കേന്ദ്ര ഹജ്ജ് നയം: വിവാദ നിര്‍ദേശങ്ങള്‍ പിന്‍വലിച്ചേക്കും
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഹജ്ജ് നയത്തിലെ വിവാദ നിര്‍ദേശങ്ങള്‍ പിന്‍വലിച്ചേക്കും. ഇതുസംബന്ധിച്ച് കേന്ദ്ര ഹജ്ജ് മന്ത്രാലയം തീരുമാനമെടുത്തതായി അറിയുന്നു.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഹജ്ജ് നയത്തിലെ ചില തീരുമാനങ്ങള്‍ക്കെതിരേ ശക്തമായി രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് തീരുമാനങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം നിര്‍ബന്ധിതമാകുന്നത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ചൗധരി മെഹ്ബൂബ് അലി കൈസറും ലോക്ജനശക്തി പാര്‍ട്ടി നേതാവ് രാംവിലാസ് പാസ്വാനും വിവാദ ഹജ്ജ് നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇതിനിടെ ഹജ്ജ് നയത്തിനെതിരേ സംസ്ഥാനം നല്‍കിയ ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടിസ് അയക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ കേന്ദ്ര ഹജ്ജ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി, പി.അശോക് ഗജപതി രാജു എന്നിവരെ നേരില്‍ക്കണ്ട് ചര്‍ച്ച നടത്തി നിവേദനം നല്‍കിയിരുന്നു. സംസ്ഥാനം മുന്നോട്ടുവച്ച ചില കാര്യങ്ങളില്‍ കേന്ദ്രം ഉടന്‍ തീരുമാനമെടുക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനെ കേന്ദ്രമന്ത്രിമാര്‍ അറിയിച്ചു.
പുതിയ ഹജ്ജ് നയത്തില്‍ സര്‍ക്കാര്‍ ക്വാട്ട കുറച്ച് സ്വകാര്യ ക്വാട്ട 30 ശതമാനമാക്കിയത് പഴയതുപോലെ 75:25 എന്ന അനുപാതത്തില്‍ തുടരും. സര്‍ക്കാര്‍ ക്വാട്ട 80 ശതമാനമാക്കണമെന്ന കേരളത്തിന്റെ ആവശ്യം ഇപ്പോള്‍ പരിഗണിക്കില്ല. സംസ്ഥാനത്തിന്റെ ഹജ്ജ് ക്വാട്ട 6000ത്തില്‍ നിന്ന് 10,000 ആയി വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
റണ്‍വേ വികസനം ചൂണ്ടിക്കാട്ടി കരിപ്പൂരിനെ ഇത്തവണ എംബാര്‍ക്കേഷന്‍ പോയിന്റായി തീരുമാനിക്കാനാകില്ലെന്നാണ് കേന്ദ്ര തീരുമാനം. എന്നാല്‍, ജനുവരിക്കകം റിസ വിപുലീകരണം പൂര്‍ത്തിയായാല്‍ അടുത്തവര്‍ഷംതന്നെ ചെറിയ ഹജ്ജ് വിമാനങ്ങള്‍ ഇറക്കുന്നത് പരിഗണിക്കാമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രിയുടെ നിലപാട്. അഞ്ചുവര്‍ഷം തുടര്‍ച്ചയായി അപേക്ഷിച്ചവരെ നറുക്കില്ലാതെ പരിഗണിക്കുന്നത് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളതായതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനമെടുക്കില്ല.
ഹജ്ജ് അപേക്ഷ നാളെ വരെ, ലഭിച്ചത് 32,108 അപേക്ഷകള്‍
756 പേര്‍ക്ക് നേരിട്ട് അവസരം
കൊണ്ടോട്ടി:സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് അപേക്ഷിക്കാനുള്ള സമയ പരിധി നാളെ അവസാനിക്കും. കഴിഞ്ഞ 15ന് ആരംഭിച്ച അപേക്ഷ സ്വീകരണം ഡിസംബര്‍ ഏഴുവരെയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇന്നലെ വരെ 32,108 അപേക്ഷകളാണ് ആകെ ലഭിച്ചത്. ഇതില്‍ നേരിട്ട് അവസരം ലഭിക്കുമെന്ന് ഉറപ്പായ70 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ കാറ്റഗറിയില്‍ 756 പേരാണ് അപേക്ഷകരായുള്ളത്. മെഹ്‌റമില്ലാത്ത സ്ത്രീകളുടെ വിഭാഗത്തില്‍ 152 പേരും, ജനറല്‍ വിഭാഗത്തില്‍ 31200 പേരും അപേക്ഷിച്ചിട്ടുണ്ട്.
തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാര്‍ക്ക് നേരിട്ട് അവസരം നല്‍കുന്നത് നിര്‍ത്തിലാക്കിയതാണ് അപേക്ഷ കുറയാന്‍ പ്രധാന കാരണം. കൂടുതല്‍ അപേക്ഷകരുണ്ടാവുന്ന സംസ്ഥാനങ്ങളില്‍ തീര്‍ഥാടകര്‍ അഞ്ചാം വര്‍ഷം വരെ അപേക്ഷിച്ചാല്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ പുതിയ ഹജ്ജ് നയത്തില്‍ അഞ്ചാം വര്‍ഷക്കാര്‍ക്ക് നേരിട്ട് അവസരം നല്‍കുന്നത് കേന്ദ്രം നിര്‍ത്തിലാക്കി. ഇതിനെതിരേ കേരളം സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."