രാജസ്ഥാന്‍ കൊല: പ്രതിയുടെ ആരോപണം നിഷേധിച്ച് യുവതിയും പൊലിസും
ന്യൂഡല്‍ഹി: രാജസ്ഥാനിലെ രാജ്‌സമന്ദില്‍ 'ലൗജിഹാദ്' കെണിയില്‍പ്പെട്ട തന്നെ രക്ഷിക്കാനാണ് ബംഗാള്‍ സ്വദേശിയായ മധ്യവയസ്‌കനെ ചുട്ടുകൊന്നതെന്ന കൊലയാളിയുടെ അവകാശവാദം നിഷേധിച്ച് യുവതി. കൊല്ലപ്പെട്ട മുഹമ്മദ് അഫ്‌റസുലിനെ തനിക്ക് അറിയില്ലെന്നും തന്നെ ആരും പ്രണയക്കെണിയില്‍ കുടുക്കിയിട്ടില്ലെന്നും അനാവശ്യമായാണ് തന്നെ ഈ വിവാദത്തിലേക്ക് വലിച്ചിഴച്ചതെന്നും യുവതി പറഞ്ഞു. കൊലയാളി ശംഭുലാല്‍നാഥ് റെഗാറിനെ രക്ഷാബന്ധന്‍ ദിനത്തില്‍ രാഖി കെട്ടിയിരുന്നു. ഇതല്ലാതെ തനിക്ക് കൊലയാളിയുമായും ബന്ധമില്ലെന്നും 20 കാരി അറിയിച്ചു. തന്റെ പേര് പ്രസിദ്ധീകരിക്കരുതെന്ന നിബന്ധനയോടെയാണ് യുവതി ഇക്കാര്യം മാധ്യമങ്ങളോടു പറഞ്ഞത്.
ലൗ ജിഹാദില്‍ കുടുങ്ങിയ ഹിന്ദു സഹോദരിയെ രക്ഷിക്കാനാണ് കൃത്യംചെയ്യുന്നതെന്നും എല്ലാ ജിഹാദികള്‍ക്കുമുള്ള താക്കീതാണ് ഇതെന്നും ഭീഷണിമുഴക്കിയാണ് അഫ്‌റസുലിനെ ശംഭുലാല്‍ ക്രൂരമായി ആക്രമിച്ച ശേഷം തീയിട്ടുകൊന്നത്. 2010ല്‍ അഫ്‌റസുലിന്റെ നാടായ ബംഗാളിലെ മാള്‍ഡയില്‍ താന്‍ പോയിരുന്നുവെന്ന് സമ്മതിച്ച യുവതി, എന്നാല്‍ അത് മുഹമ്മദ് ബബ്ലു എന്നയാളുടെ കൂടെയായിരുന്നുവെന്നും പറഞ്ഞു.
രണ്ടുവര്‍ഷത്തോളം മാള്‍ഡയില്‍ കഴിഞ്ഞു. പിന്നീട് തന്റെ ഇഷ്ടപ്രകാരമാണ് അവിടെ നിന്നു മടങ്ങിയത്. താനാണ് യുവതിയെ ബംഗാളില്‍ നിന്നു കൊണ്ടുവന്നതെന്ന ശംഭുലാല്‍ നാഥിന്റെ അവകാശവാദവും യുവതി തള്ളി. ശംഭുലാലിന്റെ വാദങ്ങള്‍ പച്ചക്കള്ളമാണെന്നും അവര്‍ പറഞ്ഞു.
ബംഗാളില്‍ എത്തിയ ഉടന്‍, തന്നെ തിരികെകൊണ്ടുവരാനായി അമ്മയില്‍ നിന്ന് പണംവാങ്ങി ശംഭുലാല്‍ മാള്‍ഡയില്‍ വന്നിരുന്നു. എന്നാല്‍ അയാള്‍ക്കൊപ്പം പോവാന്‍ ഞാന്‍ കൂട്ടാക്കിയില്ല.
ഇതോടെ അയാള്‍ തിരിച്ചുപോയി. പിന്നീട് രാജസ്ഥാനിലെ തന്റെ വീട്ടിലേക്കു സ്വന്തം ഇഷ്ടപ്രകാരമാണ് മടങ്ങിയത്. ഇപ്പോള്‍ വീട്ടില്‍ അമ്മയ്ക്കും സഹോദരനും ഒപ്പമാണ് കഴിയുന്നതെന്നും യുവതി കൂട്ടിച്ചേര്‍ത്തു. സംഭവത്തിനു പിന്നില്‍ ലൗജിഹാദ് വിവാദം ഇല്ലെന്ന് രാജ്‌സമന്ദ് ജില്ലാ പൊലിസും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."