പൊന്നമ്മ പഠിപ്പിച്ച മതവും പഠിക്കാത്ത മതവും
ഡല്‍ഹി കേരളഹൗസില്‍ ഹാദിയയുടെ അമ്മ പൊന്നമ്മ പ്രകടിപ്പിച്ച അഭിപ്രായം ചര്‍ച്ചയായില്ല. കാരണം വിശദീകരിക്കേണ്ടതില്ല. തനിക്കും ഭര്‍ത്താവിനും മുസ്‌ലിം കൂട്ടുകാരില്ലെന്നും തങ്ങളുടെ നാട്ടില്‍ മുസ്‌ലിംകളില്ലെന്നും പൊന്നമ്മ പറഞ്ഞു. പിന്നെ പറഞ്ഞതു മകള്‍ മുസ്‌ലിം തീവ്രവാദത്തില്‍ ചേര്‍ന്നതാണ് പ്രയാസമെന്നാണ്.
മകള്‍ക്കു മതം മനസ്സിലാക്കിക്കൊടുത്തവരല്ല അമ്മയ്ക്കു മതം പറഞ്ഞുകൊടുത്തത്. വര്‍ഗീയവാദികളുടെ വായില്‍നിന്നു മതം പഠിച്ചതാവണം പൊന്നമ്മയ്ക്ക് ഇസ്‌ലാം തീവ്രവാദമാണെന്ന തോന്നലുണ്ടാകാന്‍ കാരണം. തുറന്നമനസോടെ മതങ്ങളെ സമീപിക്കാന്‍ ശ്രമിക്കാത്തവര്‍ക്കെല്ലാം പൊന്നമ്മയ്ക്കു പറ്റിയ അബദ്ധം പിണയാതിരുന്നിട്ടില്ല.
വീട്ടിലെ ആറുമാസ തടവിനിടയില്‍ ഘര്‍വാപസിയിലൂടെ സനാതനധര്‍മത്തിലെത്തിക്കാന്‍ അമ്മയുമച്ഛനും കൗണ്‍സലിങ് നടത്തിയെന്നുകൂടി ഹാദിയ പറയുന്നുണ്ട്. ഇവിടെ പ്രകടമായ തീവ്രവാദം മറച്ചുപിടിക്കാനാണു പല മാധ്യമങ്ങളും സാംസ്‌കാരികനായകന്മാരും ശ്രമിച്ചുനോക്കിയത്. സുരക്ഷാ ചുമതലയുള്ള രണ്ടു പൊലിസുകാരികളുടെ സാന്നിധ്യത്തില്‍ നടന്ന ഘര്‍വാപസി വകുപ്പുതല അന്വേഷണംപോലുമില്ലാതെ ആവിയായി.
ആരെയും സത്യസന്ധമായി സമീപിക്കാന്‍ ശ്രമിക്കാത്തവരാണു കുറുക്കുവഴി തേടുന്നത്. ഉത്തര്‍പ്രദേശ് തദ്ദേശ സ്വയംഭരണസ്ഥാപന ഫലം പുറത്തുവന്നു. വോട്ടിങ് യന്ത്രമുപയോഗിച്ചു നഗരസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി 46 ശതമാനം വോട്ടുനേടി. ഗ്രാമപഞ്ചായത്തുകളില്‍ ബാലറ്റ് ഉപയോഗിച്ചപ്പോള്‍ 15 ശതമാനം വോട്ടുമാത്രമേ ബി.ജെ.പിക്കു നേടാനായുള്ളൂ. യന്ത്രവിദഗ്ധരുടെ കരവിരുതിന്റെ പിന്‍ബലത്തിലാണു ബി.ജെ.പി യു.പി പിടിച്ചതെന്ന ആക്ഷേപം നേരത്തെ നിലവിലുണ്ട്. വോട്ടിങ് യന്ത്രം സംഘ്പരിവാര്‍ ശക്തികള്‍ക്ക് അനുകൂലമാക്കി സംവിധാനിക്കാന്‍ സാധ്യത കുറവല്ല.
