ഇന്ത്യക്ക് വിജയ പ്രതീക്ഷ
ന്യൂഡല്‍ഹി: ഇന്ത്യക്കും വിജയത്തിനുമിടയില്‍ ശേഷിക്കുന്നത് ഏഴ് വിക്കറ്റുകള്‍. ശ്രീലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മുന്നോട്ട് വച്ചത് 410 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യം. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന നിലയില്‍ തകര്‍ച്ച മുന്നില്‍ കാണുന്നു.
ഒരു ദിവസവും ഏഴ് വിക്കറ്റുകളും ശേഷിക്കേ ലങ്കയ്ക്ക് ജയത്തിലേക്ക് ഇനി 379 റണ്‍സ് കൂടി വേണം. അവസാന ദിനത്തില്‍ പിടിച്ചു നിന്ന് സമനില പിടിക്കാനായിരിക്കും ലങ്ക ശ്രമിക്കുക. ഇന്ത്യ ശേഷിക്കുന്ന ഏഴ് വിക്കറ്റുകള്‍ ക്ഷണത്തില്‍ വീഴ്ത്തി വിജയിക്കാനും പൊരുതും. കളി നിര്‍ത്തുമ്പോള്‍ 13 റണ്‍സുമായി ധനഞ്ജയ ഡി സില്‍വയും റണ്ണൊന്നുമെടുക്കാതെ മുന്‍ നായകന്‍ മാത്യൂസുമാണ് ക്രീസില്‍. കരുണരത്‌നെ (13), സമരവിക്രമ (അഞ്ച്), ലക്മല്‍ (പൂജ്യം) എന്നിവരാണ് പുറത്തായത്.
നേരത്തെ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് പോരാട്ടം 373 റണ്‍സില്‍ അവസാനിപ്പിച്ച് 163 റണ്‍സ് ലീഡുമായി നാലാം ദിനത്തില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങിനിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 ക്ഷണത്തില്‍ അടിച്ചെടുത്ത് ലങ്കയ്ക്ക് മുന്നില്‍ വെല്ലുവിളി നിറഞ്ഞ ലക്ഷ്യം വയ്ക്കുകയായിരുന്നു. ശിഖര്‍ ധവാന്‍ (67), വിരാട് കോഹ്‌ലി (50), രോഹിത് ശര്‍മ (പുറത്താകാതെ 50), ചേതേശ്വര്‍ പൂജാര (49) എന്നിവരുടെ ബാറ്റിങ് മികവിലാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ പൊരുതാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയത്. കോഹ്‌ലി 58 പന്തിലും രോഹിത് 49 പന്തിലും അര്‍ധ ശതകം നേടി.
നേരത്ത നാലാം ദിനത്തില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ലങ്ക 17 റണ്‍സ് കൂടി ചേര്‍ത്ത് ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു. പൊരുതി നിന്ന നായകന്‍ ചാന്‍ഡിമലാണ് അവസാന വിക്കറ്റായി പുറത്തായത്. താരം 361 പന്തുകള്‍ നേരിട്ട് 164 റണ്‍സ് കണ്ടെത്തി. ഇന്ത്യക്കായി ഇഷാന്ത് ശര്‍മ, ആര്‍ അശ്വിന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകളും ഷമി, ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.
ഇന്ന് വിജയിച്ചാല്‍ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ 2-0ത്തിന് നേടും. മത്സരം സമനിലയില്‍ അവസാനിച്ചാലും പരമ്പര ഇന്ത്യക്ക് തന്നെ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."