ഇന്‍ത്വിഫാദക്ക് ആഹ്വാനംചെയ്ത് ഹമാസ്
ജറൂസലം: ഇസ്‌റാഈല്‍ തലസ്ഥാനമായി ജറൂസലമിനെ യു.എസ് അംഗീകരിച്ചതിനെതിരേ ശക്തമായ നീക്കവുമായി ഹമാസ്. പുതിയ ഇന്‍ത്വിഫാദക്ക് (ഉയര്‍ത്തെഴുന്നേല്‍പ്പ്) ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ ആഹ്വാനംചെയ്തു.
ഗസ്സ സിറ്റിയില്‍ പൊതുജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എസ് നീക്കം ഫലസ്തീനിനെതിരേയുള്ള യുദ്ധപ്രഖ്യാപനമാണ്. ഇസ്‌റാഈലിനും ഫലസ്തീനും ഇടയിലുള്ള സമാധാനത്തെ നശിപ്പിക്കാനുള്ള ശ്രമമാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയത്.
സമാധാന ചര്‍ച്ചകള്‍ക്ക് തടസമാകുന്ന തീരുമാനമാണ് യു.എസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഓസ്‌ലോ കരാറിന്റെയും നിലവിലെ ഉടമ്പടികളുടെയും ലംഘനമാണിത്. ജറൂസലമിനെ വിശുദ്ധ ദേവാലയമായി കാണുന്ന മുസ്‌ലിംകളോടും ക്രിസ്ത്യാനികളോടുമുള്ള യുദ്ധപ്രഖ്യാപനമാണിത്.
ജറൂസലം ഫലസ്തീനിന്റെ തലസ്ഥാനമാണ്. മുസ്‌ലിംകളെയും അറബ് രാഷ്ട്രങ്ങളെയും പ്രകോപിപ്പിക്കുന്ന തീരുമാനമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഫലസ്തീന്‍ ജനത ഐക്യത്തോടെ നീങ്ങേണ്ട ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."