ശബരിമലക്കെതിരേ ആസൂത്രിത പ്രചാരണം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിനെതിരേ അന്യസംസ്ഥാനങ്ങളിലടക്കം വ്യാപകമായ പ്രചാരണങ്ങള്‍ ആസൂത്രിതമായി നടക്കുന്നതായി സംശയിക്കുന്നുണ്ടെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. ചുഴലിക്കാറ്റിനെ തുടര്‍ന്നും മറ്റും ശബരിമല നടയടച്ചു എന്ന പേരില്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ആന്ധ്രപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന പ്രചാരണം ചില പ്രത്യേക കേന്ദ്രങ്ങളില്‍ നിന്നാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
സന്നിധാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എ.പത്മകുമാര്‍. ശബരിമല ക്ഷേത്രദര്‍ശനത്തിനെത്തിയ യുവതിയായ ആന്ധ്രക്കാരിയെ രണ്ടു തവണയാണ് പമ്പയില്‍ നിന്ന് ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ പിടികൂടി തിരിച്ചയച്ചത്. ഇവരൊന്നും വെറുതെ വന്നവരല്ല എന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിഗമനം.
നവ മാധ്യമങ്ങളിലെ പ്രചാരണം സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരിശോധിക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. ശബരിമലയില്‍ മറ്റ് വിഭാഗത്തില്‍പ്പെട്ടവര്‍ കച്ചവടം നടത്തരുതെന്ന് പറയുന്നത് രാഷ്ട്രീയ വലുപ്പമില്ലായ്മയാണെന്ന് ജനങ്ങള്‍ തിരിച്ചറിയുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."