കേരളാ ബാങ്ക്: ഉദ്യോഗസ്ഥരെ 'പെരുമാറ്റം പഠിപ്പിക്കാന്‍' പരിശീലന പദ്ധതി
തൊടുപുഴ: കേരളാ ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന - ജില്ലാ സഹകരണ ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥരെ 'പെരുമാറ്റം പഠിപ്പിക്കാന്‍' രണ്ട് കോടിയോളം രൂപ ചെലവഴിച്ച് തീവ്ര പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്കും സീനിയര്‍ ഓഫീസര്‍മാര്‍ക്കുമാണ് പെരുമാറ്റ ശാസ്ത്രത്തില്‍ പരിശീലനം നല്‍കുന്നത്. ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ അപ്ലൈഡ് ബിഹേവിയറല്‍ സയന്‍സ് (ഇസാബ്‌സ്) എന്ന ഏജന്‍സിയുടെ ഫാക്കല്‍റ്റികളാണ് പരിശീലനം നല്‍കാന്‍ എത്തുന്നത്. ഓരോ ഫാക്കല്‍റ്റിക്കും പ്രതിദിനം അനുവദിക്കുന്നത് 10,000 രൂപ വീതമാണ്. കൂടാതെ വിമാനക്കൂലിയായി 10,000 രൂപയും ഭക്ഷണത്തിനും താമസത്തിനുമായി പ്രതിദിനം 1250 രൂപയും അനുവദിക്കും.
ആദ്യഘട്ടമായി രണ്ട് ബാച്ചുകളില്‍ 16 പേര്‍ക്കാണ് അഞ്ച് ദിവസത്തെ പരിശീലനം നല്‍കുന്നത്. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി ഓരോ ബാങ്കില്‍ നിന്നും 75 പേര്‍ക്ക് വീതം പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഒരു ജീവനക്കാരന് പരിശീലനം നല്‍കാന്‍ ചെലവഴിക്കുന്നത് 15,000 രൂപയാണ്. ഓരോ ജില്ലാ ബാങ്കുകളും പരിശീലനത്തിനായി 11,25,000 രൂപാ വീതം നല്‍കണം. ജില്ലാ ബാങ്കുകളില്‍ നിന്നും തുക പിരിച്ചെടുക്കാനുള്ള ചുമതല കേരളാ ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിനായിരിക്കുമെന്ന് സഹകരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി.എസ്. രാജേഷിന്റെ ഉത്തരവില്‍ പറയുന്നു. ആധുനിക ബാങ്കിങ് സംവിധാനം വരുമ്പോള്‍ സംസ്ഥാന - ജില്ലാ സഹകരണ ബാങ്കുകളിലെ ഉദ്യോഗസ്ഥരെ പുനരുദ്ധരിക്കേണ്ടതുണ്ടെന്ന് ടാസ്‌ക് ഫോഴ്‌സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇവരുടെ സ്വഭാവ രൂപീകരണം ഇതില്‍ മുഖ്യഘടകമാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇസാബ്‌സിന്റെ പരിശീലന പദ്ധതി.
കേരളാ ബാങ്ക് രൂപീകരണം സാക്ഷാത്ക്കരിക്കാന്‍ സര്‍ക്കാര്‍ വാരിക്കോരി ചെലവിടുകയാണ്. ടാസ്‌ക് ഫോഴ്‌സിനായി നോണ്‍ പ്ലാന്‍ ശീര്‍ഷകത്തില്‍ അനുവദിച്ചിരിക്കുന്നത് ഒരു കോടി രൂപയാണ്. ദൈനംദിന ചെലവുകള്‍ക്കായി ഒരു ലക്ഷം രൂപ ഇംപ്രസ്റ്റ് മണിയായി നല്‍കുന്നുണ്ട്. ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളുടെ പ്രതിമാസ ശമ്പളയിനത്തില്‍ മാത്രം പൊടിക്കുന്നത് 20 ലക്ഷത്തോളം രൂപയാണ്.
ജീവനക്കാരുടെ ആശങ്കകളും ട്രേഡ് യൂനിയനുകളുടെ പ്രതിഷേധവും രാഷ്ട്രീയ വിയോജിപ്പുകളും കാര്യമായി നടക്കുമ്പോഴും കേരളാ ബാങ്കിനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് വേഗത കുറഞ്ഞിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് ഓരോ നടപടിയും അവലോകനം ചെയ്യുന്നത്. ആഴ്ചയില്‍ ഒന്നിലധികം തവണ അവലോകന യോഗങ്ങള്‍ നടക്കുന്നുണ്ട്. പല ഘട്ടങ്ങളായാണ് നടപടികള്‍ പുരോഗമിക്കുന്നത്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സഹകരണ വകുപ്പ് മന്ത്രിയും ചീഫ് സെക്രട്ടറിയുമാണ് ഭരണപരമായ നടപടികള്‍ നീക്കുന്നത്. പ്രായോഗികതലത്തിലുള്ള കാര്യങ്ങള്‍ നീക്കുന്നത് ടാസ്‌ക് ഫോഴ്‌സാണ്. അതിനിടെ കേരളാ ബാങ്ക് രൂപീകരണത്തിനെതിരേ ഒരു വിഭാഗം ജില്ലാ ബാങ്ക് ജീവനക്കാരും ഓഹരി ഉടമകളും പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷനും സംയുക്തമായി ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."