കാലാവസ്ഥാ വ്യതിയാന മുന്നറിയിപ്പു സംബന്ധിച്ച ഭിന്നാഭിപ്രായങ്ങളാണ് കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങള്‍ പുറത്തുവിട്ടത്. അല്‍ഫോന്‍സ് കണ്ണന്താനം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ടു വിഭിന്നാഭിപ്രായം പറഞ്ഞു. സി.പി.എം എം.എല്‍.എ എന്നതില്‍ നിന്നാണു ബി.ജെ.പി എം.പിയിലേക്കും മന്ത്രിയിലേക്കും മാറിയതെന്നതിനാല്‍ വാക്കിലെ മാറ്റം അപ്രധാനമാണ്. ഉടലോടെ മാറാന്‍ ചര്‍മസമ്പത്തുള്ള കണ്ണന്താനത്തിനു നാവു മാത്രം മാറ്റാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ കണ്ണന്താനം പറഞ്ഞപോലല്ല പറഞ്ഞത്.
മുന്നറിയിപ്പ് കിട്ടിയമുറക്ക് മത്സ്യത്തൊഴിലാളികളെ അറിയിച്ചിരുന്നെങ്കില്‍ മഹാദുരന്തങ്ങള്‍ ഒഴിവാക്കാമായിരുന്നു. പക്ഷേ, ഇരു സര്‍ക്കാരുകളും രാജനീതി നടപ്പാക്കിയില്ല. അതുകൊണ്ടു ജനം പ്രതികരിച്ചു. വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രിയോട് അദ്ദേഹത്തിന്റെ ഭാഷയില്‍ത്തന്നെ ജനം പ്രതികരിച്ചു. അവരും പറഞ്ഞു, 'കടക്കു പുറത്ത് .' ഏറെ പണിപ്പെട്ടു ജനരോഷത്തില്‍നിന്നു രക്ഷപ്പെട്ട പിണറായിയുടെ കരുവാളിച്ച മുഖത്തിനു സെക്രട്ടേറിയറ്റില്‍നിന്ന് അപമാനിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ മുഖവുമായി നല്ല സാമ്യം തോന്നി.
പൂണൂല്‍ ധരിച്ച ശിവഭക്തനാണു രാഹുല്‍ഗാന്ധിയെന്ന വെളിപാട് ഗുജറാത്ത് തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടാണെങ്കില്‍ നല്ല പ്രവണതയല്ല. 69 ശതമാനം വരുന്ന മതേതര വിശ്വാസികളെ അപമാനിക്കലാണത്. രാഷ്ട്രീയം സാധ്യതയുടെ കലയാവാം. ഒരിക്കലും മതാന്ധതയുടെ കലയാക്കരുത്.
അയോധ്യയില്‍ രാമക്ഷേത്ര ശിലാന്യാസം നടത്താന്‍ അനുവാദം നല്‍കിയ അച്ഛന്‍ രാജീവ്ഗാന്ധിയുടെ സാധ്യതാ പരീക്ഷണമാണു കോണ്‍ഗ്രസിനെ കുളം തോണ്ടിച്ചത്. ഈ ചരിത്രപാഠം രാഹുല്‍ പ്രായക്കുറവു കാരണം പഠിക്കാന്‍ വിട്ടുപോകരുതായിരുന്നു. കോണ്‍ഗ്രസ് കര പറ്റാന്‍ പൂണൂലിട്ട ശിവഭക്തനായാല്‍ പോരാ. കറകളഞ്ഞ മതേതരനാവണം.
