ഓഖിയ്ക്ക് പിന്നാലെ കാലം തെറ്റി മഴയെത്തും
കോഴിക്കോട്: ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ തീരത്തോടടുക്കുന്ന അതിന്യൂനമര്ദവും ഓഖി ക്ഷയിച്ച് രൂപപ്പെട്ട ന്യൂനമര്‍ദവും രാജ്യത്ത് കാലംതെറ്റിയുള്ള മഴയ്ക്ക് കാരണമാകും.
അടുത്തയാഴ്ച മുതല്‍ രാജ്യത്തെ മധ്യ, വടക്കുപടിഞ്ഞാറന്‍ മേഖലയിലാണ് മഴ ലഭിക്കുക. കേരളം ഉള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. ഉത്തരേന്ത്യയില്‍ വരണ്ട കാലാവസ്ഥയുള്ള സമയമാണിത്. സാധാരണ വടക്കന്‍ പാകിസ്താനു മുകളില്‍ കണ്ടുവരുന്ന വെസ്റ്റേണ്‍ ഡിസ്റ്റര്‍ബന്‍സ് (മധ്യധരണ്യാഴിയിലെ കാറ്റ്) കശ്മിരിലേക്ക് നീങ്ങുന്നതാണ് കാലാവസ്ഥാ മാറ്റത്തിന് കാരണം.
ഉത്തരേന്ത്യയില്‍ മഴ ശക്തമാകുന്നത് കൃഷിനാശത്തിനും മറ്റും ഇടയാകുന്നത് വിപരീത ഫലമുണ്ടാക്കുമെന്ന ആശങ്കയാണ് കര്‍ഷകര്‍ക്കുള്ളത്. നാളെ മുതല്‍ കാലാവസ്ഥാ മാറ്റം പ്രതീക്ഷിക്കുന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. രാജസ്ഥാനു മുകളില്‍ ന്യൂനമര്‍ദം രൂപപ്പെട്ട് യു.പി മേഖലയിലേക്ക് നീങ്ങുകയാണ്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിന്യൂനമര്‍ദം ഒഡിഷയെ ലക്ഷ്യം വച്ച് നീങ്ങുകയാണ്. ഇതുമൂലം ഈമാസം 10 ഓടെ ആന്ധ്രാതീരത്ത് ശക്തമായ മഴയ്ക്ക് കാരണമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഒട്ടുമിക്ക വടക്കന്‍, കിഴക്കന്‍ സംസ്ഥാനങ്ങളിലും മഴ ലഭിക്കും. കശ്മിരില്‍ കനത്ത മഞ്ഞുവീഴ്ചക്ക് സാധ്യതയുമുണ്ട്. ഈമാസം 12 ഓടെ തെലങ്കാന, തീരദേശ ആന്ധ്ര, തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍ മഴയുണ്ടാകുമെന്നാണ് പ്രവചനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."