സജി ബഷീറിനെതിരേ സി.ബി.ഐ അന്വേഷണം: എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെയും സിഡ്‌കോയുടെയും എം.ഡിയായിരിക്കെ സജി ബഷീര്‍ നടത്തിയ ഇടപാടുകള്‍ സി.ബി.ഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സജി ബഷീറിനെതിരേ നിരവധി വിജിലന്‍സ് കേസുകള്‍ നിലവിലുണ്ടെന്നു സത്യവാങ്മൂലം പറയുന്നു.
അധികാര ദുര്‍വിനിയോഗത്തിലൂടെ സജി ബഷീര്‍ സമ്പാദിച്ച സ്വത്ത് വിദേശത്ത് നിക്ഷേപിക്കാന്‍ സാധ്യതയുണ്ട്. സി.ബി.ഐക്കു മാത്രമേ ഇക്കാര്യം അന്വേഷിക്കാനാവൂ.
ലഖ്‌നൗവിലെ ഉത്തര്‍പ്രദേശ് കോ ഓപ്പറേറ്റീവ് ഫെഡറേഷന് ഡൈ അമോണിയം ഫോസ്‌ഫേറ്റ് നല്‍കിയതിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സിന് പരിമിതിയുണ്ട്.
ഇയാളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ഈ വസ്തുതകൂടി കണക്കിലെടുത്ത് സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുന്നില്ലെന്നും മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു.
സജി ബഷീറിനെതിരായ കേസുകളില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എസ്. ദിലീപ് നല്‍കിയ ഹരജിയില്‍ വിജിലന്‍സ് അണ്ടര്‍ സെക്രട്ടറി സി.വി പ്രകാശാണ് ഇക്കാര്യം വ്യക്തമാക്കി മറുപടി സത്യവാങ്മൂലം നല്‍കിയത്.
കെ.എസ്.ഐ.ഇയില്‍ എം.ഡിയെന്ന നിലയില്‍ നടത്തിയ ബിസിനസ് പ്രവര്‍ത്തനങ്ങളും നിയമനങ്ങളും ഔദ്യോഗിക പദവിയുടെ ദുരുപയോഗമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. സജി ബഷീര്‍ സിഡ്‌കോയിലുണ്ടായിരുന്ന എട്ടുവര്‍ഷം വിവാദങ്ങളുടേതായിരുന്നു.
അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസും ഇയാള്‍ക്കെതിരേയുണ്ട്. സജി ബഷീര്‍ കെ.എസ്.ഐ.ഇയില്‍ തുടര്‍ന്നിരുന്നെങ്കില്‍ കമ്പനി അടച്ചു പൂട്ടേണ്ടി വരുമായിരുന്നെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."