റോഹിംഗ്യന്‍ കൂട്ടക്കൊലക്കെതിരേ വിമര്‍ശനവുമായി വീണ്ടും യു.എന്‍
ജനീവ: മ്യാന്‍മറില്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ നടന്ന അതിക്രമങ്ങളില്‍ നിശിതവിമര്‍ശനവുമായി വീണ്ടും ഐക്യരാഷ്ട്രസഭ. റോഹിംഗ്യന്‍ കൂട്ടക്കൊല തള്ളിക്കളയാനാകില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം തലവന്‍ സെയ്ദ് റഅദ് അല്‍ ഹുസൈന്‍ പറഞ്ഞു. ജനീവയില്‍ നടന്ന യു.എന്നിന്റെ മനുഷ്യാവകാശ കമ്മിഷന്‍ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറു ലക്ഷത്തിലേറെ പേര്‍ മറ്റു രാജ്യങ്ങളിലേക്കു പലായനം ചെയ്യേണ്ടിവന്നതു ചെറിയ കാര്യമല്ല. മ്യാന്‍മറില്‍ റോഹിംഗ്യകള്‍ക്കു സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഇതിനു ശേഷമല്ലാതെ പലായനം ചെയ്തവര്‍ സ്വന്തം രാജ്യത്തേക്കു മടങ്ങരുതെന്നും അഭിപ്രായപ്പെട്ടു.
റോഹിംഗ്യകള്‍ക്കെതിരേ മ്യാന്‍മര്‍ സൈന്യവും ബുദ്ധ തീവ്രവാദികളും നടത്തിയ ആക്രമണങ്ങളെ ശക്തമായ ഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചത്. തോക്കും ഗ്രനേഡും മറ്റും ഉപയോഗിച്ചു മനുഷ്യരെ കാരണമില്ലാതെ കൊന്നൊടുക്കുന്ന സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് റഅദ് അല്‍ ഹുസൈന്‍ പറഞ്ഞു.
അതേസമയം, കൗണ്‍സില്‍ തലവന്റെ വിമര്‍ശനങ്ങള്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ മ്യാന്‍മര്‍ നിഷേധിച്ചു. പലായനം ചെയ്തവരെ തിരികെ കൊണ്ടുവരുന്നതിനായി ബംഗ്ലാദേശും മ്യാന്‍മറും തമ്മില്‍ ചര്‍ച്ച നടക്കുന്നുവെന്നു പറഞ്ഞ മ്യാന്‍മര്‍ പ്രതിനിധി ടിന്‍ ലിന്‍, അതിക്രമങ്ങള്‍ തുടരുന്നുണ്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."