ള അവസരങ്ങള്‍ നമ്മള്‍തന്നെ സൃഷ്ടിച്ചെടുത്ത് സാമൂഹികബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുക. ബെര്‍ത്ത്‌ഡേ, ക്രിസ്മസ് തുടങ്ങിയവ ആഘോഷിച്ചും അതിനവസരമുണ്ടാക്കാം.
കുട്ടിക്ക് ചില പ്രത്യേക വിഷയങ്ങളോട് താത്പര്യമില്ലെന്നു പറയുന്നു. താത്പര്യക്കുറവ് എന്തുകൊണ്ടാണെന്ന് പരിശോധിക്കേണ്ടതുണ്ട്. കുട്ടി ബുദ്ധിമാനാണെന്നു പറഞ്ഞു. വിഷയത്തോടാണോ വെറുപ്പ്, പഠിപ്പിക്കുന്ന അധ്യാപകനോടുള്ള മടുപ്പാണോ, അവര്‍ പറഞ്ഞു കൊടുക്കുന്നത് മനസിലാകാത്തതുകൊണ്ടാണോ എന്നും മറ്റും കണ്ടെത്തണം. പഠിക്കാന്‍ മടിയുള്ള വിഷയങ്ങളോട് കുട്ടിയുടെ താത്പര്യത്തിനുകൂടി മുന്‍ഗണന നല്‍കി കുറച്ചുകൂടി സമയം അനുവദിച്ച് പഠിപ്പിക്കുകയാണെങ്കില്‍ പ്രശ്‌നം മാറ്റിയെടുക്കാന്‍ സാധിക്കും. ചെറിയ പെരുമാറ്റ വൈകല്യങ്ങളെല്ലാം നേരത്തെ തന്നെ ശരിയാക്കിയെടുക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ മാറ്റിയെടുക്കാന്‍ സാധിക്കും. നേരത്തെ തന്നെ അതിനുശ്രമിക്കണമെന്നു മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."