ജുനൈദിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരം ഇനിയും നല്‍കിയിട്ടില്ലെന്ന് ബൃന്ദാ കാരാട്ട്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സംഘപരിവാരിന്റെ മതവിദ്വേഷ കൊലപാതകത്തിനിരയായ ജുനൈദ് ഖാന്റെ (16) കുടുംബത്തിനു സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പത്തുലക്ഷം രൂപയുടെ നഷ്ടപരിഹാരതുക ഇനിയും ലഭിച്ചിട്ടില്ലെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പറഞ്ഞു. സംഭവം നടന്ന് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ജുനൈദിന്റെ കുടംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് ഹരിയാനാ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ അറിയിച്ചിരുന്നു.
സര്‍ക്കാര്‍ വാഗ്ദാനംചെയ്ത തുക എത്രയും വേഗം കുടുംബത്തിനു നല്‍കണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ ബൃന്ദ ആവശ്യപ്പെട്ടു. ജുനൈദിന്റെ മരണത്തിനു പുറമെ രണ്ടുസഹോദരങ്ങള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. അതില്‍ ഒരാള്‍ക്കേറ്റ മുറിവു കാരണം ജോലിചെയ്ത് ഉപജീവന മാര്‍ഗം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ തുക കുടുംബത്തിന് താമസിയാതെ നല്‍കണം. റെഡ്‌ക്രോസ് മുഖേന ജില്ലാഭരണകൂടം അഞ്ചുലക്ഷം രൂപ നല്‍കുകയുണ്ടായെന്നും സര്‍ക്കാരിന്റെ സാമ്പത്തികസഹായം സംബന്ധിച്ച് തങ്ങള്‍ക്കിതുവരെ അറിയിപ്പു ലഭിച്ചിട്ടില്ലെന്നും ജില്ലാകലക്ടര്‍ പറഞ്ഞതായി ബൃന്ദ കത്തില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."