കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ഇനി എല്ലാ മാസവും ജനസമ്പര്‍ക്ക പരിപാടി
മലപ്പുറം: കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ഇനി എല്ലാമാസവും ജനസമ്പര്‍ക്ക പരിപാടി. എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച താലൂക്കുകള്‍ കേന്ദ്രീകരിച്ചാണ് പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുക. അദാലത്തിന്റെ നേതൃത്വവും നിരീക്ഷണവും ജില്ലാ കലക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരിക്കും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കലക്ടര്‍മാരുടെ ജനസമ്പര്‍ക്ക പരിപാടികള്‍ക്ക് ഏകീകരണ രൂപം നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശം. ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ പരാതി പരിഹാര അദാലത്തുകള്‍ നേരത്തേ നടത്തിയിരുന്നു. എന്നാല്‍, വ്യക്തമായ നിര്‍ദേശമില്ലാത്തതിനാല്‍ പല ജില്ലകളിലും വ്യത്യസ്ത രീതിയിലാണ് അദാലത്തുകള്‍ നടന്നിരുന്നത്.
അദാലത്തിന്റെയും തുടര്‍പ്രവര്‍ത്തനങ്ങളുടെയും നിരീക്ഷണത്തിനായി ജില്ലാ കലക്ടറേറ്റുകളിലും ആര്‍.ഡി.ഒ ഓഫിസുകളിലും താലൂക്ക് ഓഫിസുകളിലും ആവശ്യമായ ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് പ്രത്യേക സെല്‍ രൂപീകരിക്കും. അദാലത്തുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അപേക്ഷകളുടെയും തുടര്‍നടപടികളുടെയും പൂര്‍ണ ഉത്തരവാദിത്വം താലൂക്ക് തഹസില്‍ദാര്‍മാര്‍ക്കായിരിക്കും. അദാലത്ത് തിയതിക്ക് 15 ദിവസം മുന്‍പുവരെ ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, സര്‍വേ പരാതികള്‍ എന്നിവ പരിഗണിക്കില്ല. അദാലത്ത് വേദിയില്‍ ജില്ലാ കലക്ടര്‍ക്കൊപ്പം മറ്റു വകുപ്പുകളിലെ ജില്ലാതല ഓഫിസര്‍മാരും പങ്കെടുക്കും. ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് അദാലത്ത് വേളയില്‍ തീരുമാനങ്ങള്‍ അറിയിക്കണം. സര്‍ക്കാര്‍ തീരുമാനം ആവശ്യമായ അപേക്ഷകള്‍ ലഭിച്ച് രണ്ടാഴ്ചക്കുള്ളില്‍തന്നെ ജില്ലാ കലക്ടര്‍ മുഖേനെ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും വിവരം അപേക്ഷകനെ അറിയിക്കുകയും ചെയ്യണം. നിരസിക്കുന്ന അപേക്ഷകളില്‍ അപേക്ഷകന് ഉചിതമായ മറുപടി നല്‍കണം. ലഭിക്കുന്ന എല്ലാ അപേക്ഷകളും സോഫ്റ്റ്‌വെയറില്‍ ചേര്‍ക്കേണ്ടതാണ്.
തിക്കും തിരക്കുമില്ലാത്ത രീതിയില്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കും. അന്വേഷണത്തിനായി ആവശ്യമായ കൗണ്ടറുകള്‍ പ്രവേശന കവാടത്തിന് അടുത്തായി സജ്ജീകരിക്കണം. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്തവിധം ഇരിപ്പിടം, കുടിവെള്ളം എന്നിവ ഒരുക്കണം. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചായിരിക്കണം വേദി സജ്ജീകരിക്കേണ്ടത്. അപേക്ഷകനെ ഒന്നിലധികം അദാലത്തുകളില്‍വരുത്തി ബുദ്ധിമുട്ടിക്കരുതെന്നും അഡിഷനല്‍ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."