കബനിക്കരക്ക് പറയാനുള്ളത് വയനാടിന്റെ ചരിത്രം
പനമരം: കൗമാരങ്ങളുടെ കല പറച്ചിലുകള്‍ക്ക് വേദിയാകുന്ന മാമലനാടിന്റെ ഹൃദയഭാഗമായ പനമരത്തിനും സാക്ഷിയാകുന്ന കബിനിക്കും പറയാനുള്ളത് വയനാടിന്റെ ചരിത്രം തന്നെയാണ്.
വയനാടെന്ന പശ്ചിമഘട്ട മല നിരകളിലെ ജൈവ സമ്പുഷ്ടിയിലേക്ക് ആദ്യം മനുഷ്യവാസമെത്തിയത് കബനിയുടെ തീരത്തെ പനമരത്താണെന്ന് ചരിത്രം പറയുന്നു.
പത്രണ്ടാം നൂറ്റാണ്ടില്‍ കര്‍ണാടക ഭരിച്ചിരുന്ന ജൈനമത വിശ്വാസികളായിരുന്ന ഹോസല രാജാക്കന്മാരുടെ കാലത്താണ് അന്ന് കര്‍ണാടകയുടെ ഭാഗമായിരുന്ന വയനാട്ടിലേക്ക്(വയല്‍നാട്) ആദ്യ കുടിയേറ്റക്കാരായി കന്നട സംസാരിക്കുന്ന ജൈനമത വിശ്വാസികളെത്തുന്നത്. രാജവംശത്തിന്റെ മധ്യകാലഘട്ടത്തോടെ കര്‍ണാടകയില്‍ വ്യാപിച്ച ശൈവ വിഭാഗത്തിന്റെ ആക്രമണങ്ങളെ തുടര്‍ന്നായിരുന്നു ഇവരുടെ വയനാട്ടിലേക്കുള്ള പാലായനം.
കബനിയുടെ തീരത്തെ പനമരത്തെത്തിയ ഇവര്‍ ജൈനമത വിശ്വാസങ്ങള്‍ക്കനുസൃതമായി പ്രകൃതിയെ നോവിക്കാതെ പരിസ്ഥിതിക്ക് അനുയോജ്യമായ കൃഷി രീതികളുമായി വയനാടിന്റെ മണ്ണില്‍ കാലുറപ്പിച്ചു. ശിലാ ശില്‍പ കലയിലെ ഇവരുടെ വൈദഗ്ധ്യമാണ് ഇന്നും ചരിത്രശേഷിപ്പായി പനമരത്ത് അവശേഷിക്കുന്ന കല്ലമ്പലങ്ങള്‍.
പുരാതന ചരിത്രത്തിന് പുറമേ ഇന്ത്യന്‍ സ്വാതന്ത്ര സമര ചരിത്രത്തിലും പനമരം എന്ന ദേശത്തിന് പ്രാധാന്യമേറെയുണ്ട്. തെക്കേ ഇന്ത്യയില്‍ നടന്ന ബ്രട്ടീഷുകാര്‍ക്കെതിരേയുള്ള ആദ്യ പോരാട്ടത്തിന് സാക്ഷിയാണ് പനമരം. 1802 ഒക്ടോബര്‍ 11ന് തലക്കല്‍ ചന്തു, എടച്ചേന കുങ്കന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പഴശ്ശിപ്പട ബ്രട്ടീഷ് സൈന്യത്തിന്റെ അധീനതയിലായിരുന്ന പനമരം കോട്ട പിടിച്ചെടുത്തത് സ്വാതന്ത്ര്യ സമര പോരാട്ടത്തിന് നല്‍കിയ വീര്യം ചെറുതല്ല. പുരാതന കാലത്തിന്റെയും പോരാട്ടസമരങ്ങളുടേയും ഒട്ടേറെ അവശേഷിപ്പുകള്‍ ഇന്നും ഗതകാല സ്മരണകളുയര്‍ത്തി പനമരത്തിന്റെ മണ്ണില്‍ അവശേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."