നബിദിന റാലിക്കിടെ ആക്രമണം: ഏഴ് പേര്‍ക്കെതിരേ കേസ് പ്രതികള്‍ ഒളിവിലെന്ന് പൊലിസ്
തിരൂര്‍: താനൂര്‍ ഉണ്യാലില്‍ നബിദിന റാലിക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ ഏഴു പേര്‍ക്കെതിരേ പൊലിസ് കേസ്. പ്രതികളെ തിരിച്ചറിഞ്ഞതായി അറിയിച്ച പൊലിസ് ഇവര്‍ ഒളിവിലാണെന്ന് വ്യക്തമാക്കി.
റാലിക്കിടെ ആറ് പേരെ വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു. അക്രമത്തില്‍ 19 കുട്ടികള്‍ക്കും പരുക്കേറ്റിരുന്നു. പ്രതികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലിസ് അറിയിച്ചു. ഉണ്യാലില്‍ കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് മിസ് ബാഹുല്‍ ഹുദാ മദ്‌റസാ വിദ്യാര്‍ഥികളുടെ നബിദിന റാലിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ഇന്നലെ താനൂര്‍ മണ്ഡലത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് താനൂരിലും ഉണ്യാല്‍ തീരമേഖലയിലും പ്രവര്‍ത്തകര്‍ പ്രകടനവും നടത്തി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ താനൂരും തീരദേശവും ശക്തമായ പൊലിസ് കാവലിലാണ്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് താനൂര്‍ പൊലിസിന് ജില്ലാ പൊലിസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരപ്രദേശത്തുള്ളവര്‍ സംയമനം പാലിക്കണമെന്നും പൊലിസ് അഭ്യര്‍ഥിച്ചു. ആക്രമണമുണ്ടായ ശനിയാഴ്ച സമസ്ത തിരൂര്‍ മണ്ഡലം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ആക്രമണത്തിനിരയായവരെ സമസ്ത നേതാക്കള്‍ ആശുപത്രിയിലും സന്ദര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."