വീരേന്ദ്രകുമാര്‍ ഇടംവലം വച്ചു ശീലിച്ച നേതാവാണ്. ഇടതു-വലതു സമാസമം രാഷ്ട്രീയമാണെങ്കിലും ഇപ്പോള്‍ വീണ്ടുമൊരു ഇടതുചിന്ത കടന്നുകൂടിയതായി തോന്നുന്നു. ചവിട്ടിപ്പുറത്താക്കിയ കാലവും കാരണവുമാകാം സ്ഥിരശത്രുക്കളില്ലാത്ത രാഷ്ട്രീയത്തില്‍ സ്ഥിരം മിത്രങ്ങളും ഉണ്ടാവണമെന്നില്ല. കോഴിക്കോട്ട് നിര്‍ത്താതെ തോല്‍പ്പിച്ചു. പാലക്കാട്ട് നിര്‍ത്തിയും തോല്‍പ്പിച്ചു. ഇടതു-വലതു ധര്‍മം ഒന്നുതന്നെ.
അമേരിക്കന്‍ പ്രസിഡന്റ് മന്ദബുദ്ധിയാണെന്നാണു വൈറ്റ്ഹൗസ് വക്താക്കള്‍ പറയുന്നത്. റെക്‌സ് ട്രില്ലേഴ്‌സ് ഇക്കൂട്ടത്തില്‍ പ്രമുഖനാണ്. ട്രില്ലേഴ്‌സിന്റെ പണി തെറിക്കുമെന്ന് ഇടയ്ക്കിടെ വാര്‍ത്ത വരുന്നു. വൈറ്റ്ഹൗസ് നിഷേധിക്കുന്നു.
ഹിരോഷിമയും നാഗസാക്കിയും ഇനി ആവര്‍ത്തിക്കരുതെന്നാണ് സുമനസ്സുകളുടെ പ്രാര്‍ഥന. ചരിത്രം കൃത്യമായി കണക്കു ചോദിക്കുമെന്ന ചരിത്രപാഠം ആവര്‍ത്തിക്കാതിരിക്കാനാണു സമാധാനകാംക്ഷികള്‍ക്കാഗ്രഹം. പക്ഷേ, അരപ്പിരിയന്മാരായ ഉത്തരകൊറിയന്‍ പ്രസിഡന്റും അമേരിക്കന്‍ പ്രസിഡന്റും എന്തുത്തരവിടും എന്നെങ്ങനെ പ്രവചിക്കാനാവും.
കലഹമുണ്ടാക്കി ഭരണം പിടിക്കാന്‍ സിംബാബ്‌വേയോളം മികച്ച ഉദാഹരണം കാണാനാവില്ല. 37 കൊല്ലം അധികാരത്തിലിരുന്ന റോബര്‍ട്ട് മുഗാബെയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി വൈസ് പ്രസിഡന്റ് അധികാരത്തിലെത്തി. 1980ലെ കൂട്ടക്കൊലയില്‍ കുറ്റാരോപിതനായ സൈനിക ജനറല്‍ പീരസ് ഷിരായസ് പുതിയ റവന്യൂ മന്ത്രിയുമായി. മറ്റൊരു പട്ടാളജനറല്‍ സിബിസി ലോയോ വിദേശകാര്യ വകുപ്പു മന്ത്രിയുമായി.
ഒരു കുറ്റവാളിയില്‍നിന്നു മറ്റൊരു കുറ്റവാളിയിലേക്ക് അധികാരം കൈമാറുന്നതു മടുപ്പുളവാക്കുന്നു. 93കാരനായ മുഗാബെയെ കുറ്റവിചാരണ ചെയ്യില്ലെന്ന ഉടമ്പടിയുണ്ടാക്കിയാണ് അട്ടിമറിക്കാര്‍ അധികാരക്കസേര ഉറപ്പിച്ചത്. രാഷ്ട്രീയം കങ്കാണിമാരുടെ പരിഷ്‌കൃതകലാരൂപമായി മാറ്റുകയാണ്.
