ദുരന്ത നിവാരണത്തിന് ക്യൂബന്‍ മാതൃക; പുതിയ പ്രതിരോധ സേന വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്ത നിവാരണത്തിനായി പ്രതിരോധ സേനക്ക് രൂപംനല്‍കുന്നു. ശാസ്ത്രീയ രീതിയിലുള്ള രക്ഷാപ്രവര്‍ത്തനം, മുന്‍കരുതല്‍ തുടങ്ങിയവയില്‍ സേനാംഗങ്ങള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും. ലോകത്തെ ഏറ്റവും മികച്ച ദുരന്ത നിവാരണ സേനയുള്ള ക്യൂബയുടെ മാതൃകയിലാണ് പ്രതിരോധ സേന രൂപീകരിക്കുന്നത്. ഇതുസംബന്ധിച്ച് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സ് മേധാവി ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരി സര്‍ക്കാരിന് പദ്ധതിരേഖ സമര്‍പ്പിച്ചു. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. കേന്ദ്ര സിവില്‍ ഡിഫന്‍സ് ആക്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സേനക്ക് പരിശീലനം നല്‍കുക.
ദുരന്തത്തില്‍പ്പെടുന്നവരെ പൊലിസും ഫയര്‍ഫോഴ്‌സും എത്തുംമുന്‍പ് രക്ഷിക്കാനും പ്രഥമശുശ്രൂഷ നല്‍കാനും സേനാംഗങ്ങളെ പ്രാപ്തരാക്കും. ഇവര്‍ക്കായി വിയ്യൂരിലെ സിവില്‍ ഡിഫന്‍സ് അക്കാദമിയില്‍ 50 മണിക്കൂര്‍ പരിശീലനം നല്‍കും. ഇതിനായുള്ള സിലബസ് ഉടന്‍ തയാറാക്കും. ഇതിന്റെ ഭാഗമായി വിയ്യൂരിലെ സിവില്‍ ഡിഫന്‍സ് അക്കാദമിയെ നാഗ്പൂരിലെ നാഷനല്‍ സിവില്‍ ഡിഫന്‍സ് കോളജില്‍ അഫിലിയേറ്റ് ചെയ്യും. സംസ്ഥാനത്ത് ഏറ്റവും കൂടുതലായുണ്ടാകുന്ന റോഡപകടം, മുങ്ങിമരണം എന്നിവയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി പ്രാദേശിക സേനകളെയും സജ്ജമാക്കും. ജില്ലകള്‍തോറും 3,000 യുവാക്കള്‍ക്ക് പരിശീലനം നല്‍കും. ജില്ലാതലത്തില്‍ കലക്ടര്‍ക്കാണ് ചുമതല. ആര്‍.ഡി.ഒയാണ് കണ്‍വീനര്‍. 18നും 45നും മധ്യേ പ്രായമുള്ളവര്‍ക്കാണ് അവസരം നല്‍കുക. ഒരാള്‍ക്ക് മൂന്നുവര്‍ഷം സിവില്‍ ഡിഫന്‍സ് സേനയില്‍ പ്രവര്‍ത്തിക്കാം. 50 മണിക്കൂര്‍ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സിവില്‍ ഡിഫന്‍സ് ബാഡ്ജ് നല്‍കും. സേനാംഗങ്ങള്‍ക്ക് അപകട ഇന്‍ഷുറന്‍സും രക്ഷാപ്രവര്‍ത്തനത്തിനുള്ള കിറ്റും സര്‍ക്കാര്‍ നല്‍കും. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെയും ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെയും ഫണ്ട് ഉപയോഗിച്ചാണ് പരിശീലനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."