വിജയപ്രതീക്ഷയെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും
അഹമ്മദാബാദ്: രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് സമാപിച്ചു. സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് പ്രദേശങ്ങളില്‍ 19 ജില്ലകളില്‍നിന്നായി 89 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് ഇന്നലെ വിധിയെഴുതിയത്.
കച്ച്, സുരേന്ദ്രനഗര്‍, മോര്‍ബി, രാജ്‌കോട്ട്, ജമനഗര്‍, ദ്വാരക, പോര്‍ബന്തര്‍, ജുനഗഢ്, ഗിര്‍ സോമനാഥ്, അംറേലി, ഭാവ്‌നഗര്‍, ബോട്ടാദ്, നര്‍മദ, ബറൂച്ച്, സൂറത്ത്, താപ്പി, ദാങ്‌സ്, നവസാരി, വല്‍സാദ് തുടങ്ങിയവയാണ് ഇന്നലെ വോട്ടെടുപ്പ് നടന്ന പ്രധാന പ്രദേശങ്ങള്‍. ഇവിടങ്ങളിലെ 89 മണ്ഡലങ്ങളിലായി 2.123 കോടി വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇതില്‍ 68 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 2012ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ 70.74 ശതമാനം പേരായിരുന്നു വോട്ട് രേഖപ്പെടുത്തിയിരുന്നത്.
ശതമാനക്കണക്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍നിന്ന് അല്‍പം പിറകോട്ടുപോയെങ്കിലും തെരഞ്ഞെടുപ്പ് ഫലത്തെ പ്രവചിക്കാന്‍ മാത്രം അതു മാറിയിട്ടില്ല. 22 വര്‍ഷമായി ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തില്‍ ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. പട്ടേല്‍ സമുദായക്കാരെയും ദലിതുകളെയും അണിനിരത്തി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി നയിച്ച പ്രചാരണം ബി.ജെ.പിക്ക് വലിയ തോതിലുള്ള അടിയാകുമോയെന്നതു 18ന് അറിയാം. ആകെയുള്ള 182 മണ്ഡലങ്ങളില്‍ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന 89 മണ്ഡലങ്ങളൊഴിച്ചുള്ള 93 ഇടങ്ങളില്‍ 14നാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഇതിനു ശേഷം 18നാണ് രാജ്യം കാത്തിരിക്കുന്ന ഫലപ്രഖ്യാപനം. കേവല ഭൂരിപക്ഷം നേടുന്നതിനു 92 സീറ്റുകളില്‍ വിജയിക്കണം.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തുടക്കംമുതലേ വിവാദങ്ങള്‍ നിറഞ്ഞുനിന്ന ഗുജറാത്തില്‍ മോദി-രാഹുല്‍ വാക്‌പോരിനാണ് സാക്ഷ്യംവഹിച്ചത്. നോട്ടുനിരോധനവും ജി.എസ്.ടിയും യുദ്ധവിമാന ക്രമക്കേടുമെല്ലാം കോണ്‍ഗ്രസ് ആയുധമാക്കി. ഇതിനൊപ്പം ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ ബി.ജെ.പിയുടെ വലിയ വോട്ടുബാങ്കായിരുന്ന പട്ടേല്‍ സമുദായവും ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ദലിത് വിഭാഗവും കോണ്‍ഗ്രസിനു പിന്നില്‍ നിലയുറപ്പിച്ചതോടെ ബി.ജെ.പി ശരിക്കും പ്രതിരോധത്തിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന പ്രചാരണ പരിപാടികളില്‍ ശ്രോതാക്കള്‍ കുറവായതും ബി.ജെ.പിക്ക് തിരിച്ചടിയായി.
ആദ്യഘട്ട വോട്ടെടുപ്പിലെ പോളിങ് ശതമാനം ബി.ജെ.പി ജയിക്കുമെന്ന സൂചനയാണ് നല്‍കുന്നതെന്ന വാദവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിട്ടുണ്ട്. ഗുജറാത്തിനു നന്ദിപറഞ്ഞ അദ്ദേഹം, ബി.ജെ.പി വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അവകാശപ്പെട്ടു. എന്നാല്‍, ഇത്തവണ ഗുജറാത്ത് മാറിച്ചിന്തിക്കുമെന്നായിരുന്നു അഹമ്മദ് പട്ടേല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.
22 വര്‍ഷമായി ബി.ജെ.പി ഭരിക്കുന്ന മോദിയുടെ സ്വന്തം ഗുജറാത്ത് പാര്‍ട്ടിയെ കൈവിട്ടാല്‍ അതു പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള വലിയ തിരിച്ചടിയായിരിക്കും. കോണ്‍ഗ്രസിനു നേട്ടമുണ്ടായാല്‍ അതു രാഹുല്‍ ഗാന്ധിയെന്ന നേതാവിന്റെയും കോണ്‍ഗ്രസിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിനും കാരണമാകും.
കോണ്‍ഗ്രസ് തന്റെ പിതൃത്വം ചോദ്യംചെയ്യുന്നെന്ന് മോദി
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ 'ഗുജറാത്തി' കാര്‍ഡുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസുകാര്‍ തന്റെ പിതൃത്വം ചോദ്യംചെയ്യുകയാണെന്നു പറഞ്ഞ അദ്ദേഹം, താന്‍ ഗുജറാത്തിയും താഴ്ന്ന ജാതിക്കാരനും ആയതുകൊണ്ടാണോ അതെന്നും ചോദിച്ചു. ലുണാവാഡയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ പരാമര്‍ശത്തെയും മോദി വിഷയമാക്കി. ശത്രുക്കളെക്കുറിച്ചുപോലും അത്തരം വാക്കുകള്‍ ഉപയോഗിക്കുമോ എന്നു ചോദിച്ച അദ്ദേഹം, ഇന്ത്യയാണ് തന്റെ പിതാവും മാതാവുമെന്നും പറഞ്ഞു.
അതേസമയം, മോദിക്കെതിരേ മോശം പദപ്രയോഗം നടത്തിയ മണിശങ്കര്‍ അയ്യരെ നേരത്തെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്യുകയും സംഭവത്തില്‍ അദ്ദേഹം മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."