സഊദിയില്‍ നിയമലംഘകര്‍ക്ക് ജോലി നല്‍കിയാല്‍ കര്‍ശന നടപടി
ജിദ്ദ: സഊദിയിലെ കരാര്‍ കമ്പനികള്‍ നിയമലംഘകരായ വിദേശ തൊഴിലാളികള്‍ക്ക് ജോലി നല്‍കിയാല്‍ കമ്പനികള്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് പൊതു സുരക്ഷ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ കമ്പനികളില്‍ പ്രത്യേക പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
ഇഖാമ, ലെവി ഉള്‍പ്പെടെയുളള ഫീസുകള്‍ നിയമ ലംഘകര്‍ക്ക് ചെലവ് ഇല്ലാത്തതിനാല്‍ വന്‍കിട പദ്ധതികളില്‍ സബ് കോണ്‍ട്രാക്ട് എടുക്കുന്നവര്‍ നിയമ ലംഘകരെ നിയമിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് അനുവദിക്കില്ലെന്നും ഇവിടങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും പൊതു സുരക്ഷാ വകുപ്പ് അറിയിച്ചു. രാജ്യത്തെ മുഴുവന്‍ കരാര്‍ കമ്പനികളും വിദേശ തൊഴിലാളികളുടെ താമസതൊഴില്‍ നിയമങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
ഗതാഗത മന്ത്രാലയത്തിന് കീഴില്‍ മാത്രം 625 പദ്ധതികളാണ് രാജ്യത്ത് നടക്കുന്നത്. ഇവ ഏറ്റെടുത്തവരും രാജ്യത്തെ റോഡ് അറ്റകുറ്റ പണികളുടെ കരാര്‍ ജോലി ചെയ്യുന്നവരും നിയമ ലംഘകര്‍ ജോലി ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും പൊതു സുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."