മോദി വിമര്‍ശകനായ ബി.ജെ.പി നേതാവ് നാനാ പടോലെ എം.പി സ്ഥാനം രാജിവച്ചു
ന്യൂഡല്‍ഹി: പാര്‍ട്ടി നേതൃത്വത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരേ പരസ്യമായി ഏറ്റുമുട്ടല്‍ നടത്തിയ ബി.ജെ.പി എം.പി നാനാ പടോലെ രാജിവച്ചു. മഹാരാഷ്ട്രയിലെ ബണ്ടാരഗോണ്ഡ്യയില്‍ നിന്നുള്ള ലോക്‌സഭാംഗമായ പടോല എം.പിസ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവച്ചിട്ടുണ്ട്. രാജിക്കത്ത് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് അദ്ദേഹം ഇന്നലെ അയച്ചുകൊടുത്തു.
പാര്‍ട്ടി നേതൃത്വത്തിന് അദ്ദേഹം അയച്ച രാജിക്കത്തില്‍ കേന്ദ്രസര്‍ക്കാരിനും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും എതിരേ 14 വിമര്‍ശനങ്ങള്‍ അക്കമിട്ട് അദ്ദേഹം നിരത്തുന്നുണ്ട്. മുന്‍ കോണ്‍ഗ്രസുകാരനായ പടോലെ 2008ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ തുടങ്ങിയ കര്‍ഷകപ്രക്ഷോഭങ്ങള്‍ക്ക് പടോലെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹം തിരികെ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചനയുണ്ട്.
ചോദ്യങ്ങള്‍ ചോദിക്കുന്നത് മോദിക്ക് ഇഷ്ടമല്ലെന്നും പ്രശ്‌നങ്ങള്‍ ഉന്നയിക്കുമ്പോള്‍ കോപാകുലനാവുകയാണ് അദ്ദേഹം ചെയ്യുന്നതെന്നുമായിരുന്നു ഓഗസ്റ്റില്‍ പടോലെയുടെ വിമര്‍ശനം.
'ചോദ്യങ്ങള്‍ ചോദിക്കുന്നത് മോദിക്ക് ഇഷ്ടമല്ല. ബി.ജെ.പി എം.പിമാരുടെ യോഗത്തില്‍ വച്ച് പിന്നാക്ക മന്ത്രാലയം, കര്‍ഷക ആത്മഹത്യകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചപ്പോള്‍ മോദിക്കു ദേഷ്യം വന്നു. ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ നിങ്ങള്‍ പാര്‍ട്ടിയുടെ നയപരിപാടികള്‍ വായിച്ചിട്ടുണ്ടോ, വിവിധ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് അറിയുമോ തുടങ്ങിയ മറുചോദ്യങ്ങള്‍ ചോദിക്കുകയാണ് മോദി ചെയ്യുക. കേന്ദ്ര മന്ത്രിമാരെല്ലാം ഭീതിയിലാണ്. അതുകൊണ്ടു മന്ത്രിപദവിയില്‍ താല്‍പര്യമില്ല. ഇപ്പോള്‍ ഞാന്‍ പാര്‍ട്ടിയുടെ ഹിറ്റ്‌ലിസ്റ്റിലാണ്. എന്നാല്‍ എനിക്ക് ആരെയും ഭയമില്ല- എന്നായിരുന്ന പടോലെയുടെ വാക്കുകള്‍.
മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ട് മോദി കയര്‍ത്തെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു ശേഷവും അദ്ദേഹം പാര്‍ട്ടിക്കെതിരേ പരസ്യവിമര്‍ശനം ഉന്നയിക്കുകയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി ചര്‍ച്ചനടത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രാജി. മഹാരാഷ്ട്രയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് താന്‍ ലോക്‌സഭാംഗത്വവും പാര്‍ട്ടി അംഗത്വവും രാജിവയ്ക്കുന്നതെന്ന് പടോലെ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."