ഹജ്ജ് അപേക്ഷ തിയതി 22 വരെ നീട്ടി; നറുക്കെടുപ്പ് ജനുവരി ആദ്യവാരം
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ തീര്‍ഥാടനത്തിനുള്ള അപേക്ഷ സ്വീകരണ തിയതി ഈ മാസം 22 വരെ നീട്ടി. കഴിഞ്ഞ മാസം 15മുതല്‍ ആരംഭിച്ച അപേക്ഷ സ്വീകരണം ഇന്നലെ വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
എന്നാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ ആവശ്യം പരിഗണിച്ച് രണ്ടാഴ്ച കൂടി അധികം സമയം കേന്ദ്ര ഹജ്ജ് കമ്മറ്റി അനുവദിക്കുകയായിരുന്നു. ഇന്നലെ മുംബൈയില്‍ ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തിനു ശേഷമാണ് തിയതി നീട്ടിയതായി സംസ്ഥാനങ്ങളെ കേന്ദ്രം അറിയിച്ചത്.
അപേക്ഷ സ്വീകരണം 22 ന് അവസാനിപ്പിച്ച് 31നകം അപേക്ഷകരുടെ ഡാറ്റാഎന്‍ട്രി പൂര്‍ത്തീകരിച്ച് നല്‍കണമെന്നാണ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്. ജനുവരി ആദ്യവാരത്തിലാണ് ഹജ്ജ് നറുക്കെടുപ്പ് പൂര്‍ത്തിയാക്കുക. ഇന്നലെവരെ കേരളത്തില്‍ 53,108 തീര്‍ഥാടകര്‍ മാത്രമാണ് അപേക്ഷിച്ചിട്ടുള്ളത്.
ഇതില്‍ നേരിട്ട് അവസരം ലഭിക്കുന്ന 70 വയസിനു മുകളിലുള്ളവരുടെ വിഭാഗത്തില്‍ 1090 അപേക്ഷകരുമാണുള്ളത്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാര്‍ക്ക് നേരിട്ട് അവസരം നല്‍കുന്നത് നിര്‍ത്തലാക്കിയതാണ് അപേക്ഷകര്‍ കുറയാന്‍ പ്രധാന കാരണം. ഇത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റിയും കേരളത്തിലെ തീര്‍ഥാടകരും സുപ്രിം കോടതിയെ സമീപിച്ചിരിക്കുകയാണ്.
സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം 75 ശതമാനം
കൊണ്ടോട്ടി: പുതിയ ഹജ്ജ് നയത്തിലെ വിവാദ തീരുമാനമായ സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് ക്വാട്ട വര്‍ധിപ്പിച്ച നടപടി കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് പിന്‍വലിച്ചു.
സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് 25 ശതമാനത്തില്‍ നിന്ന് 30 ശതമാനമാക്കിയ നടപടിയാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്രം പിന്‍വലിച്ചത്. പുതിയ ഹജ്ജ് നയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് 75 ശതമാനവും സ്വാകാര്യ ഗ്രൂപ്പുകള്‍ക്ക് 25 ശതമാനവും സീറ്റുകള്‍ ലഭിക്കും.
കഴിഞ്ഞവര്‍ഷത്തെ രീതി തുടരുന്നതോടെ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് എണ്ണായിരത്തോളം സീറ്റുകള്‍ അധികം ലഭിക്കും.
നാലാം വര്‍ഷക്കാര്‍ക്ക് മുന്‍ഗണന പുനസ്ഥാപിക്കണമെന്ന വിഷയവും സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രിം കോടതിയില്‍ ഉയര്‍ത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."