ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തി ഗോവ
പനാജി: ആദ്യ പകുതിയില്‍ കാണിച്ച പ്രകടന മികവ് രണ്ടാം പകുതിയില്‍ കൈവിട്ട കേരള ബ്ലാസ്റ്റേഴ്‌സ് അതിന് കനത്ത വില നല്‍കേണ്ടി വന്നു. ഫലം ഗോവയ്‌ക്കെതിരായ ഐ.എസ്.എല്‍ എവേ പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്‌സിന് 5-2ന്റെ കനത്ത തോല്‍വി. എട്ട് മിനുട്ടിനിടെ മൂന്ന് വട്ടം ബ്ലാസ്റ്റേഴ്‌സ് വല ചലിപ്പിച്ച ഫെറാന്‍ കൊറോമിനസിന്റെ മാരക ഫോമാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടി തെറ്റിച്ചത്. ആ ഷോക്കില്‍ നിന്ന് ഒരിക്കല്‍ പോലും മടങ്ങിയെത്താന്‍ കൊമ്പന്‍മാര്‍ക്ക് സാധിച്ചില്ല. ആദ്യ മൂന്ന് മത്സരങ്ങളിലും സമനില വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് സീസണില്‍ നേരിടുന്ന ആദ്യ തോല്‍വിയാണിത്.
മത്സരത്തിന്റെ നാലാം മിനുട്ടില്‍ തന്നെ പരുക്കേറ്റ് ദിമിത്രി ബെര്‍ബറ്റോവ് കളം വിട്ടതും കേരള ടീമിന് തിരിച്ചടിയായി. ഗോവയ്ക്കായി കൊറോമിനസ് ഹാട്രിക്ക് തികച്ചപ്പോള്‍ ലാന്‍സറോറ്റെ ബ്രുണോ ഇരട്ട ഗോളുകള്‍ നേടി. ബ്ലസ്റ്റേഴ്‌സിനായി മാര്‍ക് സിഫ്‌നിയോസ്, ജാക്കിചന്ദ് സിങ് എന്നിവരാണ് വല ചലിപ്പിച്ചത്. ജയത്തോടെ നാല് കളികളില്‍ മൂന്നാം വിജയം സ്വന്തമാക്കി ഗോവ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. സസ്‌പെന്‍ഷന്‍ കാരണം മലയാളി മുന്നേറ്റ താരം സി.കെ വിനീതിന്റെ അഭാവത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്.
സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഗോളടിക്കാന്‍ മറന്നു പോയ ബ്ലാസ്റ്റേഴ്‌സ് മൂന്നാം മത്സരത്തില്‍ മാര്‍ക് സിഫ്‌നിയോസിലൂടെ അക്കൗണ്ട് തുറന്നിരുന്നു. ഇന്നലെ ഗോവയ്‌ക്കെതിരേ ഏഴാം മിനുട്ടില്‍ വല ചലിപ്പിച്ച് ബ്ലാസ്റ്റേഴ്‌സിനെ സിഫ്‌നിയോസ് തന്നെ മുന്നിലെത്തിച്ചു. ക്ലോസ്‌റേഞ്ച് ഷോട്ടിലൂടെയാണ് താരം വല ചലിപ്പിച്ചത്. രണ്ട് മിനുട്ടിനുള്ളില്‍ ബ്രുണോയിലൂടെ ഗോവയുടെ മറുപടിയെത്തി. 18ാം മിനുട്ടില്‍ താരം തന്റെ രണ്ടാം ഗോളിലൂടെ ഗോവയുടെ ലീഡുയര്‍ത്തി. എന്നാല്‍ 30ാം മിനുട്ടില്‍ ചാക്കിചന്ദ് സിങ് ബ്ലാസ്റ്റേഴ്‌സിന് സമനില സമ്മാനിച്ചു. അടിക്ക് തിരിച്ചടിയുമായി ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയില്‍ കളി മാറി. രണ്ടാം പകുതി തുടങ്ങി രണ്ട് മിനുട്ടുകള്‍ പിന്നിട്ടപ്പോള്‍ തന്നെ കൊറോമിനസ് ഗോവയ്ക്ക് മൂന്നാം ഗോള്‍ സമ്മാനിച്ച് ലീഡുയര്‍ത്തി. 51ാം മിനുട്ടില്‍ കൊറോമിനസ് തന്റെ രണ്ടാം ഗോളിലൂടെ ഗോവയുടെ സ്‌കോര്‍ നാലിലെത്തിച്ചു.
മൂന്ന് മിനുട്ടിനുള്ളില്‍ താരം തന്റെ ഹാട്രിക്ക് തികച്ച് ഗോവയുടെ പട്ടിക അഞ്ചിലെത്തിച്ചു. സീസണില്‍ നാല് കളികളില്‍ നിന്ന് കൊറോമിനസ് നേടുന്ന രണ്ടാം ഹാട്രിക്കാണിത്. നേരത്തെ ബംഗളൂരു എഫ്.സിക്കെതിരേയാണ് താരം ഹാട്രിക്ക് തികച്ചത്. ബ്ലാസ്റ്റേഴ്‌സിനെതിരായ മൂന്ന് ഗോള്‍ നേട്ടത്തോടെ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ബഹുദൂരം മുന്നിലെത്താനും കൊറോയ്ക്കായി. ഏഴ് ഗോളുകളാണ് നാല് കളികളില്‍ നിന്ന് താരം എതിര്‍ പോസ്റ്റില്‍ നിക്ഷേപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."