ജുനൈദ് വധം: വിചാരണാ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ മതവിദ്യാര്‍ഥിയായ ജുനൈദി(16)നെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണാനടപടികള്‍ പഞ്ചാബ്- ഹരിയാനാ ഹൈക്കോടതി സ്‌റ്റേ ചെയ്തു.
ഹരിയാനയിലെ ഫരീദാബാദ് ജില്ലാ കോടതിയില്‍ നടന്നുവരുന്ന വിചാരണാ നടപടികളാണ് ജസ്റ്റിസുമാരായ മഹേഷ് ഗ്രോവറും രാജ് ശേഖറും അടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. കേസില്‍ ഹരിയാനാ സര്‍ക്കാരിനും സി.ബി.ഐക്കും ഹൈക്കോടതി നോട്ടിസ് അയക്കുകയും ചെയ്തു.
ജുനൈദിന്റെ കൊലപാതകം സി.ബി.ഐക്കു വിടണമെന്ന് ആവശ്യപ്പെട്ട് പിതാവ് ജലാലുദ്ദീന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നടപടി. സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം കഴിഞ്ഞമാസം 27ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് ജുനൈദിന്റെ കുടുംബം ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
ഇന്നലെ കേസ് പരിഗണിക്കവെ, ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഒരു വിദ്യാര്‍ഥി ക്രൂരമായി കൊല്ലപ്പെടുകയും കൂടെയുള്ളവര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്ത വര്‍ഗീയസ്വഭാവമുള്ള കേസിലെ സാഹചര്യങ്ങളൊന്നും പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധിയെന്നു ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ അദര്‍ശ് ദീപ് ചീമ വാദിച്ചു. കേസ് അടുത്തമാസം 11ന് വീണ്ടും പരിഗണിക്കും. അതുവരെയാണ് വിചാരണാ നടപടികള്‍ സ്റ്റേ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."