എങ്ങുമെത്താത്ത പാത ഒരുക്കുന്നതില്‍ രാഷ്ട്രീയക്കാര്‍ വന്‍ വിജയം നേടുന്നു. കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാതെ പരിഹരിക്കുമെന്നു പറഞ്ഞുകൊണ്ടേയിരിക്കണമെന്ന് കെ.എം മാണി പി.സി ജോര്‍ജിനെ ഉപദേശിച്ചത് ജോര്‍ജ് തന്നെയാണു പിന്നീടു വെളിപ്പെടുത്തിയത്. മാണി പറഞ്ഞത് അന്നു ജോര്‍ജ് സ്വീകരിച്ചു. പിണങ്ങിയപ്പോള്‍ പരസ്യമായി പറഞ്ഞു. ലക്ഷ്യം വ്യക്തം. അതാണു സമകാലരാഷ്ട്രീയം. കര്‍ഷകരുടെ വിശ്വാസമല്ല പ്രതീക്ഷ. വിപണി വസ്തുവാക്കി ജയിച്ചു കയറലാണ്.
ഡിസംബര്‍ 6 ഒരിക്കല്‍ക്കൂടി കടന്നുപോയി. കാല്‍നൂറ്റാണ്ടായി ആവര്‍ത്തിക്കുന്ന വാര്‍ഷികം. ചിലരതു വൈകാരികമാക്കി. മറ്റു ചിലര്‍ നേട്ടമാക്കി. പള്ളി പൊളിച്ചതു സംബന്ധിച്ച കേസ് ഇതുവരെ തീര്‍പ്പാക്കിയിട്ടില്ല. നാനൂറ്റി അന്‍പതിലധികം കൊല്ലം പള്ളിയായി നിലനിന്ന സ്ഥാപനം വര്‍ഗീയഭ്രാന്തന്മാര്‍ പൊളിച്ചുനിരത്തിയപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു ഹനുമാന്‍ പൂജയിലായിരുന്നു. മുഖ്യമന്ത്രി കല്യാണ്‍സിങ് നല്ല കുട്ടിയും. ലോകം നടുങ്ങിയ ഈ ധ്വംസനം ബി.ജെ.പിക്കിപ്പോഴും മനഃസാക്ഷിക്കുത്തു തോന്നാത്ത സുകൃതകാര്യമാണ്. അമ്പലം പണിയാനുള്ള കൊണ്ടുപിടിച്ച നീക്കത്തിലാണു വര്‍ഗീയശക്തികള്‍.
തിരുനബി (സ)യുടെ 1492ാമത് പിറന്നാള്‍ ലോകത്തെല്ലായിടത്തും കൊണ്ടാടി. പിന്തിരിപ്പന്‍ നിലപാട് സ്വീകരിച്ചുവരാറുള്ള പല സംഘടനകളും ഇക്കുറി ആഘോഷം വേണമെന്ന നിലപാടിലെത്തി. ആത്മീയമതിലുകള്‍ തീര്‍ത്തു സമുദായത്തെ ഉല്‍കൃഷ്ടരാക്കി വളര്‍ത്തിയ പൗരാണികരെ തള്ളിക്കളഞ്ഞു. ശ്മശാനവിപ്ലവം അജന്‍ഡയാക്കിയ മന്ദബുദ്ധികളുടെ ഉല്‍പ്പന്നമായിരുന്നു തീവ്രവാദപ്രസ്ഥാനങ്ങളെല്ലാമെന്നു തിരിച്ചറിഞ്ഞു തുടങ്ങിയതു സ്വാഗതാര്‍ഹം തന്നെ.
അതിനിടെ ചില രാഷ്ട്രീയ പകപോക്കലുകള്‍ക്കു നബിദിന റാലികള്‍ ഉപയോഗപ്പെടുത്താന്‍ ചിലര്‍ നടത്തിയ നീക്കം വേദനാജനകമായി. രാഷ്ട്രീയക്കാര്‍ ദയവായി മതത്തിലിടപെടരുതെന്നു പലകുറി പറഞ്ഞതാണ്. മോഹഭംഗം തീര്‍ക്കാനും ചിലയിടങ്ങളില്‍ കശപിശ ഉണ്ടാക്കാനും നടത്തിയ നീക്കം ഫലത്തില്‍ പ്രവാചകനിന്ദയാണെന്നു പറയാതെ വയ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."