കാറ്റലോണിയ മുന്‍ പ്രസിഡന്റ് കാര്‍ലെസ് പുജിമോന്റിന്റെ അറസ്റ്റ് വാറന്റ് പിന്‍വലിച്ചു
മാഡ്രിഡ്: പുറത്താക്കപ്പെട്ട കാറ്റലോണിയ മുന്‍ പ്രസിഡന്റ് കാര്‍ലെസ് പുജിമോന്റിനെതിരേ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് സ്പാനിഷ് സുപ്രിംകോടതി പിന്‍വലിച്ചു. പുജിമോന്റിനൊപ്പം വിദേശത്തുള്ള നാലു മന്ത്രിമാര്‍ക്കെതിരേയുള്ള വാറന്റും കോടതി ഒഴിവാക്കിയിട്ടുണ്ട്. ഈ മാസം 21നു നടക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യത്ത് തിരിച്ചുവരാന്‍ ഇവര്‍ സന്നദ്ധത അറിയിച്ച പശ്ചാത്തലത്തിലാണ് നടപടി.
നേരത്തെ, കാറ്റലന്‍ സര്‍ക്കാര്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനു പിറകെയാണ് പുജിമോന്റിനും മന്ത്രിമാര്‍ക്കുമെതിരേ യൂറോപ്യന്‍ യൂനിയന്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇതുപ്രകാരം യൂറോപ്യന്‍ യൂനിയന്‍ അംഗമായ ഏതു രാജ്യത്തേക്കു കടന്നാലും ഇവരെ തിരിച്ചെത്തിക്കാനുള്ള ബാധ്യത അതതു രാജ്യങ്ങള്‍ക്കുണ്ട്.
സ്വാതന്ത്ര്യ പ്രഖ്യാപനം നിയമവിരുദ്ധമായി പ്രഖ്യാപിച്ച സ്പാനിഷ് സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കുമെന്നു ഭയന്ന് പുജിമോന്റും നാലു മന്ത്രിമാരും ബെല്‍ജിയത്തിലേക്കു കടന്നതിനാലാണ് സ്‌പെയിന്‍ ഇത്തരമൊരു വാറന്റ് പുറപ്പെടുവിച്ചത്. ഇതേതുടര്‍ന്ന് ഇവര്‍ ചോദ്യം ചെയ്യലിനായി ബെല്‍ജിയം കോടതിയില്‍ നേരിട്ട് ഹാജരാകുകയും കോടതി വെറുതെ വിടുകയും ചെയ്തിരുന്നു.
അറസ്റ്റ് വാറന്റ് പിന്‍വലിച്ചെങ്കിലും ഇവര്‍ക്കെതിരേ നേരത്തെ ചുമത്തിയിരുന്ന രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുമെന്നും ഇതില്‍ വിചാരണ നേരിടേണ്ടി വരുമെന്നും കേസ് പരിഗണിച്ച സുപ്രിംകോടതി ജഡ്ജി പാബ്ലോ ലറേനോ പറഞ്ഞു.
സ്‌പെയിനില്‍ കലാപമുണ്ടാക്കല്‍ 30 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന അതീവ ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്.
രാജ്യദ്രോഹക്കുറ്റത്തിനു വിചാരണ നേരിടുന്ന മുന്‍ കാറ്റലന്‍ വൈസ് പ്രസിഡന്റ് ഒറിയോള്‍ ജുങ്കിറസ്, കാബിനറ്റ് അംഗമായിരുന്ന ജോക്കിം ഫോണ്‍, മറ്റു രണ്ട് സ്വാതന്ത്ര്യവാദി നേതാക്കള്‍ എന്നിവര്‍ സമര്‍പ്പിച്ച ജാമ്യഹരജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."