നിരോധന ഓര്‍ഡിനന്‍സ് നിയമമാകില്ല: നോക്കുകൂലി തടയാന്‍ നോക്കേണ്ടെന്ന് തൊഴിലാളി യൂണിയനുകള്‍
തിരുവനന്തപുരം: നോക്കുകൂലി തടയാന്‍ ചുമട്ടുതൊഴിലാളി നിയമത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കി. തൊഴിലാളി വിരുദ്ധമാണെന്ന് ആരോപിച്ച് തൊഴിലാളി സംഘടനകള്‍ ഓര്‍ഡിനന്‍സിനെതിരേ രംഗത്തെത്തി. ഇതോടെ ഓര്‍ഡിനന്‍സ് നിയമമായി നിയമസഭയില്‍ അവതരിപ്പിക്കുകയാണെങ്കില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായാകും അവതരിപ്പിക്കുകയെന്ന് തൊഴില്‍മന്ത്രി തൊഴിലാളി സംഘടനകള്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തു.
ഒക്ടോബര്‍ 20നാണ് അസാധാരണ ഗസറ്റായി ചുമട്ടുതൊഴിലാളി നിയമത്തില്‍ ഭേദഗതി വരുത്തിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടത്. ചുമട്ടുതൊഴിലാളികളെ തൊഴിലില്‍ ഏര്‍പ്പെടുത്തുന്നതിന് സ്ഥാപന ഉടമയ്ക്ക് ധാര്‍മിക ബാധ്യതയുണ്ടായിരിക്കില്ല. വാഹനത്തില്‍നിന്നോ, കണ്ടെയ്‌നറുകളില്‍നിന്നോ മറ്റോ സാധനങ്ങള്‍ ഇറക്കുന്നതിനോ കയറ്റുന്നതിനോ ഉടമസ്ഥന് സ്വന്തം തൊഴിലാളികളുടെയോ യന്ത്രങ്ങളുടെയോ സഹായം തേടാം. ഉടമയോ, സ്ഥാപനമോ ആവശ്യപ്പെട്ടാല്‍ മാത്രമേ ചുമട്ടുതൊഴിലാളികള്‍ അവരുടെ സേവനം നല്‍കേണ്ടതുള്ളൂ എന്നും, തൊഴിലിന് സര്‍ക്കാര്‍ നിശ്ചയിച്ച വേതനനിരക്ക് മാത്രമേ വാങ്ങാവൂ എന്നും ഭേദഗതിയില്‍ പറയുന്നു.
നോക്കുകൂലിയെ ശക്തമായി എതിര്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗീകാരത്തോടെയാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. വികസന പദ്ധതികള്‍ക്ക് തടസം സൃഷ്ടിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കണമെന്നും കലക്ടര്‍മാരുടെ ഒരു യോഗത്തില്‍മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നോക്കുകൂലി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്.
എന്നാല്‍ ഇതിനെതിരേ സി.ഐ.ടി.യു ഉള്‍പ്പെടെയുള്ള തൊഴിലാളി യൂണിയനുകള്‍ രംഗത്തുവരികയായിരുന്നു. തൊഴിലാളിവിരുദ്ധമാണ് ഓര്‍ഡിനന്‍സെന്നും നിയമമാകുന്നതിനു മുന്‍പ് തിരുത്തണമെന്നും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ സുപ്രഭാതത്തോട് പറഞ്ഞു. തൊഴിലാളി യൂണിയനുകളുമായി ആലോചിക്കാതെ എടുക്കുന്ന ഒരു തീരുമാനവും അംഗീകരിക്കില്ലെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ പറഞ്ഞു.
നിയമങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തണമെങ്കില്‍ അത് തൊഴിലാളി യൂണിയനുകളുമായി ആലോചിച്ചായിരിക്കണമെന്നും ഇക്കാര്യം തൊഴില്‍ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച ചെയ്തതായും നിയമമാക്കുന്നതിനു മുമ്പ് തൊഴിലാളി വിരുദ്ധമായ കാര്യങ്ങള്‍ മാറ്റാമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."