18 കാരിയായ മകളെ കൊലപ്പെടുത്തി പിതാവ് പൊലിസില്‍ കീഴടങ്ങി
പള്ളിക്കല്‍: 18 കാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങി. പ്ലസ്ടു കഴിഞ്ഞ് ചേളാരിയിലെ സ്വകാര്യ കോളജില്‍ ബി.എസ്.സി കോച്ചിങിന് പോകുന്ന ശാലു (18) ആണ് കൊലചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണ് സംഭവം.
അഞ്ച് വര്‍ഷത്തോളമായി പെരുവള്ളൂര്‍ ഗവ.ഹയര്‍ സെക്കണ്ടന്‍ഡറി സ്കൂളിന് സമീപമുള്ള വാടക ക്വാട്ടേഴ്സില്‍ കുടുംബ സമേതം താമസിച്ചുവരുന്ന തിരുവനന്തപുരം സ്വദേശി ശശിധരനാണ് മകളെ കൊലപ്പെടുത്തിയ ശേഷം പുലര്‍ച്ചെ 4.30 ഓടെ തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റു പറഞ്ഞ് കീഴടങ്ങിയത്.
കൊലചെയ്യപ്പെട്ട മകളെ കൂടാതെ ഭാര്യയും മകനുമാണ് ഇയാളോടൊപ്പം ക്വാട്ടേഴ്സില്‍ താമസിച്ചു വരുന്നത്. വിദ്യാര്‍ഥിയായ മകന് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയാണ്. ഭാര്യ അവരുടെ കുടുംബ വീട്ടിലേക്ക് പോയിരുന്നതിനാല്‍ വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്താണ് കൊല നടത്തിയത്.
പ്രതിക്ക് ഭാര്യയെക്കുറിച്ചുള്ള സംശയവുമായി ബന്ധപ്പെട്ട് മകളുമായി നടന്ന സംസാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലിസ് പറഞ്ഞു. അമ്മയെ അനുകൂലിച്ച് സംസാരിച്ച മകളെ തോര്‍ത്തുമുണ്ട് കഴുത്തില്‍ മുറുക്കിയാണ് കൊന്നതെന്ന് പ്രതി പൊലിസിന് മൊഴി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."