മത്സ്യത്തൊഴിലാളികളുടെ മൂന്ന് മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു; 72 പേരെ രക്ഷപ്പെടുത്തി
കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു.
ഇന്നലെ രാവിലെ വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനില്‍നിന്ന് രക്ഷാപ്രവര്‍ത്തനത്തിനുപോയ ഫിഷറീസ് വകുപ്പിന്റെ ബോട്ടാണ് കൊച്ചി, തൃശൂര്‍ ഭാഗങ്ങളില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. രണ്ടെണ്ണം കൊച്ചി തീരത്തുനിന്ന് 28 നോട്ടിക്കല്‍ മൈല്‍ അകലെ ഞാറയ്ക്കല്‍ ഭാഗത്തും ഒരെണ്ണം ചാവക്കാടു ഭാഗത്ത് ഉള്‍ക്കടലിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം അഴുകിയ നിലയിലാണ്. മൂന്ന് ബോട്ടുകളിലായാണ് മൃതദേഹങ്ങള്‍ വൈപ്പിന്‍ തുറമുഖത്തെത്തിച്ചത്. ആദ്യ രണ്ട് മൃതദേഹങ്ങള്‍ വൈകിട്ട് ആറോടെയും ഒരെണ്ണം രാത്രി എട്ടോടെയുമാണ് തുറമുഖത്ത് എത്തിച്ചത്. തുടര്‍ന്ന് ആംബുലന്‍സില്‍ എറണാകുളം ആശുപത്രിയിലെത്തിച്ച് മോര്‍ച്ചറിയിലേക്ക് മാറ്റി. തീരദേശ പൊലിസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ക്ക് നാലുദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. മൃതദേഹം കണ്ടെത്തിയതറിഞ്ഞ് തമിഴ്‌നാട് സ്വദേശികളായ നിരവധിപേര്‍ ഇന്നലെ വൈപ്പിനിലെത്തിയിരുന്നു. ഉള്‍ക്കടലില്‍ നിരവധിബോട്ടുകള്‍ തകര്‍ന്നുകിടക്കുന്നതായി രക്ഷാപ്രവര്‍ത്തനത്തിനുപോയവര്‍ പറഞ്ഞു. തിങ്കളാഴ്ച കൊച്ചിയില്‍നിന്ന് കണ്ടെടുത്ത മൃതദേഹവും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതിനിടെ, ഓഖി ദുരന്തത്തില്‍പ്പെട്ട 72 മത്സ്യത്തൊഴിലാളികള്‍ ലക്ഷ്വദ്വീപിലെ ബിത്രയില്‍ സുരക്ഷിതരാണെന്നു നാവിക സേന അറിയിച്ചു. 14 മലയാളികളെയും 58 തമിഴ്‌നാട് സ്വദേശികളെയുമാണ് രക്ഷപ്പെടുത്തിയത്. ഭക്ഷണവും വെള്ളവും ലഭിക്കാതെ അവശനിലയിലായിരുന്ന ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം നല്‍കിയതായി നേവി അധികൃതര്‍ അറിയിച്ചു.
ലക്ഷദ്വീപ് സാധാരണനിലയിലേക്ക്
കൊച്ചി: ഓഖി കനത്ത നാശംവിതച്ച ലക്ഷദ്വീപില്‍ ജനജീവിതം സാധാരണനിലയിലേക്ക്. ഇന്നലെ കൊച്ചിയില്‍ നിന്ന് മൂന്ന് കപ്പലുകള്‍ ലക്ഷദ്വീപിലേക്ക് യാത്ര തിരിച്ചു.
ആയിരത്തോളം യാത്രക്കാരാണ് കപ്പലിലുള്ളത്. എം.വി കവരത്തി, എം.വി കോറല്‍, എം.വി ലഗൂണ്‍ എന്നീ കപ്പലുകളാണ് വിവിധ ദ്വീപുകളിലേക്ക് യാത്ര തിരിച്ചത്. ദ്വീപില്‍ ദുരിതാശ്വാസ ക്യാംപിലുണ്ടായിരുന്നവര്‍ വീടുകളിലേക്ക് മടങ്ങി. റോഡുകളിലെ തടസങ്ങള്‍ ഭാഗികമായി നീക്കി. വൈദ്യുതി ബന്ധം പൂര്‍ണമായും പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, ചിലയിടങ്ങളില്‍ കുടിവെള്ളത്തിന് ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."