ഏവിയേഷന്‍ വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് ചാടിയ സംഭവം: സ്ഥാപന ഉടമയെ രക്ഷപ്പെടുത്താന്‍ പൊലിസ് നീക്കം
തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യ ഏവിയേഷന്‍ കോളജ് വിദ്യാര്‍ഥിനി ആതിര കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്തെ ലോഡ്ജ് കെട്ടിടത്തില്‍ നിന്ന് ചാടിയ സംഭവത്തില്‍ കുറ്റാരോപിതയായ കോളജ് ഉടമയെ രക്ഷിക്കാന്‍ പൊലിസ് നീക്കം. സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും തമ്പാനൂര്‍ ഐ.പി.എം.എസ് ഏവിയേഷന്‍ കോളജിന്റെ ഉടമ ദീപാ മണികണ്ഠനെ അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് പരാതി. ദീപ തലസ്ഥാനത്തുണ്ടെന്ന വിവരം പൊലിസിന് കൈമാറിയിട്ടും നടപടിയില്ലെന്ന് ആതിരയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
സഹപാഠികളുടെയും കോളജ് ഉടമ ദീപാ മണികണ്ഠന്റെയും പീഡനത്തെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് ആതിര പൊലിസിന് മൊഴി നല്‍കിയിരുന്നു. സഹപാഠികളായ ഷാലു, വൈഷ്ണവി, നീതു, ഷൈജ, ആതിര എന്നീ വിദ്യാര്‍ഥിനികളെ പൊലിസ് അറസ്റ്റും ചെയ്തിരുന്നു. ദീപ പറഞ്ഞിട്ടാണ് തങ്ങള്‍ ആതിരയെ പീഡിപ്പിച്ചതെന്ന് അറസ്റ്റിലായ വിദ്യാര്‍ഥിനികളും മൊഴി നല്‍കിയിരുന്നു. എസ്.സി-എസ്.ടി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടും സ്ഥാപന ഉടമയുടെ അറസ്റ്റ് പൊലിസ് വൈകിപ്പിക്കുന്നെന്നാണ് പരാതി.
ശ്രീകാര്യത്തെ സഹോദരന്റെ വീട്ടില്‍ ദീപ ഒളിവില്‍ കഴിയുകയാണെന്ന വിവരം ആതിരയുടെ ബന്ധുക്കള്‍ തമ്പാനൂര്‍ പൊലിസിനെ അറിയിച്ചിരുന്നു. എന്നാല്‍ കേസെടുത്തിരിക്കുന്നത് കൊണ്ടോട്ടി പൊലിസായതിനാല് അവര്‍ എത്തിയാലെ അറസ്റ്റ് ചെയ്യാനാവൂ എന്നാണ് തമ്പാനൂര്‍ പൊലിസ് അറിയിച്ചത്. അറസ്റ്റ് വൈകിപ്പിക്കുന്നത് ദീപയ്ക്ക് രക്ഷപ്പെടാനുള്ള അവസരമൊരുക്കാനാണെന്ന് ബന്ധുക്കള്‍ പറയുന്നു. ദീപ വിദേശത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായും ഇവര്‍ ആരോപിച്ചു.
കഴിഞ്ഞ മാസം 30നാണ് തിരുവനന്തപുരം ഐ.പി.എം.എസ് ഏവിയേഷന്‍ കോളജിലെ വിദ്യാര്‍ഥിനിയായ ആതിര കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് ചാടിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ പരിശീലനത്തിനായി എത്തിയതായിരുന്നു ഇവര്‍. വിദ്യാര്‍ഥികളെ താമസിപ്പിച്ചിരുന്ന ലോഡ്ജിന് മുകളില്‍ നിന്നാണ് ആതിര ചാടിയത്. തിരുവനന്തപുരം സ്വദേശിനിയായ ആതിര ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."