സഹകരണ ഓര്‍ഡിനന്‍സ് ഹൈക്കോടതി ശരിവച്ചു
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന സഹകരണ ഓര്‍ഡിനന്‍സ് ഹൈക്കോടതി ശരിവച്ചു. കേരള സഹകരണ നിയമത്തില്‍ ഭേദഗതി വരുത്തിയ നടപടിയാണ് ഹൈക്കോടതി ശരിവച്ചത്.
സഹകരണ മേഖലയില്‍ അഴിമതി, സ്വജനപക്ഷപാതം, ക്രമക്കേടുകള്‍ എന്നിവ ഒഴിവാക്കി മികച്ച പ്രവര്‍ത്തനം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവന്നതെന്ന വാദം അംഗീകരിച്ചാണ് സിംഗിള്‍ബെഞ്ചിന്റെ തീരുമാനം.
ജില്ലാ സഹകരണ ബാങ്കുകളിലെ പൂര്‍ണ അംഗത്വം പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കും അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കും മാത്രമാക്കിയ വ്യവസ്ഥയും, സഹകരണ സംഘങ്ങളില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ തുടര്‍ച്ചയായി രണ്ടു തവണയില്‍ കൂടുതല്‍ ഒരാള്‍ക്ക് വഹിക്കാനാവില്ലെന്ന വ്യവസ്ഥയുമാണ് ഹരജിയില്‍ ചോദ്യം ചെയ്തത്. ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികള്‍ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയ നടപടി നിമവിരുദ്ധമെന്നും ഹരജിക്കാര്‍ ആരോപിച്ചിരുന്നു.
2017 ഏപ്രില്‍ പത്തിന് പ്രാബല്യത്തില്‍ വന്ന സഹകരണ ഓര്‍ഡിനന്‍സിനെതിരേ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന എ.കെ ബാലകൃഷ്ണനടക്കമുള്ളവര്‍ നല്‍കിയ ഒരുകൂട്ടം ഹരജികള്‍ തള്ളിയാണ് ഹൈക്കോടതിയുടെ വിധി. ഭരണസമിതികളെ സസ്‌പെന്‍ഡ് ചെയ്യാനോ പിരിച്ചുവിടാനോ സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥ നിയമവിരുദ്ധമോ ഭരണഘടനാവിരുദ്ധമോ അല്ലെന്നു കോടതി പറഞ്ഞു.
സഹകരണ സംഘങ്ങളുടെ ജനാധിപത്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന തരത്തിലല്ല ഓര്‍ഡിനന്‍സ്. മാത്രമല്ല, സാധാരണക്കാരന്റെ ആശ്രയമായ സഹകരണ സംഘങ്ങള്‍ അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരണം. ജനങ്ങളുടെ വിശ്വാസം ഉറപ്പാക്കാനും സുതാര്യമായി പ്രവര്‍ത്തിക്കാനും സംഘങ്ങളുടെ ഭരണസമിതി കാര്യക്ഷമമാകണം. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ലക്ഷ്യമിട്ടുള്ള ഭേദഗതിയാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. സഹകരണ മേഖലയില്‍ അഴിമതി രഹിത മുന്നേറ്റം കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനാല്‍ ഓര്‍ഡിനന്‍സ് അന്യായമെന്നോ നിയമവിരുദ്ധമെന്നോ അനുചിതമെന്നോ പറയാനാവില്ല. സര്‍ക്കാരിന്റെ നയതീരുമാനത്തിന്റെ ഫലമാണിത്. സര്‍ക്കാരിന് ഇതില്‍ ദുരുദ്ദേശ്യമുണ്ടെന്ന് തെളിയിക്കാന്‍ ഹരജിക്കാര്‍ക്ക് കഴിഞ്ഞില്ല. സാമ്പത്തിക അച്ചടക്കം പാലിച്ച് നിയമപരമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് കരുതുന്നില്ല. മറിച്ച് സഹകരണ ഓര്‍ഡിനന്‍സ് ഈ മേഖലയില്‍ ന്യായമായ പരിശോധനയും നിയന്ത്രണവും ലക്ഷ്യമിട്ടുള്ളതാണ്-ഉത്തരവ് പറയുന്നു.
സാമ്പത്തിക ആവശ്യങ്ങള്‍ക്കുവേണ്ടി സഹകരണ സംഘങ്ങളെ ആശ്രയിക്കുന്ന സാധാരണക്കാരെയും പൊതുതാല്‍പര്യവും സംരക്ഷിക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."